ട്രംപിന്റെ 6000ത്തോളം (കു)പ്രസിദ്ധ പരാമര്‍ശങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ നിരത്തി ന്യൂയോര്‍ക്ക് ടൈംസ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതലുള്ള ട്രംപിന്റെ വിവാദപരമായ പ്രസ്താവനകള്‍ അമേരിക്കന്‍ ജനതയെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന വേളയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ ന്യൂയോര്‍ക്ക്‌ ടൈംസ് അദ്ദേഹത്തിന്‍റെ പല (കു)പ്രസിദ്ധ പരാമര്‍ശങ്ങളും പുറത്തുവിട്ടിരിക്കുന്നത്

ട്രംപിന്റെ 6000ത്തോളം (കു)പ്രസിദ്ധ പരാമര്‍ശങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ നിരത്തി ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കയുടെ അടുത്ത ഭരണാധികാരി ആരെന്നറിയാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി. ട്വിറ്ററിലൂടെ ട്രംപ് നടത്തിയിട്ടുള്ള എല്ലാ പരിഹാസങ്ങളും അപഹാസ്യപരമായ പ്രസ്താവനകളും കൂട്ടിച്ചേര്‍ത്തു പ്രസിദ്ധീകരിച്ചിരിക്കുകയാണ് യുഎസിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ്.

തിങ്കളാഴ്ചയാണ് 6000ത്തോളം വരുന്ന ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ ന്യൂയോര്‍ക്ക്‌ ടൈംസ് പ്രസിദ്ധീകരിച്ചത്. പല പ്രമുഖ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ട്രംപ് ഉയര്‍ത്തിയ പരിഹാസങ്ങള്‍ ഒന്നുപോലും വിടാതെ ശേഖരിച്ചിട്ടുണ്ട് ന്യൂയോര്‍ക്ക്‌ ടൈംസ്. ഇവയില്‍ ചിലതൊക്കെ നിരുപദ്രവകരമായ തമാശകള്‍ മാത്രമാണെങ്കില്‍ പലതും കടുത്ത സ്ത്രീവിരുദ്ധതയും വര്‍ഗ്ഗീയതയും കലര്‍ന്നവയാണ്.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതലുള്ള ട്രംപിന്റെ വിവാദപരമായ പ്രസ്താവനകള്‍ അമേരിക്കന്‍ ജനതയെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന വേളയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ ന്യൂയോര്‍ക്ക്‌ ടൈംസ് അദ്ദേഹത്തിന്‍റെ പല (കു)പ്രസിദ്ധ പരാമര്‍ശങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഏറെനാളായി തങ്ങള്‍ ഇത് തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നുവെന്നും തക്ക സമയത്ത് പുറത്തുവിടാനായി കാത്തിരിക്കുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക്‌ ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ ടോം ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്ന് തിരഞ്ഞെടുപ്പ് സംവാദങ്ങളും പൂര്‍ത്തിയായതോടെ ട്രംപിന്റെ വിധി ഏറെക്കുറെ നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു സംവാദങ്ങളിലും ഹിലരി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടി പതറുന്ന ട്രംപിനെയാണ് കാണാന്‍ കഴിഞ്ഞത്. കൂടാതെ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കില്ല എന്ന് കഴിഞ്ഞ വാരം ട്രംപ് നടത്തിയ പ്രസ്താവനയും വിവാദമായി.