നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ബന്ധു നിയമന വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം

സ്വാശ്രയ വിഷയത്തില്‍ സഭ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നേരത്തെ പിരിഞ്ഞ സഭ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ബന്ധു നിയമന വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: ബന്ധു നിയമന വിവാദവും വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജിക്കും ശേഷം ഇന്ന് നിയമസഭാ സമ്മേളനം പുനരാരംഭിക്കും. കണ്ണൂരിലെ കൊലപാതകങ്ങള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ബന്ധു നിയമനങ്ങള്‍. തുടങ്ങിയ വിഷയങ്ങളാവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ ബന്ധു നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍ ആരോപണ വിധേയനായ ഇപി ജയരാജന്‍ രാജിവച്ചത് സര്‍ക്കാരിന് ആശ്വാസമാകും.


സ്വാശ്രയ വിഷയത്തില്‍ സഭ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നേരത്തെ പിരിഞ്ഞ സഭ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വയ്പ്പിക്കാനായത് പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ സമാനമായ രീതിയില്‍ ബന്ധുനിയമനവിവാദവും ഉയര്‍ത്തിക്കൊണ്ടുവരാനാകും പ്രതിപക്ഷം ശ്രമിക്കുക.

മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടന്ന ബന്ധുനിയമനങ്ങളുടെ പട്ടിക ഭരണപക്ഷവും ശേഖരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണ വിധേയരായ ബന്ധുക്കളില്‍ രണ്ടുപേര്‍ മാത്രമാണ് രാജിവെച്ചത്. എന്നാല്‍ മന്ത്രിയുടെ രാജി സര്‍ക്കാര്‍ കാണിച്ച മാതൃകയായി പ്രതിപക്ഷത്തിന് മുന്നില്‍ അവതരിപ്പിക്കാനാവും സാധ്യത.

ഇന്ന് സഭ പുനരാരംഭിക്കാനിരിക്കെ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചും പ്രഖ്യപിച്ചിട്ടുണ്ട്. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, ബിജെപിയും സിപിഐഎമ്മും നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. എന്നാല്‍, സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ നടത്തിയ നിരാഹാരം പ്രതിപക്ഷം ഇനി പുനരാരംഭിക്കാന്‍ സാധ്യത കുറവാണ്.

Read More >>