അവകാശത്തര്‍ക്കത്തില്‍ വീണ്ടും യാക്കോബായ - ഓര്‍ത്തഡോക്‌സ് പോര്; സഭാധ്യക്ഷന്‍മാര്‍ കണ്ടുനില്‍ക്കേ വിശ്വാസികളുടെ തമ്മിലടി

1939ല്‍ വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സ്‌കൂളാണിത്. നെടുമ്പാശ്ശേരിയില്‍ ദേശീയപാതയ്ക്ക് സമീപം അഞ്ചേക്കറില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനായി അനേക വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭയാണ് നിലവില്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍. വില്‍പ്പത്രപ്രകാരം ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം.

അവകാശത്തര്‍ക്കത്തില്‍ വീണ്ടും യാക്കോബായ - ഓര്‍ത്തഡോക്‌സ് പോര്; സഭാധ്യക്ഷന്‍മാര്‍ കണ്ടുനില്‍ക്കേ വിശ്വാസികളുടെ തമ്മിലടി

കൊച്ചി: ഒരിടവേളക്ക് ശേഷം യാക്കോബായ- ഓര്‍ത്തോഡോക്‌സ് തര്‍ക്കം വീണ്ടും മുറുകുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ സ്‌കൂളിന് മുന്നിലുണ്ടായ സംഘര്‍ഷം. നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിന്റെ അവകാശ തര്‍ക്കമാണ് പരസ്യമായ വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്. ഇരു സഭകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്‌കൂളിന്റെ കനകജൂബിലി ആഘോഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പങ്കെടുക്കുകയും, പ്രതിഷേധവുമായി യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്‌കൂളിന് മുന്നില്‍ നിരാഹാരമിരിക്കുകയും ചെയ്തതോടെയാണ് വിശ്വാസികള്‍ പരസ്പരം പോരടിച്ചത്.


113

സ്‌കൂളില്‍ കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടി നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എത്തിയതോടെയാണ് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ സുരേന്ദ്രമോഹന്‍ ചടങ്ങിനെത്തിയതും യാക്കോബായ വിശ്വസികളെ പ്രകോപിതരാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളം ജില്ലാ കലക്ടറടക്കമുള്ളവര്‍ ഇടപ്പെട്ടാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമുണ്ടാക്കിയത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി രേഖകള്‍ പരിശോധിച്ച് 45 ദിവസത്തിനകം തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിലാണ് യാക്കോബായ ശ്രേഷ്ഠ കാതോലിക്കാ ബാവ നിരാഹാരമവസാനിപ്പിച്ച് മടങ്ങിയത്.

1939ല്‍ വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സ്‌കൂളാണിത്. നെടുമ്പാശ്ശേരിയില്‍ ദേശീയപാതയ്ക്ക് സമീപം അഞ്ചേക്കറില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനായി അനേക വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭയാണ് നിലവില്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍. വില്‍പ്പത്രപ്രകാരം ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം.

കോടതി നിര്‍ദ്ദേശപ്രകാരം സ്‌കൂളിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ പേരില്‍ കരം തീര്‍ക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്നാണ് യാക്കോബായ സഭാ ഭാരവാഹികള്‍ പറയുന്നത്. നിയമവിരുദ്ധമായാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സ്‌കൂളിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കൈവശപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് യാക്കോബായ സഭയ്ക്കുള്ളതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു. മുമ്പ് കോടതി തീര്‍പ്പ് കല്‍പ്പിച്ച വിഷയമാണിതെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തന്നെയാണ് സ്‌കൂളിന്റെ അവകാശമെന്നും സഭാഭാരവാഹി ബെഹന്നാന്‍ വ്യക്തമാക്കി.

സ്‌കൂളിന്റെ അവകാശത്തില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ സഭാതര്‍ക്കം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കും. സമിതിയുടെ തീരുമാനം വരുന്നത് വരെ സംയമനം പാലിക്കാനാണ് ഇരു വിഭാഗത്തിന്റേയും തീരുമാനം.