ഇമ്രാൻ ഖാനെ 'വിലക്കാന്‍' ഇസ്‍ലാമാബാദിൽ റാലികൾക്കും പ്രകടനങ്ങൾക്കും നിരോധനം

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വൻ പ്രക്ഷോഭത്തിന് പാകിസ്ഥാന്‍ തെഹരീകെ ഇൻസാഫ് (പിടിഐ) നേതാവും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാൻ ഖാൻ ഒരുങ്ങുന്നത് മുന്നില്‍ കണ്ടാണ്‌ പാക് സര്‍ക്കാരിന്റെ നടപടി

ഇമ്രാൻ ഖാനെ

ഇസ്‍ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കും പ്രകടനങ്ങൾക്കും നിരോധനം. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വൻ പ്രക്ഷോഭത്തിന് പാകിസ്ഥാന്‍ തെഹരീകെ ഇൻസാഫ് (പിടിഐ) നേതാവും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാൻ ഖാൻ ഒരുങ്ങുന്നത് മുന്നില്‍ കണ്ടാണ്‌ പാക് സര്‍ക്കാരിന്റെ നടപടി. ഇമ്രാൻ ഖാന്‍റെ മുന്നൊരുക്കങ്ങള്‍ക്ക് ശക്തമായ വിലങ്ങുതടിയായി മാറുകയെന്ന ലക്ഷ്യത്തോട് കൂടിയായി അടുത്ത രണ്ടു മാസത്തേക്കാണ് ഇസ്‍ലാമാബാദിൽ രാഷ്ട്രീയ പരിപാടികള്‍ക്ക്  വിലക്കേർപ്പെടുത്തിയിരിക്കുന്നത്.


നവംബർ രണ്ടിന്  ഇസ്‌ലാമാബാദ് സ്തംഭിപ്പിക്കാനാണ് പിടിഐയുടെ നീക്കം. ബ്രിട്ടനിൽ ഷരീഫ് കുടുംബം കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ രേഖകൾ പാനമ പേപ്പേഴ്സ് പുറത്തുവിട്ടിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം നവാസ് ഷെരീഫ് ഏറ്റെടുക്കുന്നതുവരെ പാക് സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാൻ ഖാന്റെ പാർട്ടി തലസ്ഥാന നഗരം സ്തംഭിപ്പിക്കാൻ ഒരുങ്ങുന്നത്. വിലക്കിന്റെ പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി നടപടികളുമായി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകള്‍ വീക്ഷിക്കുന്നത്.