നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു

എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, എം സ്വരാജ്,മുഹമ്മദ് മുഹസിന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്

നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഈഡനേയും ഷാഫി പറമ്പിലിനേയും ഭരണപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു. എംല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, എം സ്വരാജ്,മുഹമ്മദ് മുഹസിന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. സമരം നടത്തുന്ന എംഎല്‍എമാരെ കഴിഞ്ഞ വെള്ളിയാഴ്ച വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചിരുന്നു.

നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കണമെന്നും ഇന്നലെ വിഎസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയായതോടെ വിഎസ് പ്രസ്താവന തിരുത്തി. എംഎല്‍എമാരുടെ സമരത്തെ കുറിച്ചല്ല മറിച്ച് എസ്ബിഐ-എസ്ബിടി ലയനത്തിനെതിരെ നടക്കുന്ന സമരത്തെ കുറിച്ചാണ് പ്രതികരിച്ചതെന്നായിരുന്നു വിഎസിന്റെ വിശദീകരണം.


വിഎസിന്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്നു പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയേക്കും. മാത്രമല്ല പരിയാരം മെഡിക്കല്‍ കോളേജിലെ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയാല്‍ പ്രതിപക്ഷം സമരം പിന്‍വലിച്ചേക്കും.

സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു എംഎല്‍എമാര്‍ നിരാഹാര സമരം ആരംഭിച്ചത്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,അനൂപ് ജേക്കബ് എന്നിവരാണ് സമരം നടത്തുന്നത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി.

Story by