നിരാഹാര സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായതിനാലെന്ന് വിശദീകരണം

അവധിക്ക് ശേഷം ഇന്ന് നിയമസഭ പുനരാരംഭിച്ചപ്പോൾ നിരാഹാര സമരം തുടരുന്ന കാര്യത്തില്‍ പ്രതിപക്ഷം മൗനം പാലിക്കുകയായിരുന്നു. സമരം തുടരുമോ അതോ അവസാനിപ്പിക്കുമോ എന്നത് സംബന്ധിച്ച് പ്രതിപക്ഷത്തു നിന്നും ആരും പ്രതികരണം നടത്തിയില്ല. ഇ പി ജയരാജൻ വ്യവസായ മന്ത്രി സ്ഥാനം രാജിവെക്കാൻ കാരണമായ ബന്ധു നിയമനമാണ് ഇന്ന് സഭയിൽ പ്രതിപക്ഷം ഉയർത്തിയത്.

നിരാഹാര സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജിലെ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിവന്നിരുന്ന നിരാഹാര സമരം  അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ത്തിയായതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് നാരദാ ന്യൂസിനോട് പറഞ്ഞു.

സ്വാശ്രയ ഫീസ് വർദ്ധനയ്ക്ക് എതിരെ യുഡിഎഫ് എംഎൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അനൂപ് ജേക്കബ് എന്നിവരായിരുന്ന ആദ്യഘട്ടത്തിൽ നിരാഹാര സമരം നടത്തിയത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് മൂവരേയും ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വി ടി ബൽറാം, റോജി എം ജോൺ എന്നിവർ സമരം ഏറ്റെടുത്തു.


സ്വാശ്രയ മാനേജ്മെന്റുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി തുടരാൻ യുഡിഎഫ് തീരുമാനമെടുത്തു. കഴിഞ്ഞ അഞ്ചാം തിയതി പൂജ അവധി പ്രമാണിച്ച് സഭ പിരിഞ്ഞപ്പോള്‍ സ്വാശ്രയ പ്രശ്‌നത്തില്‍ നിരാഹാരം തുടരുമെന്ന് പ്രഖ്യപിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സമരം അവസാനിപ്പിച്ചത്.

എന്നാൽ അവധിക്ക് ശേഷം ഇന്ന് നിയമസഭ പുനരാരംഭിച്ചപ്പോൾ നിരാഹാര സമരം തുടരുന്ന കാര്യത്തില്‍ പ്രതിപക്ഷം മൗനം പാലിക്കുകയായിരുന്നു. സമരം തുടരുമോ അതോ അവസാനിപ്പിക്കുമോ എന്നത് സംബന്ധിച്ച് പ്രതിപക്ഷത്തു നിന്നും ആരും പ്രതികരണം നടത്തിയില്ല. ഇ പി ജയരാജൻ വ്യവസായ മന്ത്രി സ്ഥാനം രാജിവെക്കാൻ കാരണമായ ബന്ധു നിയമനമാണ് ഇന്ന് സഭയിൽ പ്രതിപക്ഷം ഉയർത്തിയത്. തുടർന്നാണ് നിരാഹാര സമരത്തിന്റെ സ്ഥിതി അറിയാൻ നാരാദാ ന്യൂസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ടത്.

പ്രതിപക്ഷം ഈ സമരങ്ങളെല്ലാം കഴിഞ്ഞ് 11 ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് മെഡിക്കല്‍ പ്രവേശനം കഴിഞ്ഞതിനാല്‍ ഇനി സമരം തുടരേണ്ടതില്ലെന്ന് നിലപാടെടുത്തിരിക്കുന്നത്. സമരം അവസാനിപ്പിച്ചെങ്കിലും സമരത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊന്നും ഇനിയും തീര്‍പ്പായിട്ടില്ല.