മാത്യു ടി തോമസിനെതിരെ പാളയത്തിൽ പട; ഭരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്യു ടി തോമസ് പരാജയമെന്ന് ജനതാദള്‍ എസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം

അന്തര്‍ സംസ്ഥാന നദീജല വിഷയം മുഖ്യമന്ത്രി ഏറ്റെടുത്തതിലും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വകുപ്പുകള്‍ ചോദിച്ചു വാങ്ങാത്തതിലും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്

മാത്യു ടി തോമസിനെതിരെ പാളയത്തിൽ പട; ഭരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്യു ടി തോമസ് പരാജയമെന്ന് ജനതാദള്‍ എസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം

തൃശൂര്‍: ഭരണത്തില്‍ കയറി നാലുമാസം തികഞ്ഞിട്ടും ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ലഭിക്കാത്തതില്‍ ജനതാദള്‍ എസില്‍ അമര്‍ഷം. സ്വന്തം വകുപ്പായ ജല അതോറിറ്റി പോലും പുനഃസംഘടിപ്പിക്കാത്തത് മന്ത്രിയുടെ കഴിവു കേടാണെന്നാണ് സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ വിമര്‍ശനം ഉയർന്നു.  മന്ത്രി പദം ഏറ്റെടുത്ത മാത്യു ടി തോമസിന് ലഭിച്ച ജലവിഭവ വകുപ്പിനെ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ആരോപണം. സംസ്ഥാന അധ്യക്ഷ പദവി മാത്യു ടി തോമസ് ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നീലലോഹിതദാസിനും ഭരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ക്രിയാത്മകമായി ഇടപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഒരു സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം നാരദ ന്യൂസിനോട് പറഞ്ഞു.


അന്തര്‍ സംസ്ഥാന നദീജല വിഷയം മുഖ്യമന്ത്രി ഏറ്റെടുത്തതിലും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വകുപ്പുകള്‍ ചോദിച്ചു വാങ്ങാത്തതിലും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ മന്ത്രി മാത്യു ടി തോമസ് നിഷേധിച്ചു. ' പുനഃസംഘടന കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. മറ്റെല്ലാ വകുപ്പിലേയും പോലെയാണ് ഇവിടേയും കാര്യങ്ങള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

' അന്തര്‍ സംസ്ഥാന ജലവിഷയം മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വഭാവികമാണ്. മുൻ സർക്കാരുകളുടെ കാലത്തും  വിഷയം അതാത് മുഖ്യമന്ത്രിമാരാണ് കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ വകുപ്പിലാണ്. മുഖ്യമന്ത്രിയും മറ്റുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ഈ വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും  മന്ത്രി മാത്യു ടി തോമസ് വിശദീകരിച്ചു. കൂടുതല്‍ വകുപ്പ് ചോദിച്ചു വാങ്ങാനായില്ലെന്നതു കിട്ടിയ വകുപ്പിന്റെ വലിപ്പം കുറക്കുന്നില്ല. ജലവിഭവ വകുപ്പും ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ്. കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ വകുപ്പും പ്രധാനപ്പെട്ടതാണ് എന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറില്‍ ഗതാഗത വകുപ്പു കൈകാര്യം ചെയ്ത് മികച്ച മന്ത്രിയെന്ന് പേരെടുത്ത മാത്യു ടി തോമസിന് തുടക്കത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണ് എതിര്‍പ്പുയരുന്നത് . ജലവിഭവ വകുപ്പില്‍ പെട്ട ജല അതോറിറ്റി പോലും പുനഃസംഘടിപ്പിക്കാന്‍ കഴിയാത്തത് മന്ത്രിയുടെ കഴിവു കേടായാണ് വിലയിരുത്തുന്നത്. എല്‍ ഡി എഫിലെ മറ്റു കക്ഷികള്‍ അവരവരുടെ വകുപ്പുകളില്‍ പെട്ട ബോര്‍ഡ് കോര്‍പ്പറേഷനുകളുടെ പുനസംഘടന നടത്തിയിട്ടും സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല കൈകാര്യം ചെയ്യുന്ന ജല അതോറിറ്റി പുനഃസംഘടിപ്പിട്ടില്ല.

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട വിഹിതം നേടിയെടുക്കാന്‍ സംസ്ഥാന അധ്യക്ഷനും കഴിഞ്ഞിട്ടില്ല. പുതിയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രണ്ട് മാസം മുമ്പ് നടന്ന ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭാരവാഹികളുടെ ചുമതലയെ സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തിലാണ് അന്ന് കലാശിച്ചത്. സംസ്ഥാന പ്രസിഡന്റിനെ പിന്തുണക്കുന്നവരും സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിനെ പിന്തുണക്കുന്നവരും തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. മിനിറ്റ്‌സ് എഴുതുന്ന ചുമതല സെക്രട്ടറി ജനറലിന് ആണെന്നിരിക്കെ ഇതിന് മറ്റൊരു ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. . അതിനു ശേഷം സംസ്ഥാന നിര്‍വ്വാഹക സമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളേണ്ട സംസ്ഥാന നിര്‍വ്വാഹക സമിതി വിളിക്കാതെ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം വിളിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒട്ടേറെ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 64 ഉം വിവിധ ഗ്രൂപ്പുകളുടെ ലയനത്തെ തുടര്‍ന്ന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടേയും എണ്ണം ചേര്‍ത്താല്‍ അംഗങ്ങള്‍ നൂറിലധികമുണ്ട്.

പാർട്ടിക്കു ലഭിച്ച  മന്ത്രിസ്ഥാനം തീരുമാനിക്കാന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി വിളിച്ചു ചേര്‍ക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്നു എം എല്‍ എമാരും ചില സംസ്ഥാന ഭാരവാഹികളും ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നടത്തിയ ശ്രമവും പാളി. നേരത്തെ  മന്ത്രി സ്ഥാനം തര്‍ക്കത്തിലായപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടായിരുന്നു തർക്കം പരിഹരിച്ചത്. അഖിലേന്ത്യ പ്രസിഡന്റ് ദേവഗൗഡ മാത്യു ടി തോമസിനെ മന്ത്രിയാക്കി നിയോഗിക്കുകയായിരുന്നു. സി പി ഐ എം നിര്‍ദ്ദേശിച്ച ചിലരെ മന്ത്രി പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചതായും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ട്.

Story by
Read More >>