കാണാതായ കുട്ടികളെ കണ്ടെത്താനുള്ള 'ഓപ്പറേഷൻ വാത്സല്യ'യുടെ പ്രവർത്തനം നിലച്ചു

കുട്ടികളെ കാണാതായെന്ന പരാതി കുറഞ്ഞതാണ് പദ്ധതി നിലയ്ക്കാൻ കാരണമെന്നാണ് വിശദീകരണം

കാണാതായ കുട്ടികളെ കണ്ടെത്താനുള്ള

തൃശൂര്‍: സംസ്ഥാനത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അനാഥലങ്ങളിലുള്ള കുട്ടികളുടെ വിവരം ശേഖരിക്കാനും തുടങ്ങിയ ' ഓപ്പറേഷന്‍ വാത്സല്യ' യുടെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ വര്‍ഷം ഇതെ മാസം  തുടങ്ങിയ പദ്ധതിയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പെ നിലച്ചത്. വീടു വിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തുക, നാടു വിട്ടെത്തുന്ന ഇതര സംസ്ഥാന കുട്ടികളെ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിക്കുക, അനാഥലങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം പദ്ധതി തുടങ്ങുമ്പോള്‍ ജില്ലാ തലങ്ങളില്‍ പ്രത്യേക ഉത്ഘാടന പരിപാടികളും നടത്തിയിരുന്നു. പദ്ധതിക്കായി വലിയ തോതില്‍ പ്രചരണവും നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം പകുതിയായപ്പോഴേക്കും പദ്ധതി നിലയ്ക്കുകയായിരുന്നു.


കേരള പോലീസും സാമൂഹ്യക്ഷേമ വകുപ്പും ചൈല്‍ഡ്‌ലൈനും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍ വാത്സല്യയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍,  പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഇതര സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടുങ്ങുന്ന സംഘവും  പരിശോധന നടത്താന്‍ ഉണ്ടായിരുന്നു.  അനാഥലയങ്ങള്‍, അംഗീകാരമില്ലാത്ത ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയിരുന്നത്. ഒപ്പം ജുവനൈല്‍ ഹോമില്‍ നിന്നു ചാടി പോകുന്ന കുട്ടികളെ കുറിച്ചുള്ള അന്വേഷണവും നടത്തിയിരുന്നു. ഇപ്രകാരം കണ്ടെത്തുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും ഓപ്പറേഷന്‍ വാത്സല്യയുടെ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഓരോ യൂണിറ്റിലും കണ്ടെത്തുന്ന വിവരങ്ങള്‍ താരതമ്യം ചെയ്താണ് കുട്ടികളുടെ വിവരങ്ങള്‍ ഉറപ്പു വരുത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചിരുന്നത്.

കുട്ടികളെ കാണാതാകുന്നവെന്ന പരാതി കുറഞ്ഞതാണ് ഇത് നിലക്കാനുള്ള കാരണമായി ഒരു ഉദ്യോഗസ്ഥന്‍ നാരദ ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ പോലീസും, സാമൂഹ്യ ക്ഷേമ വകുപ്പിനും, ചൈല്‍ഡ് ലൈനിനും ഒരുമിച്ചൊരു ഏകീകരണം വരാത്തതാണ് പദ്ധതി നിലക്കാനുള്ള കാരണമായതെന്നും വിമര്‍ശനവും ഉണ്ട്. എന്നാല്‍ പദ്ധതി  നിർത്തിയതായി ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ബാലവേല കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തിയില്ലെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. സംസ്ഥാനത്ത് കുട്ടികളെ കൊണ്ടു ജോലി ചെയ്യിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴായിരുന്നു  ചില സംഘങ്ങള്‍ തന്നെ  കാണാതായ കുട്ടികളെ കണ്ടെത്താന്‍ വേണ്ടി മാത്രം ഓപ്പറേഷന്‍ വാത്സല്യ തുടങ്ങിയത്. ട്രെയിന്‍, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനത്തിനും മറ്റും വിധേയരാവുന്ന ഒരു കുട്ടിയെ പോലും പിടികൂടി ശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ഇത്മൂലം കഴിഞ്ഞിരുന്നില്ല.

ഭിക്ഷാടന കേന്ദ്രത്തില്‍ നിന്നു കുട്ടിയെ പിടികൂടിയാല്‍ തന്നെ രക്ഷിതാവണെന്നു പറഞ്ഞു ആരെങ്കിലും എത്തിയാൽ കുട്ടിയെ വിട്ടു കൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ വന്നത് യഥാർത്ഥ രക്ഷിതാവു തന്നെയാണോ എന്നു തിരിച്ചറിയാന്‍ മാര്‍ഗമൊന്നുമില്ലെന്നുമാണ്  ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നാരദയോട് പറഞ്ഞു. ഇതര  സംസ്ഥാന കുട്ടികളുടെ വിഷയത്തില്‍ ഇടപെടാനും ഓപ്പറേഷന്‍ വാത്സല്യക്ക് കഴിയുമായിരുന്നെങ്കിലും അപൂര്‍വം കേസുകളില്‍ മാത്രമാണ് നടപടിയുണ്ടായിട്ടുള്ളുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ നാരദയോട് പറഞ്ഞു.

Read More >>