ഡേവിഡ് സൂസിയുടെ ഗോളിൽ നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയിന് വിജയം

ആറു കളികളിൽ മൂന്നു വിജയവും ഒരു സമനിലയും രണ്ടു തോൽവിയുമായി പത്തു പോയിന്റുള്ള നോർത്ത് ഈസ്റ്റ് തന്നെയാണ് പട്ടികയിൽ മുൻപിൽ.

ഡേവിഡ് സൂസിയുടെ ഗോളിൽ നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയിന് വിജയം

നിരഞ്ജൻ

ഗുവാഹത്തി: ഡേവിഡ് സൂസിയുടെ 49-ആം മിനുറ്റിലെ ഏക ഗോളിന്റെ പിൻബലത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിൻ എഫ്.സിക്ക് വിജയം. ഈ ജയത്തോടെ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
ആറു കളികളിൽ മൂന്നു വിജയവും ഒരു സമനിലയും രണ്ടു തോൽവിയുമായി പത്തു പോയിന്റുള്ള നോർത്ത് ഈസ്റ്റ് തന്നെയാണ് പട്ടികയിൽ മുൻപിൽ. എന്നാൽ നാലു കളികളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും ഒരു തോൽവിയും ഏറ്റുവാങ്ങിയ ചെന്നൈയിൻ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അഞ്ചു കളിയിൽ നിന്നും രണ്ടു ജയവും രണ്ട് സമനിലയും ഒരു തോൽവിയും പിണഞ്ഞ മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ.

വ്യാഴാഴ്ച ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരേയൊരു മാറ്റത്തോടെയാണ് കോച്ച് നെലോ വിൻഗാഡ നോർത്ത് ഈസ്റ്റിനെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷനിലായി പുറത്തിരുന്ന നിർമൽ ഛേത്രി തിരികെയെത്തിയപ്പോൾ വലതു വിംഗിലെ ഫുൾബാക്കിൽ പ്രതിരോധ നിരയ്ക്ക് കരുത്തു പകരാനാണ് കോച്ച് ഉപയോഗപ്പെടുത്തിയത്.
21-ആം മിനുറ്റിലും 27-ആം മിനുറ്റിലും 35 വാര അകലെ നിന്ന് ചെന്നൈയിന് ഫ്രീകിക്ക് കിട്ടിയെങ്കിലും ആദ്യത്തെ കിക്ക് മതിലിൽ തട്ടിത്തെറിച്ചപ്പോൾ രണ്ടാമത്തെ കിക്ക് മുൾഡറുടെ തലയിൽ നിന്നും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പെലൂസോയായിരുന്നു ചെന്നൈയുടെ ഫ്രീകിക്കുകൾ എടുത്തത്.
ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെ 41-ആം മിനുറ്റിൽ ചെന്നൈയ്ക്ക് കിട്ടിയ കോർണറിലെ അപകടം നോർത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോൾ അത്ഭുതകരമായ സേവിലൂടെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ആദ്യ പകുതിയിൽ കളി നിറുത്തുമ്പോൾ ഗോൾരഹിതം.
എന്നാൽ രണ്ടാം പകുതിയിൽ കളി ആരംഭിച്ചയുടൻ തന്നെ 49-ആം മിനുറ്റിൽ സുബ്രതോയുടെ കൈകൾ ചോർന്നു. മണിപൂരി മിഡ്ഫീൽഡർ വാദുവിൽ നിന്നും സിയാമിന് കിട്ടിയ പന്ത് മാർക്ക് ചെയ്യപ്പെടാതെ ബോക്‌സിനകത്ത് നിന്ന ഡേവിഡ് സൂസിക്ക് കൈമാറി. പിൻനിരയിലുണ്ടായ ഗുസ്താവോയ്ക്കും സൊക്കോറയ്ക്കും ഇടയിലൂടെ ഒരു അത്യുഗ്രൻ വോളിയിലൂടെ ഇറ്റാലിയൻ ഫോർവേഡ് പന്ത് നോർത്ത് ഈസ്റ്റ് വലയ്ക്കുള്ളിലാക്കിയതോടെ ചെന്നൈയിൻ ഒരു ഗോളിന് മുൻപിൽ.
പിന്നീട് നോർത്ത് ഈസ്റ്റ് സർവശക്തിയുമെടുത്ത് പൊരുതിയെങ്കിലും വിജയമോ സമനിലയോ എത്തിപ്പിടിക്കാനായില്ല. 66-ആം മിനുറ്റിൽ ടൂർണമെന്റിലെ ടോപ് സ്‌കോറർ കൂടിയായ അൽഫാരോയുടെ കൈകളിൽ നിന്നും പന്ത് തട്ടിയെടുക്കാനുള്ള മെൻഡിയുടെ ശ്രമത്തിനിടെ ഉറുഗ്വെൻ ഫോർവേഡ് ബോക്‌സിനുള്ളിൽ വീണു. പെനാൽറ്റിക്കായി നോർത്ത് ഈസ്റ്റും അൽഫാരോയും അവകാശവാദം ഉന്നയിച്ചെങ്കിലും റഫറി നിഷേധിച്ചു. അവസാന നിമിഷം ആക്രമിച്ച് കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നിരവധി കോർണറുകൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഉയരമുള്ള കളിക്കാരുടെ അഭാവവും നോർത്ത് ഈസ്റ്റിന് വിനയായി.
90-ആം മിനുറ്റിൽ കാറ്റ്‌സുമി എടുത്ത ഫ്രീകിക്ക് പോയിന്റ് ബ്ലാങ്കിൽ നിന്നും അൽഫാരോ ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു. നോർത്ത് ഈസ്റ്റ് സഹതാരമായ പാസി ഹെഡ് ചെയ്യാൻ എത്തിയതിനെ തുടർന്നുണ്ടായ തള്ളലിൽ അൽഫാരോയുടെ തലയിൽ നിന്നും പന്ത് ലക്ഷ്യം തെറ്റി പുറത്തേക്ക് പോകുകയായിരുന്നു. ഇതോടെ ഹോം ഗ്രൗണ്ടിൽ ഒന്നാം സ്ഥാനക്കാർക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി. മറ്റെരാസിയുടെ ശിഷ്യർക്ക് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം.
ഇന്നത്തെ മത്സരം
മുംബൈയിലെ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ മുംബൈ സിറ്റി എഫ്.സി ഗോവയെ നേരിടും. ഇന്ന് വൈകീട്ട് ഏഴിനാണ് മത്സരം.

Read More >>