അഞ്ചടിച്ച് ബ്രസീൽ മുന്നോട്ട്; അർജന്റീനയ്ക്കും സ്‌പെയിനിനും ഇറ്റലിക്കും സമനിലക്കുരുക്ക്

ഗോൾ മഴയ്ക്ക് തുടക്കമിടുകയും രണ്ട് ഗോളുകൾക്ക് സഹായം ഒരുക്കുകയും ചെയ്ത നെയ്മറിന്റെ മിന്നുന്ന ഫോമിൽ തന്നെയായിരുന്നു കാനറികളുടെ വിജയം

അഞ്ചടിച്ച് ബ്രസീൽ മുന്നോട്ട്; അർജന്റീനയ്ക്കും സ്‌പെയിനിനും ഇറ്റലിക്കും സമനിലക്കുരുക്ക്

നേറ്റൽ: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബൊളീവിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നെയ്മറും സംഘവും എതിരാളികളെ മുക്കിയത്. ഇതേസമയം മറ്റൊരു മത്സരത്തിൽ അർജന്റീനയെ 2-2 എന്ന നിലയിൽ പെറു സമനിലയിൽ കുരുക്കി.
ഗോൾ മഴയ്ക്ക് തുടക്കമിടുകയും രണ്ട് ഗോളുകൾക്ക് സഹായം ഒരുക്കുകയും ചെയ്ത നെയ്മറിന്റെ മിന്നുന്ന ഫോമിൽ തന്നെയായിരുന്നു കാനറികളുടെ വിജയം. 11-ആം മിനുറ്റിൽ ബൊളീവിയൻ താരം റാൽഡെസ് വരുത്തിയ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ബ്രസീൽ സൂപ്പർ താരം പിന്നീടത് ഗബ്രിയേൽ ജീസസിന് കൈമാറി. പെനാൽറ്റി ബോക്‌സിനരികിൽ നിന്നും ആ പന്ത് വീണ്ടും നെയ്മറിന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ വലയിലേക്ക് തൊടുക്കാൻ പിന്നെ അധികസമയം വേണ്ടി വന്നില്ല. ഗോൾ...!

26-ആം മിനിറ്റിൽ ഫിലിപ്പ കുട്ടിഞ്ഞോയുടെ വകയായിരുന്നു രണ്ടാം ഗോൾ. ഗുലിയാനോ നൽകിയ പാസിലായിരുന്നു ബൊളീവിയക്ക് രണ്ടാം പ്രഹരം കിട്ടിയത്. 39-ആം മിനുറ്റിൽ ഫിലിപ് ലൂയിസ് കാർസ്മിർക്കി മൂന്നാം ഗോളും എതിരാളികളുടെ വലയിലാക്കി. നെയ്മറുടെ അത്യുഗ്രൻ പാസിലായിരുന്നു ഇടതു വിംഗിലെ പ്രതിരോധതാരമായ ഫിലിപ്പിന്റെ രണ്ടാം അന്താരാഷ്ട്ര ഗോൾ. പിൻനിരയിൽ നിന്നും മുന്നിലേക്ക് ഓടിക്കയറി ഫിനിഷ് ചെയ്ത പ്രതിരോധതാരം റോബെർട്ടോ കാർലോസിന്റെ പ്രതാപകാലത്തെ അൽപ്പസമയം ആരാധകരെ ഓർമ്മപ്പെടുത്തി.
ഒന്നാം പാതിയിൽ കളി അവവസാനിപ്പിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ നാലാമതും ബൊളീവിയൻ വല കുലുങ്ങി. ഗബ്രിയേൽ ജീസസിനായിരുന്നു ഇത്തവണത്തെ ഊഴം. മത്സരത്തിലെ ആദ്യഗോൾ കണ്ടെത്തുന്നതിന് നെയ്മറെ സഹായിച്ച ജീസസിനെ ഇത്തവണ നെയ്മർ സഹായിച്ച് കടംവീട്ടി. ഇതോടെ ഇടവേളയ്ക്ക് കളി നിറുത്തുമ്പോൾ
നാലു ഗോളുകൾക്ക് മഞ്ഞപ്പട മുൻപിൽ. അതും നാലു വ്യത്യസ്ത സ്‌കോറർമാരിലൂടെ
എന്ന അപൂർവതയിൽ.
രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്തിയ ബൊളീവിയൻ നിരയിൽ ആക്രമിക്കാൻ ബ്രസീലിന് തുടക്കത്തിൽ കഴിഞ്ഞില്ല. എന്നാൽ 75-ആം മിനുറ്റിൽ ഒരിക്കൽ കൂടി ബൊളീവിയൻ പ്രതിരോധം പാളി. പകരക്കാരനായി ഇറങ്ങിയ റോബർട്ടോ ഫിർമിനോയായിരുന്നു അത് മുതലെടുത്തത്. കുട്ടീഞ്ഞോ എടുത്ത കോർണർ തല കൊണ്ട്
കുത്തി വലയിലാക്കിയായിരുന്നു അഞ്ചാം ഗോളിന്റെ പിറവി. ഇതോടെ ഗോൾപട്ടിക പൂർത്തിയായി.

സമനിലക്കുരുക്കിൽ
ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇറ്റലിയും സ്‌പെയിനും തമ്മിൽ നടന്ന മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഗോളൊന്നും പിറക്കാതിരുന്ന കളിയുടെ രണ്ടാം പകുതിയിൽ സ്‌പെയിനിന് വേണ്ടി വിറ്റലോയാണ് 55-ആം മിനുറ്റിൽ ആദ്യം സ്‌കോർ ചെയ്തത്. 82-ആം മിനിറ്റിൽ ഡി റോസിയിലൂടെ ഇറ്റലി തിരിച്ചടിച്ചതോടെ മത്സരം സമനിലയിലായി. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന - പെറു മത്സരവും സമനിലയിലാണ് കലാശിച്ചത്. മെസിയില്ലാതെ ഇറങ്ങിയ അർജന്റീന 15-ആം മിനുറ്റിൽ റമൈരോ ഫ്യൂൺസ് മോറിയിലൂടെ ആദ്യം തന്നെ പെറുവിന്റെ ഗോൾവല കുലുക്കി. എന്നാൽ രണ്ടാം പകുതിയുടെ 58-ആം മിനുറ്റിൽ ഗ്വെരേരോയിലൂടെ പെറു സമനില പിടിച്ചു. തുടർന്ന് 77-ആം മിനുറ്റിൽ ഹിഗ്വയ്ൻ വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും ആ ലീഡ് അധികനേരം നിന്നില്ല. 84-ആം മിനുറ്റിൽ ക്യൂവയിലൂടെ വീണ്ടും അർജന്റൈൻ വലയ്ക്കുള്ളിൽ പന്തെത്തിച്ച് പെറു കളി സമനിലയിലെത്തിച്ചു.

Read More >>