മാറാടുണ്ടായപ്പോൾ പോലും കാണാത്ത ജാഗ്രത! ഈ ഗവർണറെ കരുതിത്തുടങ്ങാം നമുക്കിനി

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രക്ക് മുറിവുണ്ടാക്കിയ ഒന്നു മാറാട് പരമ്പര പോലെ ഉണ്ടായിട്ടില്ല. പത്തു പതിനഞ്ചു കൊല്ലമേ ആയിട്ടുള്ളൂ ആ ഹീനഹത്യകൾ നടന്നിട്ട്. ഹിന്ദുവും മുസൽമാനുമന്ന് കോഴിക്കോട്ടെ പ്രാചീന തുറമുഖ ദേശത്ത് തമ്മിൽ വെട്ടി. അന്ന് രാജ്യം ഭരിച്ചിരുന്നത് താങ്കളെ കേരളത്തിലെ കേന്ദ്ര സർക്കാരിന്റെ പ്രതിപുരുഷനായി നിയമിച്ച ബി.ജെ.പി. സർക്കാരാണ്. കേരളം ഭരിച്ചിരുന്നത് ഇന്ന് താങ്കൾക്കൊപ്പം കേരളത്തിലെ ക്രമസമാധാന പ്രശ്നത്തെക്കുറിച്ച് കേഴുന്ന കോൺഗ്രസ് - മുസ്ലിംലീഗ് നേതാക്കളാണ്.

മാറാടുണ്ടായപ്പോൾ പോലും  കാണാത്ത ജാഗ്രത! ഈ ഗവർണറെ കരുതിത്തുടങ്ങാം നമുക്കിനി

കേരളത്തിനിത്തിരി മറവി കൂടുതലാണെന്ന് രാഷ്ട്രീയക്കാർക്കൊക്കെ അറിയാം. ജനതയുടെ മറവി വിപൽക്കരമാണെന്നു കരുതുന്നവരായി വിശ്വസിക്കപ്പെടുന്ന ഇടതുപക്ഷ നേതൃത്വം പോലും ജനത എല്ലാം വേഗം മറന്നോളുമെന്ന് ആശ്വസിക്കുന്ന കാലത്ത് സംഘപരിവാർ ആരെ ഭയക്കണം! അതുകൊണ്ടവർ ജനാധിപത്യത്തിന്റെ കാവലാളെന്നു നടിക്കും. ജസ്റ്റിസ് സദാശിവമെന്ന കേരള ഗവർണറെ അവതരിപ്പിച്ചതുതന്നെ ജനാധിപത്യത്തിന് ഹാനി പറ്റുമ്പോൾ ധർമ്മ സംസ്ഥാപനത്തിനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.


കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊലപാതകം നടന്നു. മറുപക്ഷം തിരിച്ചടിച്ച് മറ്റൊരു കൊലപാതകം നടത്തി. പതിവുപോലെ ഹർത്താലും അനുഷ്ഠിച്ചു. കേരളത്തിനു മതിയായിട്ടുണ്ട് ഈ കൊലപാതക രാഷ്ട്രീയവും മടക്കിക്കൊലപാതക രാഷ്ട്രീയവും. എന്താണിതിനൊരു പരിഹാരമെന്ന് കേരളം എത്രയോ നാളായി നീറുന്നുമുണ്ട്.

സോറി, ശ്രീ. ഗവർണർ. താങ്കൾ ഡയറക്ടർ ജനറൽ ഓഫ് പൊലീസിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത് കർത്തവ്യ നിർവഹണം തന്നെയെന്ന് ഞങ്ങൾ വിശ്വസിക്കാം. പക്ഷെ, ആ വിളിച്ചന്വേഷണത്തിൽ കേരളത്തിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ഒരു നീതിമാന്റെ ആധിയുണ്ടെന്ന് ദയവായി ഞങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കരുത്. ന്യായാധിപർ സർവീസിൽ നിന്നു പിരിഞ്ഞാലും ന്യായത്തിന്റെ കാവൽക്കാരാകുമെന്ന് വിശ്വസിപ്പിച്ചിരുന്ന അവസാനത്തെ ആളും മണ്ണിനടിയിൽ പൊയ്ക്കഴിഞ്ഞു കേരളീയർക്ക്. വി.ആർ.കൃഷ്ണയ്യരെന്നായിരുന്നു ആ 'അന്ത്യ ന്യായാധിപ'ന്റെ പേര്.

ക്ഷമാപണം എന്തിനെന്നാൽ, കേരളം ഓർക്കുന്ന രണ്ടു സമീപകാലകാര്യങ്ങൾ താങ്കളുടെ 'ആധി'യെ അവിശ്വസിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു. ഒന്ന്, കേരളം ഞെട്ടിത്തെറിച്ചു പോയ മാറാട്ടെ കൂട്ടക്കൊല പരമ്പര. രണ്ട്, വിഖ്യാതമായ താങ്കളുടെ നിയമനത്തിന്റെ ചരിത്രം.

മാറാട് മുറിഞ്ഞു നീറിയപ്പോൾ ക്രമസമാധാനം ശാന്തമായിരുന്നോ?

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രക്ക് മുറിവുണ്ടാക്കിയ ഒന്നു മാറാട് പരമ്പര പോലെ ഉണ്ടായിട്ടില്ല. പത്തു പതിനഞ്ചു കൊല്ലമേ ആയിട്ടുള്ളൂ ആ ഹീനഹത്യകൾ നടന്നിട്ട്. ഹിന്ദുവും മുസൽമാനുമന്ന് കോഴിക്കോട്ടെ പ്രാചീന തുറമുഖ ദേശത്ത് തമ്മിൽ വെട്ടി. എണ്ണവും കണക്കും ഓർക്കാൻ ഞങ്ങൾ കോഴിക്കോട്ടുകാരെങ്കിലും ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കുറെ വിയർപ്പൊഴുക്കിയിട്ടുണ്ട് ഹിന്ദുവും മുസൽമാനും മതരഹിതരുമെല്ലാം ഉൾപ്പെട്ട കോഴിക്കോട്ടെ ജനത ആ മുറിവിൽ നിന്നും കേരളത്തിൽ മറ്റെങ്ങോട്ടും ചോര പടരാതിരിക്കാൻ.

അന്ന് രാജ്യം ഭരിച്ചിരുന്നത് താങ്കളെ കേരളത്തിലെ കേന്ദ്ര സർക്കാരിന്റെ പ്രതിപുരുഷനായി നിയമിച്ച ബി.ജെ.പി. സർക്കാരാണ്. കേരളം ഭരിച്ചിരുന്നത് ഇന്ന് താങ്കൾക്കൊപ്പം കേരളത്തിലെ ക്രമസമാധാന പ്രശ്നത്തെക്കുറിച്ച് കേഴുന്ന കോൺഗ്രസ് - മുസ്ലിംലീഗ് നേതാക്കളാണ്. അവർ 'സംഘർഷം പടരാതിരിക്കാനുള്ള ചർച്ചകളിൽ' മധ്യസ്ഥനായി ഇടപെടുവിച്ചുകൊണ്ടിരുന്നത് മാറാട്ടെ സംഘർഷങ്ങളിൽ പല റോളുകളിൽ ഇടപെട്ടുകൊണ്ടിരുന്ന ഇന്നത്തെ ബി.ജെ.പി. സംസ്ഥാനധ്യക്ഷൻ കുമ്മനം രാജശേഖരനെയാണ്. കുമ്മനം അന്ന് ബിജെപിയല്ല, ഹിന്ദു ഐക്യവേദി നേതാവാണ്!

കൊല ചെയ്തവരും തിരിച്ചടിക്കൊല ചെയ്തവരുമൊക്കെ ഒരുമിച്ചിരുന്ന് ചർച്ച നടത്തിക്കൊണ്ടിരുന്ന കാലത്ത് കേരളം ഉരുകിക്കൊണ്ടിരുന്ന ഉരുക്കം ഓർക്കുന്നവരൊക്കെയൊന്നും മണ്ണടിഞ്ഞു പോയിട്ടില്ല കേരളത്തിൽ. സി.ബി.ഐ. അന്വേഷണം വേണമെന്നും വേണ്ടെന്നും പറഞ്ഞുള്ള അന്തർനാടകങ്ങൾ, സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടിരു ന്ന ബി.ജെ.പി.യുടെ പ്രമുഖ നേതാവു തന്നെ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങൾ, ഈ നേതാവിനെ ഗ്രൂപ്പുകളിയിൽ ഒതുക്കാൻ യുവനേതാവ് മാധ്യമ പ്രവർത്തകരുമായി നടത്തിയ രഹസ്യ ഓപ്പറേഷനുകൾ തുടങ്ങി എന്തൊക്കെ പുകിലുകളായിരുന്നു അന്ന്! സിബിഐ അന്വേഷിക്കണമെന്നു ശഠിച്ച കുമ്മനംജിയും സിബിഐ അന്വേഷണം എന്തിനാണെന്നു പതം പറഞ്ഞ കുഞ്ഞാലിക്കുട്ടി സാഹിബും തമ്മിലുള്ള കെട്ടിപ്പിടുത്തങ്ങളായിരുന്നു അന്നത്തെ ഹൈലൈറ്റ്സ്.

എന്നാൽ, ആരും പറഞ്ഞുകേട്ടില്ല കേരളത്തിലെ ക്രമസമാധാനം ആപത്തിലെന്നും പട്ടാളമിറങ്ങണമെന്നുമുള്ള ആവശ്യങ്ങൾ. ഗവർണർ ഒരാധിയും പ്രകടിപ്പിച്ചതായി ആരുമോർക്കുന്നില്ല. ഇ എംഎസിന്റെ സർക്കാരിനോടു ചെയ്തത് ചെയ്യണമെന്നാർക്കും 'വിമോചനബുദ്ധി' തെളിഞ്ഞു കണ്ടില്ല.

അന്ന് ഇരുസംഭവങ്ങളിൽ ഓരോന്നിലും ചോരവാർന്നു തീർന്നു പോയത് ഒരു കയ്യിലൊന്നും എണ്ണാനാവാത്തത്ര പേരാണ്. ഇന്നത്തെപ്പോലെ രണ്ടു പേരല്ല. ഇന്നത്തെപ്പോലെ രണ്ടു രാഷട്രീയകക്ഷികൾ തമ്മിലെ വെട്ടല്ല. ഒലിച്ചുതുടങ്ങിയാൽ ചോര നിലച്ചില്ലെങ്കിലോ എന്ന് കേരളീയർ എന്നും ഭയക്കുന്ന വർഗീയ കലാപമാണ്.

ഈ ' ന്യായമൂർത്തി'യെ സംശയിക്കാൻ ന്യായങ്ങളുണ്ട്


അന്നു കാണാത്തൊരാധി ഗവർണർ പദവിയിലിരിക്കുന്നൊരാളിൽ നിന്നും ഇന്നുയരാനെന്തേ? ശ്രീ. സദാശിവം, ഞങ്ങളെ താങ്കളെ സംശയിക്കാൻ അനുവദിച്ചാലും. കക്ഷിരാഷ്ട്രീയ യുദ്ധംവെട്ടുകളിയിൽ നെഞ്ചു കല്ലച്ചുപോയ ഞങ്ങൾ കേരളക്കാർ, ന്യായമൂർത്തിയായി താങ്കളെ കരുതാമായിരുന്നു, ഇപ്പറയുന്ന ഇരുണ്ടൊരു ചരിത്രം താങ്കളുടെ ഗവർണർ പദവിക്കു പിന്നിൽ ഇല്ലായിരുന്നെങ്കിൽ.

സ്ഥാനമേറ്റെടുക്കുമെന്നും ഇല്ലെന്നും താങ്കളെപ്പറ്റി ഊഹാപോഹങ്ങൾ ഉണർന്ന കാലം ഓർമ്മിക്കും മുമ്പ് സുപ്രീം കോടതി വളപ്പിൽ രാജ്യത്തെ ചീഫ് ജസ്റ്റിസുമാർ യോഗം ചേർന്നു നടത്തിയ പ്രഖ്യാപനങ്ങളുടെ സാരാംശം മറവിക്കാരായ ഞങ്ങളൊന്ന് ഓർത്തുനോക്കട്ടെ. 'ജുഡീഷ്യൽ ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും പുന:പ്രഖ്യാപനം' എന്നു പേരിട്ട് താങ്കളുൾപ്പെട്ട നീതികർത്താക്കളുടെ സമൂഹം 1999 ഡിസംബർ 3-4 ദിവസങ്ങളിൽ സമ്മേളനം ചേർന്ന് പ്രഖ്യാപിച്ചവയിൽ സുപ്രധാനമായതൊന്ന് ഇതായിരുന്നു:

'ജുഡീഷ്യൽ പരിഗണനയിൽ വരാവുന്നതോ അല്ലാത്തതോ ആയ രാഷ്ട്രീയകാര്യങ്ങളിലൊന്നും ഒരു ന്യായാധിപൻ പരസ്യമായി ഇടപെടുകയോ സ്വാഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യരുത്.'

'ജുഡീഷ്യറിയുടെ വിശ്വാസ്യതയും ആദരണീയതയും സ്വതന്ത്രതയും ശക്തിയും പരിപാലിക്കാനെ'ന്ന് ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കിക്കൊണ്ടായിരുന്നു രാജ്യത്തെ മുഖ്യ ന്യായാധിപന്മാരുടെ ആ സംയുക്തപ്രഖ്യാപനം. ഒരു ന്യായാധിപൻ രാഷ്ട്രീയപദവി സ്വീകരിക്കുന്നതുപോയിട്ട്, രാഷ്ട്രീയം പറയുന്നതുപോലും ജുഡീഷ്യറിയുടെ സൽപ്പദവിയെ ബാധിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു നീതിന്യായ വ്യവസ്ഥയുടെ കരുത്ത് നിലനിർത്താൻ ചേർന്ന ആ സമ്മേളനം.

എന്നാൽ, അക്ഷരാർത്ഥത്തിൽ ഈ പ്രഖ്യാപനത്തിന്റെ അന്തസ്സത്തയെ വറ്റിച്ചുകളയുകയായിരുന്നു താങ്കളുടെ തുടർ പ്രവൃത്തി. ഗവർണ്ണർ സ്ഥാനമേൽക്കാൻ കാത്തുനിൽക്കാൻ പോലും വയ്യാത്തത്രക്കുമുള്ള രാഷ്ട്രീയ മഹത്വാകാംക്ഷ താങ്കളിലന്ന് പകൽവെട്ടംപോലെ കത്തിനിന്നു.

ജുഡീഷ്യറിക്ക് ഇന്ത്യൻ മനസ്സുകളിലുള്ള ആദരണീയ നിലയെ മലിനപ്പെടുത്തുന്നൊരു തീരുമാനം താങ്കളിൽനിന്നുണ്ടാവില്ലെന്ന് ഉറച്ചുവിശ്വസിച്ച, നീതിബോധമുള്ളവർ അന്നിവിടെ എത്രയോ ഉണ്ട്. എന്നാൽ താങ്കളുടെ പ്രഖ്യാപനം വന്നു, ഇങ്ങനെ:

'ഞാൻ ഗവർണറായി വരുന്നതിനെപ്പറ്റി കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ആശങ്ക വേണ്ട'
(2014 സപ്തംബർ 4)

ഏതു രാഷ്ട്രീയക്കാർക്കാണ് തന്റെ നിയമനത്തിൽ ആശങ്കയെന്നതല്ല, ഏതു രാഷ്ട്രീയക്കാർക്കാണ് തന്റെ നിയമനത്തിൽ ഒട്ടും 'ശങ്ക'യില്ലാത്തതെന്നു പറയാതെ വെളിപ്പെടുത്തുകയായിരുന്നു താങ്കൾ. ഒരു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഇങ്ങനെ പച്ചയായി രാഷ്ട്രീയം വെളിപ്പെടുത്തി രാജ്യം കേട്ടിട്ടുണ്ടാവില്ല. അതും, നിയമിതനാവുന്നതിന്റെ തൊട്ടു തലേന്ന്!

അവിടംകൊണ്ടും നിർത്തിയില്ല താങ്കൾ സ്വന്തം തീരുമാനത്തെ നീതീകരിക്കാൻ നടത്തിയ വാക്കുകൾ. മുമ്പ് താങ്കൾ വഹിച്ച പദവിയുടെ വലിപ്പം പോലും മറന്നുപോയി തുടർവാക്കുകളിൽ താങ്കൾ. ' 'ന്യായാധിപനെന്ന നിലയ്ക്കാർജിച്ച പദവിക്കിണങ്ങുന്ന ഏതു സ്ഥാനവും സ്വീകരിക്കുമെന്നും' താങ്കൾ മാധ്യമങ്ങൾ മുമ്പാകെ പ്രഖ്യാപിച്ചുകളഞ്ഞു!

നോക്കൂ, ഇന്ത്യൻ രാഷ്ട്രപതി അംഗീകരിച്ച മേൽ-കീഴ് തത്ത്വപ്രകാരം (വാറണ്ട് ഓഫ് പ്രിസിഡൻസ്) ഇന്ത്യൻ ചീഫ് ജസ്റ്റിസ് ലോകസഭാ സ്പീക്കർക്കൊപ്പം പദവിയുള്ളയാണ്. ശ്രേണിക്കണക്കിൽ മുകളിൽനിന്ന് ആറാമത്. എന്നാൽ ഗവർണറാകട്ടെ, എട്ടാംസ്ഥാനക്കാരൻ മാത്രവും! രാഷ്ട്രീയ പദവിയുടെ വലിപ്പം നോക്കിയപ്പോൾ താങ്കൾ മറന്നുപോയത് സ്വന്തം ഭരണഘടനാപദവിയുടെ ഔന്നത്യമാണ്!

കൂടുതൽ വിസ്താരങ്ങൾ വയ്യ. ഞങ്ങൾ മാധ്യമപ്രവർത്തകർ താങ്കളുടെ പദവിക്കു കൽപിച്ചുതരുന്ന ബഹുമതി അവയെ വിലക്കുന്നു.

ഏറ്റവും ചുരുങ്ങിയത് ഇതെങ്കിലുമൊന്നാലോചിച്ചു നോക്കൂ, താങ്കളുടെ വിശ്വാസ്യതക്കു വന്ന പതനം അറിയാൻ. രാജ്യത്തെ ഏതെങ്കിലും ആദരണീയ ന്യായാധിപർക്ക് ഒരു മാധ്യമത്തിൽ മുകളിൽ ചേർത്ത പോലൊരു തലക്കെട്ടിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുമോ? കൊടിയ അഴിമതിക്കാരായി അപകീർത്തിപ്പെട്ട ചുരുക്കം ചില ന്യായാധിപന്മാർക്കല്ലാതെ?

താങ്കളുടെ കാൽക്കീഴിൽനിന്നും ഒലിച്ചുപോകുന്നത് രാജ്യത്തെ നീതിനടത്തിപ്പു സംവിധാനത്തിന്റെ ഈടുവെപ്പായ വിശ്വാസ്യതയാണെന്ന് ആരിൽ നിന്നെങ്കിലും താങ്കൾ അറിഞ്ഞിരുന്നെങ്കിൽ! അവർ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലയായ, സംസ്ഥാനങ്ങളുടെ ഫെഡറൽ സ്വാച്ഛന്ദ്യത്തെക്കുറിച്ചുള്ള ഭരണഘടനാപാഠങ്ങളും താങ്കളെ ഓർമ്മിപ്പിച്ചിരുന്നെങ്കിൽ!

എങ്കിൽ, നാലു തൂണുകളിൽ ഭദ്രമായി നിൽക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തെ, ഭരണഘടനതന്നെ സമൂലം മാറ്റി, വെടക്കാക്കാൻ കാത്തുനിൽക്കുന്ന കൂളി സംഘത്തോട് 'പോ ദൂരെ' എന്ന് ന്യായാധിപന്റെ ഉൾക്കരുത്തോടെ പറയാൻ താങ്കൾക്കു കഴിയുമായിരുന്നു.

ഇനിയൊരു 'വിമോചന' സമരനീക്കമൊന്നും കേരളം പൊറുപ്പിക്കില്ലെന്ന് അവർക്ക് പറഞ്ഞുകൊടുക്കാനും താങ്കൾക്ക് കഴിയുമായിരുന്നു.

Read More >>