നോർത്ത് ഈസ്റ്റ് യാത്ര; രണ്ടാം ഭാഗം

സോഹ്റ, പ്രദേശവാസികൾക്കിടയിൽ ചിറാപുഞ്ചിക്ക് ഇങ്ങനെയൊരു പേരുണ്ട്. മഴ നിലയ്ക്കാത്ത പ്രദേശം. ഭൂമിയിലെ ഏറ്റവും നനവുള്ള സ്ഥലങ്ങളിൽ ഒന്ന്, നനഞ്ഞ മണ്ണ്, വഴുക്കുന്ന ഒറ്റയടി പാതകൾ, ഭൂമിയുടെ ഗർഭത്തിലേക്കിറങ്ങി പോകുന്ന നിഗൂഢമായ പടവുകൾ. ഒരു കിലോമീറ്ററിലധികം നീണ്ട് കിടക്കുന്ന ഇരുട്ട് മൂടിയ പടവുകൾ. നിബിഢമായ വൃക്ഷങ്ങളുടെ ഇരുട്ടിൽ ചാറ്റൽ മഴ കൊണ്ട് കാട്ടുവള്ളികളിൽ തൂങ്ങി ഞങ്ങൾ നടന്നു. അജീബ് ബഷീർ എഴുതുന്നു.

നോർത്ത് ഈസ്റ്റ് യാത്ര; രണ്ടാം ഭാഗം

അജീബ് ബഷീർ


ഒന്നാംഭാഗം ഇവിടെ വായിക്കാം


മാധുരി തടാകവും ബുംല പാസും


തവാങ് സന്ദർശിക്കുന്നവർ നിർബന്ധമായും പോയിരിക്കേണ്ട രണ്ടിങ്ങളാണ് ബുംല പാസും മാധുരി തടാകവും. ബുംല പാസ് എന്നത് ഇന്ത്യ - ചൈന അതിർത്തിയാണ്. അവിടെ പോകാൻ പ്രത്യേകം അനുമതി വാങ്ങണം. തവാങ്ങിൽ നിന്ന് ബുംലപാസിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. പോകുന്ന വാഹനത്തിന്റെയും, ഡ്രൈവറുടെയും വിവരങ്ങൾ അടക്കം പൂരിപ്പിച്ച ഫോം തവാങ്ങ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ കൊടുക്കണം. അവർ അത് പിന്നീട് ആർമി മേധാവിക്ക് കൈമാറും. ആർമി ചീഫ് ഒപ്പ് വെച്ച അനുമതിയും കൊണ്ട് വേണം ബുംല പാസിലേക്ക് ചെല്ലാൻ. മിനിമം ഒരു ദിവസത്തെ പണിയുണ്ട് ഇതിന്. ആ സമയത്താണ് മുൻ രാഷ്ട്രപതി അബ്ദുൽ കലാം അന്തരിക്കുന്നതും തവാങ്ങിലെ ഓഫീസുകളെല്ലാം അടക്കുന്നതും. ഞങ്ങളുടെ ബുംലപാസ് സ്വപ്നം പൊലിയുമോ എന്നോർത്ത് ഞങ്ങൾ നിരാശരായി. രാവിലെ ഡ്രൈവറെ എല്ലാം ഏൽപ്പിച്ചിരുന്നു ഞങ്ങൾ. വൈകുന്നേരം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. ഞങ്ങൾ ആർമി ക്യാമ്പിൽ ചെന്ന് വാട്സൺ സാറിനെ കണ്ട് കാര്യം പറഞ്ഞു. DC ഓഫീസിലെ പണി പൂർത്തിയാക്കി വന്നാൽ army chief ന്റെ Sign അദ്ദേഹം വാങ്ങിത്തരാം എന്ന് പറഞ്ഞത് ചെറുതെങ്കിലും ഒരു പ്രതീക്ഷ നൽകി.


അന്ന് രാത്രി വാട്സൺ സാറിന്റെ കൂടെ war Memorial ലെ amphi theatre ലെ Show കണ്ടു. "നിങ്ങളെ പാട്രിയോടിക് ആക്കുവാൻ അത് മതി" എന്ന് ഒറ്റ വാക്കിൽ ഈ വൈകുന്നേരത്തെ ഷോയെ വിശേഷിപ്പിക്കാം. തിയേറ്ററിൽ പട്ടാളക്കാരുടെ കൂടെ ഇരിക്കുമ്പോഴും മനസ് മുഴുവൻ ബുംലപാസ് യാത്രയെ കുറിച്ചുള്ള ആശങ്കയായിരുന്നു. നാളെയും DC ഒഫീസ് അവധി ആയിരുന്നത് കൊണ്ട് ബുംലപാസിൽ പോകാൻ കഴിയും എന്നതിന്  പ്രതീക്ഷ മങ്ങി.


പിറ്റേന്ന് രാവിലെ തന്നെ ഡ്രൈവറെയും കൂട്ടി DC ഓഫീസിൽ ചെന്നു. ട്രാവൽ ഏജൻസിയുടെ സഹായത്തോടെ ഞങ്ങൾ DC ഓഫീസിലെ ഒരു പ്യൂണിനെ വിളിച്ച് വരുത്തി. അയാൾ DC ഓഫീസ് തുറന്ന് കമ്മിഷണർ ഒപ്പിട്ട പൂരിപ്പിക്കാത്ത ഫോം എടുത്ത് തന്നു. അത് കൊണ്ട് ഞങ്ങൾ പട്ടാള ക്യാമ്പിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ ഏതോ വിഐപി സന്ദർശനത്തിന്റെ ഭാഗമായി എല്ലാ ഓഫീസർമാരും തിരക്കിലായിരുന്നു. ഞങ്ങൾ വീണ്ടും നിരാശരായി. പക്ഷേ  നല്ലവനായ ആ പട്ടാള മേധാവി തന്റെ തിരക്കുകൾക്കിടയിൽ നിന്ന് ഇത്തിരി നേരം ഞങ്ങൾക്ക് വേണ്ടി കണ്ടെത്തിയത് കൊണ്ട് ബുംല പാസ് എന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ വണ്ടി തിരിച്ചു.


ഞങ്ങൾ ആദ്യം പോയത് മാധുരി തടാകത്തിലേക്കാണ്. പോകുന്ന വഴി ചെറിയ ചെറിയ ജലാശയങ്ങളും ഒറ്റപ്പെട്ട തുരുത്തുകളും പച്ചപ്പണിഞ്ഞ് നിൽപ്പുണ്ട്.


north-east_2വലിയൊരു കുന്നിനോട് ചേർന്നാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മറ്റേതോ ലോകത്ത് എത്തിപ്പെട്ടത് പോലെ തോന്നും. അത്രക്ക് വശീകരിക്കുന്ന നൈസർഗിക ഭാവം. ഇവിടെ വച്ചാണ് കൊയ്ല എന്ന സിനിമയിൽ മാധുരി ദീക്ഷിത് അഭിനയിച്ച ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. അങ്ങനെയാണ് ഈ പേര് വന്നത്. ഏതോ ഭൂകമ്പത്തിന്റെ അനന്തരഫലമാണ് ഈ തടാകം. ആദ്യമായി ഭൂകമ്പങ്ങളോട് ഇത്തിരി ആരാധന തോന്നി. ഞങ്ങൾക്ക് അവിടുന്ന് തിരിച്ച് പോകാനേ തോന്നിയില്ല. അത്രക്ക് വശീകരിക്കുന്നതായിരുന്നു മാധുരി തടാകത്തിന്റെ സൗന്ദര്യം.


ഡ്രൈവറുടെ തിരക്ക് കാരണം ഞങ്ങൾ മാധുരി ലെയ്ക്കിനോട് വിട പറഞ്ഞു. നേരെ ഇന്ത്യ- ചൈന അതിർത്തിയിലേക്ക്. പോകാൻ റോഡൊന്നും ഇല്ല. കാണുന്ന പാറ പുറത്ത് കൂടെയൊക്കെയാണ് വണ്ടി പോകുന്നത്. ഉരുണ്ടുരുണ്ട പാറകൾക്ക് മുകളിലൂടെ ഉള്ള യാത്ര അതി സാഹസിക ആയിരുന്നു. ഏത് സമയത്തും വണ്ടി മറിയും എന്ന തോന്നി. ചില സമയത്ത് മറിഞ്ഞു എന്ന് വരെ തോന്നി. ലോകത്തിന്റെ ഉച്ചിയിലൂടെയാണ് സഞ്ചാരം. ഇവിടെ നിന്ന് പടച്ചോന്റെ ബൈനോക്കുലർ കിട്ടിയാൽ ഈ ലോകം മുഴുവൻ കാണാം. മലകളും മഞ്ഞും തടാകങ്ങളും ഇഗ്ലൂ മാതൃകയിലുള്ള വെളുത്ത കൂടാരങ്ങളും മാത്രമാണെങ്ങും. തണുപ്പ് കൊണ്ട് നട്ടെല്ല് മരവിച്ച അവസ്ഥ. ബുംല പാസിൽ എത്തിയ ഞങ്ങൾക്ക്  പണ്ട് നീൽ ആങ്സ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ തോന്നിയ അതേ അനുഭൂതിയാണ് തോന്നിയത്. വെള്ളക്കല്ലുകൾ വിരിച്ച നടപ്പാതക്ക്  തുടക്കത്തിൽ ഇന്ത്യൻ പതാക നാട്ടിയിരുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും മനോഹരമായ ചിത്രങ്ങൾ പാതയുടെ ഇരുവശങ്ങളിലായി  വച്ചിട്ടുണ്ട്. പാത അവസാനിക്കുന്നത് ഒരു വലിയ പാറക്കല്ലിലാണ്. അതാണ് ഇന്ത്യ - ചൈന റോക്ക് ഓഫ് പീസ്. അതായത് ഇന്ത്യ ചൈന അതിർത്തി. അവിടെ ഒരു പട്ടാളക്കാരൻ ബൈനോക്കുലരും പിടിച്ച് നിൽപുണ്ട്. ഞങ്ങൾ അദ്ദേഹത്തെ പരിചയപെട്ടു. അദ്ദേഹം ഞങ്ങൾക്ക് പുതിയ LOc യും മക് മോഹൻ ലൈനും  ഒക്കെ ചൂണ്ടിക്കാണിച്ച് തന്നു. മഞ്ഞ് കാരണം ഒന്നും കാണാനില്ലായിരുന്നു. റോക്ക് ഓഫ് പീസിന് സമീപം ഒരു പ്ലാറ്റ്ഫോം ഉണ്ട്. എല്ലാ റിപ്പബ്ലിക് ദിനത്തിലും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും രണ്ട് യുവതികൾ സമാധാന സന്ദേശം നല്കി ചുംബിക്കുമത്രെ. എത്ര മനോഹരമായ ആചാരങ്ങൾ. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഈ ടിബറ്റൻ പ്രദേശത്ത്, മഞ്ഞിന്റെ അകമ്പടിയിൽ, മരം കോച്ചുന്ന തണുപ്പിൽ, രണ്ട് രാഷ്ട്രങ്ങൾ തമ്മിൽ ചുംബിക്കുന്ന ആ മനോഹരമായ ദൃശ്യം ഞാൻ മനസിൽ സങ്കൽപിച്ചു.


ബുംല പാസിൽ വച്ച് ആർമി മേധാവി ഒപ്പ് വെച്ച ഒരു സർട്ടിഫിക്കറ്റും ഞങ്ങൾക്ക് ലഭിച്ചു. എന്നിലെ സഞ്ചാരിയെ സാക്ഷ്യപ്പെടുത്തുന്ന ആദ്യത്തെ സർട്ടിഫിക്കറ്റ്. അതും ഇന്ത്യൻ സൈനിക മേധാവിയുടെ കയ്യിൽ നിന്നും. ആനന്ദ ലബ്ദിക്ക് ഇതിൽ കൂടുതൽ എന്ത് വേണം.


ബുംല പാസിൽ നിന്നും പോരുമ്പോൾ ഞങ്ങളുടെ അനുഭവങ്ങൾക്ക് ഭാരമേറിയിരുന്നു.


തവാങ് -> തേസ്പൂർ -> ദിമാപൂർ


ഇടുങ്ങിയതും അപകടം പിടിച്ചതും ആയ വഴിയിലൂടെ ഒരു രാത്രി യാത്ര ഞങ്ങൾ വേണ്ടെന്ന്  വെച്ചു. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഞങ്ങൾ ചുരമിറങ്ങി. ദിമാപുരിലേക്കുള്ള ബസ് രാത്രി വളരെ വൈകിയായിരുന്നതിനാൽ തേസ്പൂരിലൂടെ യാത്രകൾ കണ്ട് നടന്നു. തേസ്പുരിലെ പാർക്കിൽ ഞങ്ങൾ ഇരുട്ടത്ത് കൂവി വിളിച്ചു. പാർക്കിനോട് ചേർന്നൊഴുകുന്ന ജലാശയത്തിലെ ഓളങ്ങളിൽ പല തട്ടുകളായി ആ ശബ്ദം പ്രതിധ്വനിച്ചു.


ദിമാപൂരിലേക്ക് ഞങ്ങൾ ട്രാൻപ്പോർട്ട് ബസിലായിരുന്നു സഞ്ചാരം. നന്നായി ക്ഷീണിച്ചിരുന്നതിനാൽ എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങി. ഉറക്കത്തിൽ നാഗാലാന്റിനെ കുറിച്ചുള്ള കെട്ടുകഥകൾ സ്വപ്നത്തിൽ കണ്ടു. ദിമാപുരിൽ പുലർച്ചെ തന്നെ എത്തി. സുഹൃത്ത് വഴി പരിചയപ്പെട്ട നാഗാലാന്റ് കാരനെ വിളിച്ചു. ദിമാപൂർ മുൻസിപ്പൽ ഓഫീസിൽ ILP ക്ക് വേണ്ടി കയറിയിറങ്ങി. ഫേസ്ഫുക്ക് വഴി പരിചയപ്പെട്ടവരും സഹായിച്ചു.


നാഗാലാന്റ് മുഴുവൻ ബാപ്റ്റിസ്റ്റുകളാണ്. കത്തോലിക്കരോട് ചെറിയ പുച്ഛമുള്ള കൂട്ടർ. അവൻ ഞങ്ങളെ ആദ്യം കൊണ്ട് പോയത് ദിമാപുരിലെ വലിയൊരു ബാപ്റ്റിസ്റ്റ് പള്ളിയിലാണ്. കത്തോലിക്കരും ബാപ്റ്റിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് തരുമ്പോൾ ബാപ്റ്റിസ്റ്റുകളെ ഒരു പടി മുകളിൽ പ്രതിഷ്ഠിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദിമാപൂരിലെ പള്ളിയിൽ ചെന്ന് മണിയടിച്ച് ഞങ്ങൾ കൊഹിമയിലേക്കുള്ള ഒരു മഞ്ഞ ടാക്സി പിടിച്ചു.


കൊഹിമ


കൊഹിമ ഒരു ഹിൽ സ്റ്റേഷനാണ്. വഴിയോരങ്ങളിൽ കാടും പച്ചപ്പും കൃഷിയിടങ്ങളും നിറഞ്ഞ് നിന്നു. ലാൻഡ് സിങ്കിങ്ങിന് പേര് കേട്ടറോഡാണ്. പലയിടത്തും റോഡ് താഴ്ന്ന് പോയതായി കാണാം. കയറുംതോറും മഴ കൂടി വന്നു. ഞങ്ങളുടെ ഡ്രൈവർ ഒരു മുരടനും അതിരസികനും ആയിരുന്നു. അയാൾ സംസാരിക്കുന്നത് ഏതോ അജ്ഞാത ഭാഷയിൽ ആയിരുന്നെങ്കിലും ഞങ്ങൾക്ക് എല്ലാം മനസിലാവുന്നുണ്ടായിരുന്നു. വഴിയോരങ്ങളിൽ ഇടക്കിടെ പൈനാപ്പിൾ കച്ചവടക്കാരെ കാണാം. കൊഹിമ യിലാണ് ലോകത്തെ ഏറ്റവും മധുരമുള്ള പെനാപ്പിൾ കിട്ടുക. ഞങ്ങൾ വണ്ടി നിർത്തി പൈനാപ്പിൾ കഴിച്ചു. കേട്ടറിഞ്ഞതിനേക്കാൾ മധുരം. കടയിൽ തൂക്കിയിട്ട കൂടകളിൽ നിന്നും ഞണ്ടുകൾ കാലുകൾ പുറത്തേക്കിട്ടു.


north-east_5കൊഹിമ സിറ്റിയിൽ നല്ല ട്രാഫിക് ഉണ്ടായിരുന്നു. പോരാത്തതിന് മഴയും. ഇവിടുത്തെ ആളുകളുടെ ശരീരപ്രകൃതി, വസ്ത്രധാരണം, തുടങ്ങി എല്ലാം western style ൽ ആണ്. നിരത്തിലൊന്നും പഴയ കാറുകളൊന്നും കാണാനില്ല . നാഗാലാന്റിലെ ആദിവാസികളെ കാണാൻ വന്ന ഞങ്ങൾക്ക് കാണാനായത് ഇവരെയൊക്കെയാണ്. ഇംഗ്ലീഷുകാർ മുറുക്കാൻ തുടങ്ങിയാൽ എങ്ങിനെയിരിക്കും അതാണ് നാഗാലാന്റ്.


ഞങ്ങളുടെ സഹയാത്രികന്റെ കുടുംബ സുഹൃത്തായ പുരുഷോത്തമൻ ചേട്ടൻ നാഗാലാന്റ് സ്‌പീക്കറുടെ മുഖ്യ ഉപദേശകനാണ്. കഴിഞ്ഞ മുപ്പത് വർഷമായി നാഗാലാന്റ് സ്പീക്കറുടെ മുഖ്യ ഉപദേശകൻ ഒരു മലയാളിയാണെന്ന് കേട്ടപ്പോൾ ഞങ്ങളുടെ മലയാളി രോമങ്ങൾ എഴുന്നേറ്റ് നിന്നു. കൊഹിമയിൽ അദേഹം ഞങ്ങളെക്കാത്ത് നിൽപുണ്ടായിരുന്നു.


north-east_4ഞങ്ങൾ ആദ്യം പോയത് നാഗാ മാർക്കറ്റിലേക്കാണ്. അപൂർവമായ കാഴ്ചകൾ. മാർക്കറ്റിൽ പലതരം പുഴുക്കൾ വിൽക്കാൻ വെച്ചിരിക്കുന്നു. തേനീച്ച, വണ്ട്, തടിയൻ പുഴു തുടങ്ങി എല്ലാ പ്രാണികളെയും ഈർക്കിലിൽ കോർത്ത് വെച്ചിരിക്കുന്നു. എലികളും വിൽപനക്കുണ്ട്.  നാഗാലാന്റിലെ ഉൾപ്രദേശങ്ങളിൽ സ്കൂളിൽ പോകുന്ന കുട്ടികൾ ടിഫിൻ ബോക്സിൽ എലി ഫ്രൈ ആണത്രെ കൊണ്ട് പോകാറ്. പാമ്പ് ഉണക്കിയത്, തവള ഉണക്കിയത് തുടങ്ങി ഉണക്കലിന്റെ വകഭേദങ്ങൾ പലതാണ്.


കുറച്ച് കഴിഞ്ഞപ്പോൾ അതിസുന്ദരികളായ രണ്ട്  പെൺകുട്ടികൾ അരക്കിലോ നല്ല മുഴുത്ത മഞ്ഞപുഴുവിനെ വാങ്ങിക്കൊണ്ട് പോയി. ഒരു കിലോ പുഴുവിന് 3000 രൂപ വരെ വിലയുണ്ട്. ചില ദിവസങ്ങളിൽ ഇവിടെ പട്ടിയിറച്ചിയും കിട്ടും. കറുത്ത പട്ടികളെയാണ് നാഗകൾക്ക് പ്രിയം. കറുത്ത പട്ടിയെ എവിടെ കണ്ടാലും പിടിച്ച് കൊണ്ട് പോയി അറുത്ത് ഫ്രൈ ആക്കുമത്രെ !


നാഗാലാന്റ് എംഎൽഎ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ സ്റ്റേ. പുരുഷോത്തമൻ ചേട്ടന്റെ സ്കോർപിയോയിൽ കറക്കവും.


നാഗാലന്റ് എല്ലാ കാലത്തും ഒരു പ്രശ്നബാധിത പ്രദേശമാണ്. ഇവിടുത്തെ ആളുകൾ ഇന്ത്യയുടെ ഭാഗമാവാതെ ഒരു സ്വതന്ത്ര നാഗാലാന്റിന് വേണ്ടി വാദിക്കുന്നവരാണ്. ഇന്ത്യക്കാരെന്ന് പറയാൻ ഇവർക്ക് മടിയാണ്. ഇവിടുത്തുകാർ ആസാമിൽ പോയി വന്നാൽ " ഇന്ത്യയിൽ പോയി വന്നു " എന്നാണത്രെ പറയാറ്. അതിർത്തി പങ്കിടുന്ന പ്രദേശമായത് കൊണ്ട് ഇവരെ കൂടെ നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ നികുതിയടക്കമുള്ള ബാധ്യതകളൊന്നും ഇവരെ അലട്ടാറില്ല. ഫ്രീ നാഗാലാന്റ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വന്ന സംഘടനയാണ് NSGN. അതിൽ തന്നെ നമ്മളെ പോലെ രണ്ട് ഗ്രൂപ്പ് ഉണ്ട്, NSGN(IM) ഉം  NSGN(K) ഉം.


ആർമിയും NSGNs ഉം തമ്മിൽ സദാ സംഘർഷമാണ്. ഇപ്പോ ഇരു കൂട്ടരും തമ്മിൽ സീസ്ഫയറിൽ ആണ്. പരസ്പരം കൊല്ലലും വെടിവെച്ചിടലും ഇവിടെ സർവ്വ സാധാരണമാണ്. ഇവർ കരം പിരിക്കുന്നും ഉണ്ട്. കൊടുത്തില്ലേൽ കൊന്ന് കളയും. നാഗാലാന്റിൽ ഏത് സർക്കാർ അധികാരത്തിൽ വരണമെന്ന് വരെ തീരുമാനിക്കുന്നത് ഇവരാണ്. നാഗാലാന്റ് കാണാൻ വരുന്ന ടൂറിസ്റ്റുകളെ കിഡ്നാപ്പ് ചെയ്ത് ഇന്ത്യൻ ഗവൺമെന്റിനോട് വില പേശുന്നത് സീസ്ഫയറിന് മുമ്പ് സ്ഥിരം കാഴ്ച്ചയായിരുന്നത്രെ.


അന്ന് രാത്രി ഞങ്ങൾ പുരുഷോത്തമൻ  ചേട്ടന്റ കൂടെ കോഴികറിയും ഉണ്ടാക്കി MLA ഹോസ്റ്റലിൽ സുഖമായി ഉറങ്ങി.


പിറ്റേന്ന് രാവിലെ ഞങ്ങൾ നാഗാലാന്റ് അസംബ്ലി മന്ദിരവും സ്പീക്കറുടെ ഒദ്യോഗിക വസതിയും സന്ദർശിച്ചു. നിയമസഭ അവധി ആയിരുന്നതിനാൽ ഞങ്ങൾ അസംബ്ലിയും സ്പീക്കറുടെ ചെമ്പറും ബാൽക്കണിയും എല്ലാം നടന്ന് കണ്ടു.


north-east_3കൊഹിമയിലെ വാർ മെമ്മോറിയൽ വളരെ പ്രസിദ്ധമാണ്. രണ്ടാം ലോകമഹായുദ്ധകാല ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി പടപൊരുതിയ പട്ടാളക്കാരുടെ സ്മരണ നിലനിർത്താൻ കെട്ടിപ്പൊക്കിയതാണിത്. കവാടത്തിൽ For your tomorrow we give up our today എന്ന ചങ്കിൽ കൊള്ളുന്ന വാചകം എഴുതി വെച്ചിരുന്നു. ഇവിടെ ഒരു ചെറി മരത്തിന്റെ ചുവട്ടിലാണ് ജവാൻമാർ പിടഞ്ഞ് വീണത്. പഴയ ചെറി മരത്തിന്റെ സ്ഥാനത്ത് പുതിയ ഒരെണ്ണം വച്ച് പിടിപ്പിച്ചിട്ടുണ്ട്. ചെറിയ ഒരു കുന്നിന്റെ മുകളിൽ ഒരു സെമിത്തേരി പോലെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

നാഗാലാന്റ് സന്ദർശനത്തിന് പറ്റിയ സമയം ഡിസംബർ ആണ്. ഡിസംബറിൽ ആണ് നാഗാ ഫെസ്റ്റ് നടക്കാറ്. അന്ന് വന്നാൽ നാഗാലാന്റിലെ പ്രധാന  ഗോത്രവർഗക്കാർ അവരുടെ പരമ്പരാഗത വേഷങ്ങളിൽ നൃത്തം ചെയ്യുന്നത് കാണാം. പ്രധാനമായും 16 ഗോത്ര വർഗങ്ങളാണ് ഇവിടെയുള്ളത്. ഒരോ ട്രൈബിനും ഓരോ ഭാഷയാണ്, പക്ഷേ എല്ലാർക്കും ഒരേ ലിപിയാണ്. ഇംഗ്ലീഷ്. ഓരോ ഗോത്രത്തിനും വ്യത്യസ്തമായ നിയമങ്ങളും രീതികളും പ്രത്യേകം പ്രത്യേകം ചിഹ്നമാണുള്ളത്. ചിലർക്ക് കാളത്തല ആണെൽ ചിലർക്ക് മാൻ തലയാണ് ചിഹ്നം. ഭക്ഷണ രീതിയിലും വസ്ത്രധാരണത്തിലും വരെ ഈ ഗോത്രീയ വൈവിധ്യം ദൃശ്യമാണ്.


നാഗാലാന്റിലെ  നാഗാഫെസ്റ്റിവെൽ നടക്കാറുള്ളിടത്തേക്കാണ് ഞങ്ങളുടെ അടുത്ത സഞ്ചാരം.
പോകുന്ന വഴി ഒരു ഓടിട്ട വീടിന്റെ പുറത്ത് എന്തിന്റെയോ ഇറച്ചി തൂക്കിയിട്ടിരിക്കുന്നത് കണ്ടു. ഞങ്ങളുടെ സംശയത്തെ "അത് കറുത്ത പട്ടിയിറച്ചി കിട്ടുന്ന സ്ഥലമാണ് " എന്ന് പറഞ്ഞ് ഡ്രൈവർ സ്ഥിരീകരിച്ച് തന്നു.


അങ്ങനെ ഞങ്ങൾ നാഗാ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തെത്തി. അവിടെ ആവോ ഗോത്രവർഗക്കാർ അവരുടെ പരമ്പരാഗത രീതിയിൽ നൃത്തം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു അന്ന്. അവരെ കണ്ട് ഞങ്ങൾക്കും ഞങ്ങളെ കണ്ട് അവർക്കും കൗതുകം തോന്നി. ആദ്യം മടിച്ച് നിന്നെങ്കിലും പിന്നെ കമ്പനിയായി. അവർ ഞങ്ങളിലൊരുത്തന്റെ വസ്ത്രം അഴിച്ച് അവരുടെ ട്രെഡീഷണൽ വേഷം ധരിപ്പിച്ച് നൃത്തം ചെയ്യിച്ചു. നിരുപദ്രവകാരികളെങ്കിലും അവരുടെ സ്വരം ഭീഷണി കലർന്നതായത് കൊണ്ട് എന്റെ സുഹൃത്ത് സ്വമേധയാ നൃത്തം ചെയ്തു. അവരുടെ കൂടെ പോർക്ക് കഴിക്കാനുള്ള ക്ഷണം വിനയത്തോടെ നിരസിച്ച് ഞങ്ങൾ അവിടെ നിന്നും തിരിച്ചു.


പിറ്റേന്നത്തെ ടോപിഹോമ വില്ലേജ് സന്ദർശനം ഒരു പരാജയമായിരുന്നു. ടൂറിസം ഡവലപ്മെന്റ് നിർമ്മിച്ച കുറെ വില്ലകൾ മാത്രമേ അവിടെ കാണാനുണ്ടായിരുന്നുള്ളൂ. മിക്കതും അടച്ചിട്ടിരിക്കുകയാണ്. ഫെസ്റ്റ് വെൽ സമയത്ത് ഇതെല്ലാം ഫുൾ ബുക്കിംഗ് ആക്കുമത്രെ.

അന്ന് രാത്രി വൈവിധ്യം നിറഞ്ഞ നിരവധി ഓർമ്മകളുമായി ഞങ്ങൾ ഗുവാഹത്തിയിലേക്ക്  ബസ് കയറി.


കൊഹിമ -> ഗുവാഹത്തി -> ഷില്ലോംഗ്


ഗുവാഹത്തിയിൽ നിന്നും ഷില്ലോഗിലേക്ക് പോകുന്ന ടാങ്ക്സിക്കാർ തിരക്കിലാണ്.
മിതമായ നിരക്കിൽ ഒരു ടാക്സി സെറ്റാവും വരെ ഞങ്ങൾ ചായ കുടിച്ചോണ്ടിരുന്നു.


നല്ല വീതിയുള്ള തിരക്ക് തീരെയില്ലാത്ത വിശാലമായ ഭൂപ്രദേശത്ത് കൂടെ പരന്നൊഴുകുന്ന ഒരു കാട്ടുവള്ളി പോലെ റോഡുകൾ. പ്രഭാത മഞ്ഞും വെയിലും സംഗമിക്കുന്നിടത് ഒരു സ്കൂൾ കുട്ടി ബാഗും തൂക്കി നടന്ന് വരുന്നു. പുറകിൽ സൈക്കിളിൽ പോകുന്ന പാൽക്കാരൻ... ഇടക്കിടെ ഞങ്ങൾ നല്ല വ്യൂ പോയിന്റുകളിൽ വണ്ടി നിർത്തി വിശ്രമിച്ചു.


നാലു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ ഷില്ലോങ്ങിൽ എത്തി. ഷില്ലോംഗ്.. അഭ്യന്തര പ്രശ്നങ്ങൾ ഒന്നും അലട്ടാത്ത സുന്ദര ഭൂമി. മെച്ചപ്പെട്ട റോഡുകൾ, ജീവിതരീതികൾ, കാലാവസ്ഥ കേരളത്തിന് തുല്യം.


ഷില്ലോങ്ങിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരമുണ്ട് പ്രസിദ്ധമായ മൗലിനോംഗ് ഗ്രാമത്തിലേക്ക്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി ലഭിച്ച ഗ്രാമമാണിത്. കേട്ടത് പോലെ തന്നെ തന്നെയായിരുന്നു അവിടത്തെ വൃത്തി. നടക്കുന്ന വഴികളിലെല്ലാം മുളകൊണ്ട് മെനഞ്ഞ വെയ്സ്റ്റ്കൂടകൾ വെച്ചിരുന്നു. പ്ലാസ്റ്റിക് ന്റെ ഒരംശം  പോലും എവിടെയും കാണാൻ കിട്ടില്ല. യാന്ത്രികമായതൊന്നും അടുപ്പിക്കാതെ പ്രകൃതിയോടിണങ്ങി കഴിയുന്ന ഒരു കൂട്ടം മനുഷ്യർ. വളരെ മനോഹരമായ രൂപകൽപന ചെയ്ത ചെറിയ ചെറിയ വീടുകൾ, വീടിനു ചുറ്റും മുള വേലികൾ, വേലിപ്പടർപ്പുകൾ ചാഞ്ഞ നാട്ടുവഴികൾ. എല്ലാറ്റിനും ഒരു അനുഗ്രഹീത കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞ പ്രതീതി. ഇവരുടെ ഈസ്തറ്റിക് സെൻസ് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു.


ഞങ്ങൾ നാട്ടുവഴിയിലൂടെ  നടന്നു. മഴക്കാറ് കൊണ്ട് വഴിയിൽ ഇരുട്ട് നിറയുന്നുണ്ടായിരുന്നു. നടന്ന് നടന്ന് നാട്ടുവഴി കാട്ടുവഴിയായി. വഴി അവസാനിച്ചത് ഒരു ചോലയിലാണ്. ചോലക്ക് കുറുകെ മരവേരുകൾ തീർത്ത മഹാ വിസമയം. ചോലക്ക് ഇരു വശങ്ങളിലും ഉള്ള രണ്ട് വൃക്ഷങ്ങൾ കെട്ടിപ്പുണർന്നുണ്ടായ ലിവിംഗ് റൂട്ട് ബ്രിഡ്ജ്. മേഘാലയയിലെ ഏറ്റവും നീളം കൂടിയ ലിവിങ്ങ് റൂട്ട് ബ്രിഡ്ജാണിത്. ഇരുട്ടും നീർചോലയും കാട്ടുവള്ളികളും നാട്ടുവഴികളും ഇണചേർന്ന ഈ സ്ഥലത്തിന്റെ വശ്യത വാക്കുകൾക്കതീതമാണ്. ചോലക്കരികെ കഞ്ചാവടിച്ച് കൊണ്ടിരുന്ന രണ്ട് നാട്ടു വാസികൾ ഞങ്ങൾക്ക് നേരെ ഒരു പുക  നീട്ടി. ആ പ്രകൃതി സൗന്ദര്യത്തിന് മുന്നിൽ ആദ്യമേ കിളി പോയിരുന്ന ഞങ്ങൾക്ക്  ഒരു കഞ്ചാവിന്റെ ആവശ്യം തീരെയില്ലായിരുന്നു.


ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി


വൈകുന്നേരമാണ് ഞങ്ങൾ ബംഗ്ലാദേശ് അതിർത്തിയിലെത്തിയത്. ചൈന അതിർത്തി പോലെ സദാ ജാഗരൂഗരായ പട്ടാളക്കാരെ ഒന്നും കാണാനില്ല . ബംഗ്ലാദേശിലേക്ക്  പോകുന്ന ചരക്ക് ലോറികളുടെ നീണ്ട നിര .. ഒരുമാതിരി വാളയാർ ചെക് പോസ്റ്റിൽ ചെന്ന അവസ്ഥ. ഒരു പെട്ടിക്കടയിൽ ഇന്ത്യൻ പട്ടാളവും മറ്റൊരു പെട്ടിക്കടയിൽ ബഗ്ലാദേശ് പട്ടാളക്കാരും ചായ കുടിച്ച്  ഇരിപ്പുണ്ട്. ഇവയ്ക്ക് രണ്ടിനും മദ്ധ്യേ ഒരു കല്ലു വെച്ചിട്ടുണ്ട്. അതാണത്രെ അതിർത്തി .അതിനപ്പുറം പോവരുതെന്ന് ആർമി ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എങ്കിലും തൊട്ടടുത്ത വയലിലൂടെ പശുവിനെ കെട്ടാൻ ഇന്ത്യയിൽ വരുന്ന നിരവധി ബംഗ്ലാദേശികളെ ഞങ്ങൾ ആദ്യമേ കണ്ടിരുന്നത് കൊണ്ട് അതൊരു വെറും വാക്ക് പോലെയാണ് തോന്നിയത്.. ആർമിയോട് സലാം പറഞ്ഞ് അതിർത്തിയോട്  ചേർന്നുള്ള ചെറിയൊരു വെള്ളച്ചാട്ടത്തിൽ നീന്തിക്കുളിച്ച്  ഞങ്ങൾ തിരിച്ച് പോന്നു. അടുത്ത ദിവസം ചിറാപ്പുഞ്ചിയിൽ പ്ലാൻ ചെയ്ത ട്രക്കിം ങ്ങോടെ ഞങ്ങളുടെ മേലാലയ പര്യവേക്ഷണം അവസാനിക്കും.


ചിറാപുഞ്ചി


സോഹ്റ, പ്രദേശവാസികൾക്കിടയിൽ ചിറാപുഞ്ചിക്ക് ഇങ്ങനെയൊരു പേരുണ്ട്. മഴ നിലയ്ക്കാത്ത പ്രദേശം. ഭൂമിയിലെ ഏറ്റവും നനവുള്ള സ്ഥലങ്ങളിൽ ഒന്ന്, നനഞ്ഞ മണ്ണ്, വഴുക്കുന്ന ഒറ്റയടി പാതകൾ, ഭൂമിയുടെ ഗർഭത്തിലേക്കിറങ്ങി പോകുന്ന നിഗൂഢമായ പടവുകൾ. ഒരു കിലോമീറ്ററിലധികം നീണ്ട് കിടക്കുന്ന ഇരുട്ട് മൂടിയ പടവുകൾ. നിബിഢമായ വൃക്ഷങ്ങളുടെ ഇരുട്ടിൽ ചാറ്റൽ മഴ കൊണ്ട് കാട്ടുവള്ളികളിൽ തൂങ്ങി ഞങ്ങൾ നടന്നു. ചുറ്റും ചീവീടുകളുടെ ശബ്ദം. ദൂരെ നീർച്ചോലകൾ ഒഴുകുന്ന ശബ്ദം. ഞങ്ങൾ നനഞ്ഞ് കളിർന്നു. മഴയോടൊപ്പം ഞങ്ങളും അന്തരീക്ഷത്തിൽ ലയിച്ചു.


ആൾ താമസം ഒട്ടും ഇല്ലാത്ത മനുഷ്യന്റെ കൈയ്യെത്തിയിട്ടില്ലാത്ത മഴക്കാട്. വഴിമുട്ടിയപ്പോൾ ഞങ്ങൾക്കൊരു ഗൈഡിനെ കിട്ടി. ഞങ്ങൾ കൊടുത്ത ബിസ്കറ്റിന്റെ നന്ദിയിൽ കൂടെ കൂടിയതാണ്. ഞങ്ങൾ അവനെ ടോമി ബോയ് എന്ന് വിളിച്ചു.


ടോമി ബോയ് ഞങ്ങൾക്ക് മുന്നിൽ ഒരു വഴി കാട്ടിയായി  നടന്നു. ഇടക്കിടെ തിരിഞ്ഞ് നോക്കി ഞങ്ങൾ വരുന്നില്ലേ എന്ന് ഉറപ്പ് വരുത്ത തൂക്കുപാലങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പാത . ഞങ്ങൾ 4 മനുഷ്യരും ഒരു നായയും... അരുവികളിൽ ഇറങ്ങി ഞങ്ങൾ ആദിമ മനുഷ്യരെ പോലെ നീരാടി. കാട്ടുവള്ളികളും വേരുകയും തീർത്ത പാലങ്ങളാണെവിടെയും. അവക്കിടയിലൂടെ സ്വച്ഛമായി ഒഴുകുന്ന അരുവി. എല്ലാം പ്രകൃതിയുടെ അതിഭാവുകത്വം നിറഞ്ഞ കാഴ്ചകൾ.


നാല് മണിക്കൂർ നീണ്ടു നിന്ന ട്രക്കിംഗ് അവസാനിച്ചത് പ്രസിദ്ധമായ ഡബിൾ ഡെക്കർ ബ്രിഡ്ജിൽ ആണ്. രണ്ട് തട്ടുള്ള മര വേരുകൾ തീർത്ത കലാവിരുത്. കനത്ത മഴ കണ്ണിനെ നനച്ചു. കാഴ്ച്ചകൾക്ക് മാറ്റ് കൂടി. ഞങ്ങൾ പാലത്തിൽ കയറി നിന്ന് മഴ കൊണ്ടു.


യാത്രയുടെ പര്യവസാനം ഇത്ര കിടിലമാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ബ്രിഡ്ജിനോട് ചേർന്ന് പല്ലുകൾ പോട് വന്ന രണ്ട് പെൺകുട്ടികൾ ഞങ്ങൾ സുലൈമാനി ഉണ്ടാക്കി തന്നു.


വരുന്ന വഴി പ്രസി സമായ മൗസ്മയി  Caves സന്ദർശിക്കാൻ മറന്നില്ല.


യാത്രയുടെ പതിനേഴാം ദിവസം ഉച്ചയോടെ ഞങ്ങൾ ഗുവാഹത്തിയിൽ തിരിച്ചെത്തി.  അടുത്ത ദിവസമാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്. അന്ന് ഞങ്ങൾ ആസാമിലെ സമീപ പ്രദേശങ്ങളും ബ്രഹ്മപുത്രയിലെ ബോട്ടിങ്ങും ആസ്വദിച്ചു. രാത്രി സൈക്കിൾ റിക്ഷയിൽ തെരുവ് മുഴുവൻ കറങ്ങി. റിക്ഷ ഞങ്ങൾ തന്നെയാണ് ചവിട്ടിയിരുന്നത്. റിക്ഷാക്കാരനോട്  ചോദിച്ച്  വാങ്ങിയതായിരുന്നെങ്കിലും രണ്ട് പേരെ വെച്ച് സൈക്കിൾ വലിക്കുന്നത് അത്ര നിസാരമല്ല എന്ന് ചവിട്ടി തുടങ്ങിയപ്പോഴാണ് മനസിലായത്.


പിറ്റേന്ന് ആസാമിൽ യോനീ പൂജ നടക്കുന്ന കാമാക്കിയ ക്ഷേത്രം സന്ദർശിച്ചു. ഭക്തിയുടെ വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ്  ഞങ്ങൾക്കവിടെ കാണാനായത്. വളരെ തിരക്കുണ്ടായിരുന്നു.  ഭക്തർ, ഭക്തി കച്ചവടം ചെയ്യുന്നവർ, തുടങ്ങി ജനനിബിഢമാണ് പരിസരം. ആടിനെ ബലി കൊടുക്കുന്ന ആചാരം ഉള്ളതിനാൽ  തെരുവിലും  ക്ഷേത്രത്തിലും എല്ലാം കുറി തൊട്ട ആടുകളും മേയുന്നുണ്ട്. ഞങ്ങൾ ആളുകൾക്കും ആടുകൾക്കും ഇടയിലൂടെ എല്ലാം നടന്ന് കണ്ടു. യോനീ ദേവിയുടെ വിഗ്രഹങ്ങളും ക്ഷേത്ര ചുമരിലെ മനോഹരമായ ശിൽപങ്ങളും എല്ലാം..


അങ്ങനെ പതിനെട്ട് ദിവസം നീണ്ടു നിന്ന യാത്രക്ക് പര്യവസാനം കുറിച്ച് കൊണ്ട് ഗുവാഹത്തി എയർപോർട്ടിൽ നിന്ന് ബോർഡിംഗ് പാസ് കിട്ടി. പതിനെട്ട് ദിവസം , ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ഇരുപതിനായിരം രൂപ പോലും ചെലവഴിക്കാതെ, അഞ്ച് സംസ്ഥാനങ്ങളും രണ്ട് അതിർത്തികളും താണ്ടി, അറിവും അനുഭവങ്ങളും ഒട്ടനവധി സമ്മാനിച്ച ആ അവിസ്മരണീയ യാത്ര അവസാനിച്ചു. ഫ്ലൈറ്റ് എടുക്കും മുമ്പ് ഞങ്ങൾ ആദ്യമായും അവസാനമായും ഒരു സെൽഫി എടുത്തു. ആനന്ദത്തിന്റെ സെൽഫി.