അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

സര്‍ക്കാര്‍ കണക്കു പ്രകാരം ഈ വര്‍ഷം ആറു കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശു മരണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഷോളയൂരില്‍ അറുമുഖന്റേയും രാജേശ്വരിയുടേയും അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. തൂക്ക കുറവും ജനിതക വൈകല്യവും ബാധിച്ച കുട്ടി കോട്ടപ്പുറം ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടർന്നു മൂന്നു ദിവസം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സര്‍ക്കാര്‍ കണക്കു പ്രകാരം  ഈ വര്‍ഷം ആറു കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്.  ഒരു വയസു വരെയുള്ള ശിശുക്കളുടെ മരണമാണ് സര്‍ക്കാര്‍ ശിശു മരണമായി കണക്കാക്കുന്നത്. അമ്മയുടെ അനോരോഗ്യ മൂലം ഗർഭച്ഛിദ്രം സംഭവിക്കുന്നത് ശിശുമരണമായി കണക്കാക്കുന്നില്ല. ഈ വർഷം അട്ടപ്പാടിയിൽ മാത്രം എട്ടു ശിശു മരണം സംഭവിച്ചതായാണ് പ്രദേശത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ നിരത്തുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


2012 മുതലാണ്അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ചർച്ചയാകുന്നത് . ആ വര്‍ഷം 16 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013 ല്‍ ഇത് 47 ആയി ഉയര്‍ന്നു. തുടര്‍ന്നാണ് വിഷയം സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധിക്കുകയും ശിശുമരണങ്ങള്‍ കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും. പക്ഷെ അധിക്യതരുടെ വാഗ്ദാനങ്ങളെല്ലാം അട്ടപ്പാടിയില്‍ പാഴാകുന്ന അവസ്ഥയാണ് കണ്ടത്. 2014 ല്‍ ശിശുമരണങ്ങളുടെ എണ്ണം 25 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 24 ആയിരുന്നു.  അമ്മയുടെ ഉദരത്തില്‍ വെച്ചു തന്നെ ശിശുക്കള്‍ മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.

ഓരോ വ്യക്തിക്കും ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള  സംവിധാനങ്ങള്‍ ഈ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എന്നാൽ  അതൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് വാസ്തവം. ഗര്‍ഭിണികളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം, വീടുകള്‍ തോറും കയറിയിറങ്ങി എസ് ടി പ്രമോര്‍ട്ടര്‍മാര്‍ അമ്മമാരുടേയും ശിശുക്കളുടേയും അമ്മമാരുടേയും ആരോഗ്യസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യല്‍, സ്‌കൂളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രത്യേക സൗകര്യമൊരുക്കൽ  എന്നിവയെല്ലാം ഗർഭിണികൾക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങളാണ്. എന്നാൽ ഇതിന്റെ പ്രയോജനം പൂര്‍ണമായി ആദിവാസി മേഖലയിലെ അമ്മമാരിലേക്ക് എത്തുന്നില്ല.

പോഷകാഹാര കുറവും ജനിതക വൈകല്യങ്ങളുമാണ് ശിശു മരണത്തിനുള്ള പ്രധാന കാരണങ്ങൾ. 15 നും  18 നും ഇടയിൽ പ്രായമുള്ള 80 ശതമാനം പെൺകുട്ടികളും അനീമിയ ബാധിച്ചവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. 25 മുതല്‍ 40 കിലോവരെയാണ് ഈ ആദിവാസി മേഖലയിലെ അമ്മമാരുടെ ശരാശരി ശരീരഭാരം. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്നു. അട്ടപ്പാടി മേഖലയില്‍ ഒരു കിലോ തൂക്കത്തിന് താഴെ ഭാരത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണവും ഏറെയാണ്. മാതാപിതാക്കളുടെ അനാരോഗ്യം, മദ്യപാനം, ലഹരി ഉപയോഗം  തുടങ്ങിയവ വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുന്നുണ്ട്.Read More >>