എല്‍എല്‍ബി പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ച് പുതിയ വിജ്ഞാപനം; റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആശങ്കയില്‍

പുതിയ വിജ്ഞാപനമനുസരിച്ച് മികച്ച റാങ്കുള്ളവരുടെ പ്രായം 20 വയസ്സിന് മുകളിലായാല്‍ പ്രവേശനം ലഭിക്കില്ല. പരീക്ഷയെഴുതിയവരില്‍ 20 വയസ്സ് കഴിഞ്ഞവര്‍ റാങ്ക് പട്ടികയില്‍ പിന്നിലായാലും പ്രവേശനം ലഭിക്കും. 2136 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ പകുതിയിലധികം പേരുടെ പ്രായം 20 വയസ്സിനു മുകളിലാണ്.

എല്‍എല്‍ബി പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ച് പുതിയ വിജ്ഞാപനം; റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആശങ്കയില്‍

കൊച്ചി: സംസ്ഥാനത്ത് എല്‍എല്‍ബി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പ്രായപരിധി നിശ്ചയിച്ച് പുതിയ വിജ്ഞാപനമിറക്കിയത് പരീക്ഷയെഴുതിയവരെ ആശങ്കയിലാക്കുന്നു. ത്രിവത്സര- പഞ്ചവത്സര കോഴ്‌സുകള്‍ക്ക് പ്രായപരിധി ബാധകമാക്കിയതിനാല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കാതെ വരും. അഞ്ചു വര്‍ഷത്തെ കോഴ്‌സിന് 20 വയസ്സും മൂന്ന് വര്‍ഷത്തെ കോഴ്‌സിന് 30 വയസ്സുമാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.


ജൂലൈ 28നാണ് പ്രവേശന പ്രവേശന പരീക്ഷയ്ക്കുള്ള ആദ്യ വിജ്ഞാപനം പുറപ്പൈടുവിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പരീക്ഷ എഴുതാമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് നടന്ന പരീക്ഷയുടെ ഫലം സെപ്റ്റംബര്‍ എട്ടിനു പ്രഖ്യാപിക്കുകയും 26ന് റാങ്ക് പട്ടിക പ്രസിദ്ധീകരികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുതിയ പ്രായപരിധി നിശ്ചയിച്ച് ഒക്ടോബര്‍ 22 ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് പരീക്ഷാര്‍ത്ഥികളെ വലച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച് മികച്ച റാങ്കുള്ളവരുടെ പ്രായം 20 വയസ്സിന് മുകളിലായാല്‍ പ്രവേശനം ലഭിക്കില്ല. പരീക്ഷയെഴുതിയവരില്‍ 20 വയസ്സ് കഴിഞ്ഞവര്‍ റാങ്ക് പട്ടികയില്‍ പിന്നിലായാലും പ്രവേശനം ലഭിക്കും. 2136 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ പകുതിയിലധികം പേരുടെ പ്രായം 20 വയസ്സിനു മുകളിലാണ്.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ജോലി രാജിവെച്ച് കോഴ്‌സിന് ചേരാനിരുന്നവരും നിരവധിപേരുണ്ട്. പുതിയ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സുപ്രീം കോടതി ഉത്തരവിന്റേയും ബാര്‍ കൗണ്‍സില്‍ നിബന്ധനയുടേയും അടിസ്ഥാനത്തിലാണ് പ്രായപരിധി നിശ്ചയിച്ചതെന്നാണ് പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഇതെക്കുറിച്ചന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് പരീക്ഷാര്‍ത്ഥികള്‍ പറയുന്നു.

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി എല്‍എല്‍ബി കോഴ്‌സുകളിലേക്ക് ക്ലാസുകള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ പ്രായപരിധി സംബന്ധിച്ച അനിശ്ചിതത്വം ക്ലാസുകള്‍ ആരംഭിക്കുന്നത് ഇനിയും നീണ്ടുപോകാന്‍ ഇടവരുത്തും.

Read More >>