കല്യാണത്തിന് വരുന്നവര്‍ സദ്യക്കുള്ള അരിയും കൊണ്ടു വരണം; 70 വര്‍ഷം മുമ്പ് മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന വിവാഹക്ഷണപത്രികയിലെ അറിയിപ്പിന് പിന്നിലെ കഥ

കല്ല്യാണ കത്തുകളിലെ ഇത്തരത്തിലുള്ള അറിയിപ്പ് കണ്ടാല്‍ വിവാഹം നടത്തുന്നത് സ്വന്തമായി ഒരു സദ്യ പോലും നടത്താന്‍ കഴിയാത്ത ദരിദ്രരാണെന്ന് തോന്നും. എന്നാല്‍ സംഗതി നേരെ തിരിച്ചാണ്. നാട്ടില്‍ പണക്കാരും പ്രമാണിമാരുമായി അറിയപ്പെടുന്നവര്‍ തന്നെയാണ് ഈ കല്യാണ കത്ത് അച്ചടിച്ചിറക്കിയിരുന്നതെന്നുള്ളതാണ് സത്യം....

കല്യാണത്തിന് വരുന്നവര്‍ സദ്യക്കുള്ള അരിയും കൊണ്ടു വരണം; 70 വര്‍ഷം മുമ്പ് മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന വിവാഹക്ഷണപത്രികയിലെ അറിയിപ്പിന് പിന്നിലെ കഥ

പാലക്കാട്: കല്ല്യാണത്തിന് വരുന്നവര്‍ സദ്യക്കുള്ള അരിയും കൊണ്ടുവരണം! 70 വര്‍ഷം മുമ്പ് മലബാര്‍ മേഖലയിലെ വിവാഹ ക്ഷണപത്രികയില്‍ നിലനിന്നിരുന്ന പ്രത്യേക അറിയിപ്പാണിത്. 'നിങ്ങളുടെ റേഷന്‍ തലേന്നു തന്നെ എത്തിക്കാന്‍ അപേക്ഷ', 'നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി മുന്‍കൂട്ടി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു കൊള്ളുന്നു'- കല്ല്യാണ കത്തുകളിലെ ഇത്തരത്തിലുള്ള അറിയിപ്പ് കണ്ടാല്‍ വിവാഹം നടത്തുന്നത് സ്വന്തമായി ഒരു സദ്യ പോലും നടത്താന്‍ കഴിയാത്ത ദരിദ്രരാണെന്ന് തോന്നും. എന്നാല്‍ സംഗതി നേരെ തിരിച്ചാണ്. നാട്ടില്‍ പണക്കാരും പ്രമാണിമാരുമായി അറിയപ്പെടുന്നവര്‍ തന്നെയാണ് ഈ കല്യാണ കത്ത് അച്ചടിച്ചിറക്കിയിരുന്നതെന്നുള്ളതാണ് സത്യം. തങ്ങള്‍ നടത്തുന്ന 'ആര്‍ഭാട കല്യാണത്തിനെതിരേയുള്ള' നിയമ നടപടികളില്‍ നിന്നും സര്‍ക്കാറിനെ പറ്റിച്ച് രക്ഷപ്പെടാനുള്ള ഒരു എളുപ്പ മാര്‍ഗമായിട്ടായിരുന്നു ഇത്തരത്തിലുള്ള കത്തിനെ അവര്‍ കണ്ടിരുന്നത്.


കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചരിത്ര പശ്ചാത്തലമാണ് ഇത്തരം കല്യാണ കത്തുകളുടെ പിന്നിലുള്ളത്. 1945- 46 കാലത്താണ് ഇത്തരം കല്യാണ കത്തുകള്‍ കൂടുതല്‍ പ്രചരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് രാജ്യത്ത് ഭയങ്കര ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ ഭക്ഷ്യ സുരക്ഷക്കുവേണ്ടി നടപ്പില്‍ വരുത്തിയ ഒരു നിയമമായിരുന്നു ഇത്തരം ക്ഷണകത്തുകളിലൂടെ കാണുന്നത്. രാജ്യത്ത് ഒരു വിഭാഗം ഭക്ഷണമില്ലാതെ പട്ടിണി കിടക്കുമ്പോള്‍ സമ്പന്ന വിഭാഗം ഭക്ഷ്യ ധൂര്‍ത്ത് നടത്താതിരിക്കാന്‍ വേണ്ടി അന്നത്തെ ബ്രീട്ടീഷ് സര്‍ക്കാറാണ് ഈ നിയമം പ്രബാല്യത്തില്‍ കൊണ്ടു വന്നത്.

ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ അരിയുള്‍പ്പടെ ധാന്യങ്ങള്‍ കിട്ടാതായി. ഇവ സംഭരിക്കുന്നതിനും അമിതമായി ഉപയോഗിക്കുന്നതിനും എതിരെയാണ് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ സദ്യയും മറ്റും നടത്തി ഭക്ഷണം ധൂര്‍ത്തടിക്കുന്നതിനെതിരെയുള്ള ഈ നിയമം മൂലം കൂടുതല്‍ പേരെ വിളിച്ച് സദ്യ നടത്തിയാല്‍ ശിക്ഷിക്കാന്‍ വരെ കഴിയുമായിരുന്നു.

ഒരു വിവാഹത്തിന് പരമാവധി 25 പേര്‍ക്ക് സദ്യ കൊടുക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി ഉണ്ടായിരുന്നത്. കൂടുതല്‍ പേര്‍ക്ക് സദ്യ നല്‍കിയാല്‍ സദ്യ നടത്തുന്ന വ്യക്തിയെ അതിന്റെ പേരില്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കാന്‍ കഴിയുമായിരുന്നു. ഈ നിയമം മൂലം വിവാഹങ്ങള്‍ നടത്താന്‍ പ്രയാസമായി വന്നു. എന്നാല്‍ ഒരു വ്യക്തി കൂടുതല്‍ പേര്‍ക്ക് സദ്യ കൊടുക്കാന്‍ പാടില്ലെന്നേ നിയമമുണ്ടായിരുന്നുള്ളു. ജനങ്ങള്‍ ഒരുമിച്ചിരുന്ന് അവരവരുടെ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്ത് കഴിക്കുന്നതിന് നിയമത്തില്‍ വിലക്കില്ലായിരുന്നു. നിയമത്തിന്റെ ഈ ഔദാര്യം ഒത്തിരി വിവാഹങ്ങള്‍ക്ക് തുണയാകുകയായിരുന്നു.

കല്യാണ കത്തില്‍ ' നിങ്ങളുടെ റേഷന്‍ മുന്‍കൂട്ടി കൊണ്ടു വരിക' എന്നു അച്ചടിക്കുന്നതിലൂടെ വിവാഹത്തിന് പങ്കെടുത്തവര്‍ തന്നെയാണ് തങ്ങള്‍ക്കുള്ള അരിയും കൊണ്ടു വന്നതെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു. ഇത് വഴി കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് കല്യാണ സദ്യ നടത്തിയ ശിക്ഷ നടപടികളില്‍ നിന്ന് വിവാഹം നടത്തിയവര്‍ ഒഴിവാകുകയും ചെയ്യും. 25 പേരില്‍ കൂടുതല്‍ പേര്‍ കല്ല്യാണത്തിന് വരുമെന്ന് ഉറപ്പുള്ളതിനാല്‍ അക്കാലത്ത് കല്ല്യാണ കത്തുകളിലെ ഒരു സ്ഥിരം പ്രയോഗമായിരുന്നു ഇത്.

നിയമം അനുസരിക്കുന്നവരും ആര്‍ഭാട കല്യാണം നടത്താത്തവരുമെല്ലാം അന്ന് 25 പേരില്‍ കൂടുതല്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിന്
ഈ രീതികള്‍ മാറിയെങ്കിലും 1967 ല്‍ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ അന്നത്തെ ഇഎംഎസ് മന്ത്രിസഭയും ഈ നിയമം കുറച്ചു കാലം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. അന്നത്തെ മന്ത്രി എംഎന്‍ ഗോവിന്ദന്‍നായര്‍ പങ്കെടുത്ത വിവാഹത്തില്‍ നിയമം അനുസരിക്കാതെ നിരവധി പേര്‍ക്ക് സദ്യ നടത്തിയതിനെ തുടര്‍ന്ന് മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Read More >>