സൗദിയില്‍ പ്രവാസികള്‍ തല്‍ക്കാലം നികുതി അടക്കേണ്ടതില്ല

പ്രവാസികളില്‍ നിന്നും നികുതിയെന്നത് സൗദിയിലെ എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, ദേശീയ സാമ്പത്തിക പരിഷ്കാര നയത്തിന്റെ ശുപാര്‍ശ മാത്രമായിരുന്നുവെന്നും നിലവില്‍ ഇത് നടപ്പിലാക്കുന്നില്ലെന്നും ധനകാര്യ മന്ത്രിയായ ഇബ്രാഹിം അല്‍ അസഫ് വ്യക്തമാക്കി

സൗദിയില്‍ പ്രവാസികള്‍ തല്‍ക്കാലം നികുതി അടക്കേണ്ടതില്ല

ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ധനകാര്യ മന്ത്രാലയം. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി, പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്നു എന്ന് ഏറെനാളായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തല്‍ക്കാലത്തേക്ക് ഇത് നടപ്പിലാക്കേണ്ടെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

പ്രവാസികളില്‍ നിന്നും നികുതിയെന്നത് സൗദിയിലെ എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, ദേശീയ സാമ്പത്തിക പരിഷ്കാര നയത്തിന്റെ ശുപാര്‍ശ മാത്രമായിരുന്നുവെന്നും നിലവില്‍ ഇത് നടപ്പിലാക്കുന്നില്ലെന്നും ധനകാര്യ മന്ത്രിയായ ഇബ്രാഹിം അല്‍ അസഫ് വ്യക്തമാക്കി. എന്നാല്‍, ഭാവിയില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പരിവര്‍ത്തന പദ്ധതിയേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


ആദായ നികുതി ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത സൗദിയിലെ പ്രവാസികളില്‍ ഏറെ ആശങ്ക ഉണര്‍ത്തിയിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. മുപ്പത് ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതും സൗദി അറേബ്യയിലാണ്. അതുകൊണ്ട് തന്നെ, നികുതി നിലവില്‍ വരുന്നില്ലെന്ന ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തല്‍ക്കാലാശ്വാസത്തിന് വഴിവെച്ചിരിക്കുകയാണ്.