വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം; നിയമനടപടികളിലേക്ക് നീങ്ങുമെന്ന് മുസ്ലീം ലീഗ്

മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്ന കാര്യം മുസ്ലീം ലീഗ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നാരദാന്യൂസിനോട് പ്രതികരിച്ചു.

വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം; നിയമനടപടികളിലേക്ക് നീങ്ങുമെന്ന് മുസ്ലീം ലീഗ്

കൊച്ചി: വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്ന കാര്യം മുസ്ലീം ലീഗ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നാരദാന്യൂസിനോട് പ്രതികരിച്ചു.


വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുമോ എന്ന ആശങ്കയുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞു. സമീപകാലത്ത് ഇത്തരം കാര്യങ്ങളില്‍ ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന പരാതിയാണ് മുസ്ലീം ലീഗിനുള്ളത്. മുമ്പ് വര്‍ഗീയ പ്രസംഗം നടത്തിയതിന് ഷംസുദ്ദീന്‍ പാലത്തിനെതിരെയും കെ പി ശശികലയ്‌ക്കെതിരെയും വേറൊരാള്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തത് ഷംസുദ്ദീന്‍ പാലത്തിനെതിരെ മാത്രമാണെന്ന് കെ പി എ മജീദ് ചൂണ്ടിക്കാട്ടുന്നു.

വിദ്വേഷപ്രസംഗം ആരു നടത്തിയാലും ശക്തമായ നടപടിയുണ്ടാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു. ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലെ പോലെ കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് പലരുടേയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു.

രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്സെയെ തൂക്കിക്കൊന്ന ദിവസം ബലിദാനീ ദിനമായി ആചരിക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.അത് വിലക്കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും തയ്യാറാകുന്നില്ല. കേരളത്തില്‍ കയ്യടി നേടാന്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതല്ലാതെ ഇടത് സര്‍ക്കാര്‍ വിദ്വേഷപ്രസംഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. വാതം പിടിച്ചു കിടക്കുന്നവരെ ചാടിയെഴുന്നേല്‍പ്പിക്കുന്ന പ്രസംഗം ശശികല ആവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് ശ്രമിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Read More >>