പൊതുമേഖലാ സ്ഥാപന മേധാവിയായി ലീഗ് നോമിനിക്ക് തുടരാന്‍ അനുമതി; അന്ന് പാണക്കാട്ടെ ശുപാർശയെങ്കിൽ ഇന്ന് ശ്രീമതിയുടെ മകൻ വഴി

2001-2006 ൽ എം കെ മുനീറിന്റെ പേഴ്‌സണല്‍ സ്റ്റാഫ്. തുടർന്ന് വി.എസ്. സർക്കാർ വന്നപ്പോൾ വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡി. ഉമ്മൻ ചാണ്ടി വന്നപ്പോൾ ആ സ്ഥാനവും ജെന്‍ഡര്‍ പാര്‍ക്കിന്റെ അധിക ചുമതലയും. ഇപ്പോൾ വീണ്ടും ജെൻഡർ പാർക്ക് മേധാവി. മലപ്പുറത്തെ സി പി എമ്മിന്റെ തലചുറ്റിക്കുകയാണ് ഈ മുസ്ലിം ലീഗുകാരൻ പിണറായി ഭരണത്തിലും.

പൊതുമേഖലാ സ്ഥാപന മേധാവിയായി ലീഗ് നോമിനിക്ക് തുടരാന്‍ അനുമതി;  അന്ന് പാണക്കാട്ടെ ശുപാർശയെങ്കിൽ ഇന്ന് ശ്രീമതിയുടെ മകൻ വഴി

കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ ജെന്‍ഡര്‍ പാര്‍ക്കിന്റെ സി ഇ ഒ ആയി ലീഗ് നോമിനിയായ പി ടി മുഹമ്മദ് സുനീഷിന് തുടരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി. 2006 ല്‍ പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെയാണ് ബികോം മൂന്നാം ക്ലാസ് ബിരുദം മാത്രമുള്ള സുനീഷിനെ വനിതാ വികസന കോര്‍പ്പറേഷന്റെ മേധാവിയായി നിശ്ചയിച്ചത്. പി കെ ശ്രീമതിയുടെ മകനുമായുള്ള അടുപ്പമാണ് വീണ്ടും സ്ഥാനത്തു തുടരാൻ സുനീഷിന് സഹായകമായതെന്നറിയുന്നു.


2001-2006 യു ഡി എഫ് ഭരണത്തില്‍ എം കെ മുനീറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു മലപ്പുറം സ്വദേശിയായ സുനീഷ്. തുടർന്ന് എൽ ഡി എഫ് സർക്കാർ വന്നപ്പോൾ വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡിയായി. യു ഡി എഫ് വന്നപ്പോഴും ആ സ്ഥാനത്ത് തുടർന്നു. ജെന്‍ഡര്‍ പാര്‍ക്കിന്റെ അധിക ചുമതലയും ലഭിച്ചു.

പിണറായി സര്‍ക്കാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡിയായി പി കെ ചന്ദ്രാനന്ദന്റെ മകളെ നിയമിക്കുന്നതിന്റെ ഭാഗമായി സുനീഷിന് ആ സ്ഥാനം നഷ്ടമായി. എന്നാല്‍ കെ കെ കെ ശൈലജയുടെ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ മേധാവിയായി തുടരാന്‍ അനുമതി നല്‍കിയിരിക്കുകയാണ് പിണറായി സർക്കാർ.

പാണക്കാട്ടെ വിശ്വസ്തൻ എൽ ഡി എഫിനും നല്ല പുള്ളി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പ്രൈവറ്റായാണ് സുനീഷ് ബി കോം പാസ്സായത്. എംഎസ്എഫ് പ്രവർത്തകനായിരുന്നു. ബിരുദം നേടിയ ശേഷം സൗദിയില്‍ സ്വകാര്യ പോളി ക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു. സൗദിയിൽ പോകുംമുമ്പാണ് പേരില്‍ മുഹമ്മദ് എന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ  കൂട്ടിച്ചേര്‍ത്തത്. 1997 ല്‍ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം രാഷ്ട്രീയത്തിനൊപ്പം വണ്ടിക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു.

ഈ ഇടയ്ക്ക് പാണക്കാട് കുടുംബവുമായി അടുത്തു. മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള മഞ്ചേരിയിലെ സഹകരണ ബാങ്കില്‍ ജോലി നേടി. 2001 ല്‍ യു ഡി എഫ് മന്ത്രിസഭ വന്നപ്പോള്‍ മുനീറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതനായതും പാണക്കാട് കുടുംബത്തിൽ നിന്നുള്ള ശുപാർശയിലൂടെയാണ്. 2006ല്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ ജീവനക്കാരനായതും അതേ വഴിക്കുതന്നെ. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോൾ ഇതേ സുനീഷ് വനിതാ വികസന കോര്‍പ്പറേഷൻ എം ഡി യായി ഉയർത്തപ്പെട്ടു! യു ഡി എഫ് സർക്കാരിലും ആ പദവി തുടരുകയും ചെയ്തു!

വിദ്യാഭ്യാസയോഗ്യത  അന്ന് വിവാദം

സുനീഷിന്റെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പല ഘട്ടത്തിലും പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അതിനിടയിലാണ് തമിഴ്‌നാട്ടിലൊരു സര്‍വകലാശാലയില്‍നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ എം ബി എ ബിരുദം കരസ്ഥമാക്കിയത്. നാലുവര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടി.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, പേരിന് മുമ്പിലെ മുഹമ്മദ് ബാധ്യതയാകുമെന്ന് കണ്ടതുകൊണ്ടോ എന്തോ, പേര് പി ടി എം സുനീഷ് എന്നാക്കി ചുരുക്കി.

തെറിച്ച സ്ഥാനത്തേക്ക് ഇരട്ടി ബലത്തിൽ മടക്കം

വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുത്സുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ സുനീഷിനെ എം ഡി സ്ഥാനത്ത് നിന്ന് യുഡിഎഫ് സർക്കാർ മാറ്റിയിരുന്നു. ആ കാലഘട്ടത്തിലാണ്  ജന്‍ഡര്‍ പാര്‍ക്ക് സി ഇ ഒ ആയി നിയമിതനായത്. ഏറെക്കഴിയുംമുമ്പ് വനിതാ വികസന കോര്‍പ്പറേഷന്റെ എം ഡി സ്ഥാനത്തെക്ക് സുനീഷ് തിരിച്ചെത്തി. ജന്‍ഡര്‍ പാര്‍ക്ക് സി ഇ ഒ സ്ഥാനത്ത് തുടരുകയും ചെയ്തു!

തലവേദന മലപ്പുറത്തെ സിപിഐഎമ്മിന്

സുനീഷ് തല്‍സ്ഥാനത്ത് തുടരുന്നതിനെതിരെ സിപിഎമ്മിൽ വലിയ എതിർപ്പുണ്ട്. മുസ്ലിംലീഗ് നോമിനിയെ വീണ്ടും തുടരാനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗ്യരായ പാര്‍ട്ടി അനുഭാവികള്‍ ഉണ്ടെന്നിരിക്കെ സുനീഷിനെ വീണ്ടും നിശ്ചയിച്ചത് ശരിയായില്ലെന്നാണ് പാർട്ടിയിലെ പൊതു അഭിപ്രായം എന്നും മലപ്പുറത്തെ പ്രമുഖ സി പിഐ എം നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു.

Edited by E.Rajesh

Read More >>