ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമാകുന്നില്ല; എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ളില്‍ മുറുമുറുപ്പ്

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യ സംസ്ഥാന സമിതി യോഗത്തില്‍ ബോര്‍ഡ് -കോര്‍പ്പറേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനം നടത്താതില്‍ നിരാശയുണ്ടെന്ന് ഒരു എന്‍ഡിഎ ഘടകക്ഷി നേതാവ് നാരദാന്യൂസിനോട് പറഞ്ഞു

ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമാകുന്നില്ല; എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ളില്‍ മുറുമുറുപ്പ്

കൊച്ചി: സംസ്ഥാനത്ത് എന്‍ഡിഎ പുനസംഘടിപ്പിച്ചെങ്കിലും ഘടകക്ഷികള്‍ക്കുള്ളിലെ അസ്വസ്ഥത മാറുന്നില്ല. വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയാണ് മുന്നണിയിലെ ചെറുപാര്‍ട്ടികള്‍ക്കുള്ളത്. ബോര്‍ഡ് -കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാത്തതും ഘടകകക്ഷികളെ അസ്വസ്ഥരാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യ സംസ്ഥാന സമിതി യോഗത്തില്‍ ബോര്‍ഡ് -കോര്‍പ്പറേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനം നടത്താതില്‍ നിരാശയുണ്ടെന്ന് ഒരു എന്‍ഡിഎ ഘടകക്ഷി നേതാവ് നാരദാന്യൂസിനോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി കേരളഘടകത്തിനുള്ളിലെ പ്രശ്‌നങ്ങളാണ് നിയമനം വൈകാന്‍ കാരണമെന്നും പരാതിയുണ്ട്.


എന്‍ഡിഎ യോഗങ്ങളില്‍ ബോര്‍ഡ് -കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. നിര്‍വ്വാഹകസമിതി യോഗത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ നേരില്‍ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്നണിക്കുള്ളില്‍ ബിഡിജെഎസ് വിലപേശല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്ന ആക്ഷേപവും മറ്റുപാര്‍ട്ടികള്‍ക്കുണ്ട്.

എന്‍ഡിഎ ജില്ലാ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച് പ്രാഥമികചര്‍ച്ചകള്‍ മാത്രമാണ് കഴിഞ്ഞ ദിവസത്തെ സംസ്ഥാന സമിതി യോഗത്തില്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 11നുള്ളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഘടകക്ഷി നേതാക്കളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. ഓരോ ജില്ലയിലും ചെയര്‍മാന്‍, കണ്‍വീനര്‍, കോ കണ്‍വീനര്‍ സ്ഥാനങ്ങളാണ് വീതം വെക്കുക.

ബിജെപി, ബിഡിജെഎസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാര്‍ട്ടികള്‍ പ്രധാനസ്ഥാനങ്ങള്‍ക്കായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളുടെ പ്രതിനിധികളായി ജില്ലാ കമ്മിറ്റികളില്‍ രണ്ടംഗങ്ങളെ ഉള്‍പ്പെടുത്താമെന്നാണ് പ്രാഥമിക ചര്‍ച്ചയില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ്, എല്‍ജെപി, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്, എസ്‌ജെപി, പിഎസ്പി, ജെഎസ്എസ്, എന്‍ഡിപി തുടങ്ങിയ പാര്‍ട്ടികള്‍.

Read More >>