തേജസ് പത്രത്തിലെ വാര്‍ത്തകള്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി; അങ്ങനെയെങ്കില്‍ പത്രാധിപരെ തുറങ്കിലടയ്ക്കണമെന്ന് എന്‍ പി ചെക്കുട്ടി

2009 അവസാനകാലത്ത് തേജസ് പത്രത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാറിന് സര്‍ക്കുലര്‍ അയച്ചിരുന്നു. എന്നാല്‍ 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ തേജസിനെതിരെ കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തേജസിനെക്കുറിച്ച് നിരവധി പരാതികളുള്ളതിനാല്‍ പരസ്യം നല്‍കരുതെന്ന് കാണിച്ചാണ് അന്ന് സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

തേജസ് പത്രത്തിലെ വാര്‍ത്തകള്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി; അങ്ങനെയെങ്കില്‍ പത്രാധിപരെ തുറങ്കിലടയ്ക്കണമെന്ന് എന്‍ പി ചെക്കുട്ടി

കോഴിക്കോട്: രാജ്യതാല്‍പര്യത്തിന് വിരുദ്ധവും വര്‍ഗീയ വിദ്വേഷ പ്രചാരണവും നടത്തുന്ന തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ എഡിറ്റര്‍ എന്‍ പി ചെക്കുട്ടി രംഗത്ത്. നിയസമഭയില്‍ പിസി ജോര്‍ജ്ജിന്റെ സബ്മിഷനാണ് തേജസിന് പരസ്യം നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

തേജസിന് പരസ്യം നിഷേധിക്കാന്‍ മുഖ്യമന്ത്രി പറയുന്ന വാദങ്ങള്‍ ശരിയാണെങ്കില്‍ പത്രാധിരുടെ പേരില്‍ കേസെടുത്ത് തുറുങ്കലടയ്ക്കുകയാണ് വേണ്ടതെന്ന് എന്‍ പി ചെക്കൂട്ടി പറഞ്ഞു. സാധിക്കുമെങ്കില്‍ പത്രാധിപരെ തൂക്കിലേറ്റുക തന്നെ വേണം. രാജ്യദ്രോഹ വകുപ്പുകള്‍ കേസില്‍ ചേര്‍ക്കണമെന്നും മലപ്പുറത്ത് പിറ്റ്‌സ സംഘടിപ്പിച്ച സെമിനാറില്‍ ചെക്കൂട്ടി പരിഹസിച്ചു. മുഖ്യമന്ത്രി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ഒരു നിമിഷംപോലും പ്രവര്‍ത്തിക്കാന്‍ തേജസിന് അവകാശമില്ല.


ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള പത്രം പ്രവാചകനെ അപമാനകരമായ പ്രചാരണങ്ങള്‍ നടത്തി. പ്രമുഖ ഇടതുപക്ഷ പത്രം തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്ന് പ്രസ് കൗണ്‍സിലിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. അതൊന്നും പിണറായി വിജയന്റെ ശ്രദ്ധയില്‍ പതിയാത്ത കാര്യങ്ങളാണോ? കീഴാള സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നേര്‍ത്ത പ്രതിഷേധങ്ങളെപ്പോലും ഇല്ലാതാക്കാനാണ് തേജസിനെ തകര്‍ക്കാനുള്ള ശ്രമം.

ബിജെപി നേതാവ് എല്‍ കെ അദ്വാനിയാണ് പറയുന്നതെങ്കില്‍ പ്രശ്‌നമില്ല. പിണറായി വിജയനില്‍ നിന്ന് ഇത്തരത്തിലൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഏതു പത്രമായാലും അതിനെതിരെ നടപടിയെടുക്കണമെന്ന നിലപാട് തന്നെയാണ് തന്റേതെന്ന് എന്‍ പി ചെക്കുട്ടി 'നാരദാ ന്യൂസി'നോട് പറഞ്ഞു. പക്ഷേ പരസ്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

2006ലാണ് പോപ്പുലര്‍ഫ്രണ്ട് തേജസ് പത്രം തുടങ്ങിയത്. മുന്‍ സിമി പ്രവര്‍ത്തകനായ പ്രഫ.പി കോയ പത്രാധിപരായ തേജസ് കോഴിക്കോട് നല്ലളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ ഫണ്ട് വരവ് കുറഞ്ഞ തേജസ് കടുത്ത പ്രതിസന്ധിയിലൂടെയാണിപ്പോള്‍ കടന്നുപോകുന്നത്. വര്‍ഗീയ വിദ്വേഷം പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നെന്ന കാരണമുയര്‍ത്തി കഴിഞ്ഞ വിഎസ് സര്‍ക്കാറിന്റെ കാലത്താണ് തേജസിന് പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാര്‍ക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണിപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

2009 അവസാനകാലത്ത് തേജസ് പത്രത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാറിന് സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതേതുടര്‍ന്ന് തേജസ് പ്രതിനിധികള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ നേരിൽകണ്ടു തേജസിന്റെ നയവും നിലപാടും വ്യക്തമാക്കുന്ന മെമ്മോറാണ്ടം നല്‍കിയിരുന്നു.

2010ല്‍ ഇടതുസര്‍ക്കാറിന്റെ നാലാംവാര്‍ഷികത്തിന്റെ മൂന്ന് പേജ് പരസ്യം എല്ലാ പത്രങ്ങളെയുംപോലെ തേജസിനും അനുവദിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് പിആര്‍ഡി പിന്നീട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തേജസ് മാനേജ്‌മെന്റ് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ സമീപിച്ച് പരസ്യം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

തേജസിന്റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നുമാത്രമാണ് കേന്ദ്രസർക്കാരിന്റെ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ തേജസിനെതിരെ കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തേജസിനെക്കുറിച്ച് നിരവധി പരാതികളുള്ളതിനാല്‍ പരസ്യം നല്‍കരുതെന്ന് കാണിച്ചാണ് അന്ന് സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

പിന്നീട് പരസ്യം ലഭിക്കാതെ വന്നതോടെ തേജസ് മാനേജ് മെന്റ് ഹൈക്കോടതിയെ സമീപിച്ച് പരസ്യ നിഷേധത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഉമ്മന്‍ചാണ്ടി ആഭ്യന്തര സെക്രട്ടറി ചെയര്‍മാനായ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. പിന്നീട് വന്ന പിണറായി സര്‍ക്കാറും തേജസിന് പരസ്യം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായാണുണ്ടായത്.

Read More >>