ന്യൂസിലൻഡിന് പര്യടനത്തിലെ ആദ്യവിജയം; കിവികളുടെ ജയം ആറു റൺസിന്

ഇന്ത്യയ്ക്കു വേണ്ടി അമിത് മിശ്രയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്, കേദാർ യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ന്യൂസിലൻഡിന് പര്യടനത്തിലെ ആദ്യവിജയം; കിവികളുടെ ജയം ആറു റൺസിന്

ന്യൂഡൽഹി: ഒരു മാസത്തിലേറെയായി ഇന്ത്യൻ പര്യടനം നടത്തുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ആദ്യമായി ഒരു വിജയം നേടി. ഇന്നലെ ന്യൂഡൽഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ആറു റൺസിനായിരുന്നു കിവികളുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 242 എന്ന സ്‌കോറിൽ എത്തിയപ്പോൾ ഇന്ത്യയുടെ ചേസിംഗ് 49.3 ഓവറിൽ 236ൽ അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ നായകൻ കേൻ വില്യംസണാണ് (128 പന്തുകൾ, 14 ബൗണ്ടറി, ഒരു സിക്‌സ്), കിവീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 40 ലേറെ ഓവറുകൾ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന് ലതാമും (46), ടെയ ്‌ലറും (21), ആൻഡേഴ്‌സണും (21) മാത്രമാണ് പിന്തുണ നൽകിയത്. കിവീസ് ക്യാപ്ടൻ കാഴ്ചവച്ച ക്ഷമ ഇന്ത്യൻ മുൻനിര ബാറ്റ്‌സ്മാന്മാർക്ക് ഇല്ലാതെ പോയതാണ് ഇന്നലത്തെ തോൽവിക്ക് കാരണം.


പര്യടനത്തിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട കിവീസ് കോട്‌ലയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയപ്പോൾ ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ഗപ്ടിലിന്റെ (0) ക്ലീൻ ബൗൾഡാക്കി ഉമേഷ് യാദവ് ആദ്യ മത്സരത്തിലെ ബൗളിംഗ് മികവിന്റെ തുടർച്ചയ്ക്ക് സൂചന നൽകിയതാണ്. എന്നാൽ, തുടർന്ന് ക്രീസിലെത്തിയ കേൻ വില്യംസണും ലതാമും (46) ചേർന്ന് കൂട്ടിച്ചേർത്ത 120 റൺസ് അവരെ ധർമ്മശാലയിലേതുപോലുള്ള ഒരു വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ലതാം പുറത്തായശേഷം ടെയ്‌ലർ (21), ആൻഡേഴ്‌സൺ (21) എന്നിവർ ചെറുത്തു നിന്നപ്പോൾ റൺ റേറ്റ് കുറഞ്ഞെങ്കിലും 41-ാം ഓവറിൽ 200 കടക്കാൻ കിവീസിന് കഴിഞ്ഞു. ടീം സ്‌കോർ 204-ൽ വച്ച് വില്യംസണെ അമിത് മിശ്ര പുറത്താക്കിയശേഷം കിവീസ് വാലറ്റത്തെ എറിഞ്ഞൊതുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞതാണ് ലക്ഷ്യം 243ൽ നിറുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.
ഇന്ത്യയ്ക്കു വേണ്ടി അമിത് മിശ്രയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്, കേദാർ യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി മാൻ ഒഫ് ദ മാച്ചായ പാണ്ഡ്യെയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
ഈസി ചേസിംഗ് എന്ന് ധരിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് വഴിത്തിരിവായത്.
എട്ടാം ഓവറിൽ രോഹിതും (15) 12-ാം ഓവറിൽ കോഹ്ലിയും (9) മടങ്ങിയപ്പോൾ സ്‌കോർ ബോർഡിൽ 40 റൺസേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് രഹാനെയും (28), മനീഷ് പാണ്ഡെയും (19) ചേർന്ന് മുന്നേറിയെങ്കിലും ടീം സ്‌കോർ 72ൽ വച്ച് രഹാനെയും 73ൽ മനീഷും പുറത്തായതോടെ അപകടം മണത്തു. എന്നാൽ നാലു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിൽ നിന്ന് ധോണിയും (39), കേദാർ യാദവും (41) ചേർന്ന് ക്രീസിലുറച്ചപ്പോൾ ആശ്വാസം തിരികെയെത്തി. പക്ഷേ, 32-ാം ഓവറിൽ കേദാറും 40-ാം ഓവറിൽ ധോണിയും പുറത്തായതോടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിലായി. പിന്നീട് 11 റൺസിനിടെ അക്ഷർ പട്ടേലും (17) അമിത് മിശ്രയും (1) കൂടാരം കയറി. 45-ാം ഓവറിൽ ഉമേഷും ഹാർദിക്കും ചേർന്ന് 200 കടത്തിവിട്ടു. ഒമ്പതാം വിക്കറ്റിൽ പാണ്ഡ്യയും (36), ഉമേഷും (18 നോട്ടൗട്ട്) ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്ത് വിജയത്തിനടുത്തുവരെ എത്തിച്ചെങ്കിലും സൗത്തിയും ബൗൾട്ടും ചേർന്ന് അവസാന ഓവറിൽ ഇന്ത്യയെ ആറ് റൺസകലെ ആൾ ഔട്ടാക്കി.

Read More >>