നാദാപുരത്ത് ഓണപ്പൊട്ടന്റെ വേഷം കെട്ടിയ യുവാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവം; നിരവധി ഓണപ്പൊട്ടന്‍മാരെ അണിനരത്തി പ്രതിഷേധം

ഓണം മഹാബലിയെ സംബന്ധിച്ച ഉത്സവമല്ല മറിച്ച് വാമന ജയന്തിയാണെന്ന് അമിത്ഷായും ശശികല ടീച്ചറും പറഞ്ഞതിന്റെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സജേഷിനെതിരെ മര്‍ദ്ദനം അരങ്ങേറിയത്.

നാദാപുരത്ത് ഓണപ്പൊട്ടന്റെ വേഷം കെട്ടിയ യുവാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവം; നിരവധി ഓണപ്പൊട്ടന്‍മാരെ അണിനരത്തി പ്രതിഷേധം

കോഴിക്കോട് നാദാപുരത്ത് ഓണപ്പൊട്ടന്റെ വേഷം കെട്ടിയ യുവാവിനെ തിരുവോണ നാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ പ്രതിഷേധം. നിരവധി ഓണപ്പൊട്ട വേഷങ്ങളെ അണിനിരത്തിയാണ് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നാല് മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ കൂട്ടായ്മ നടന്നു. കേരള മലയന്‍ പാണന്‍ സമുദായോദ്ധാരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടന്നത്.


തിരുവോണനാളില്‍ നാദാപുരം ചിയ്യൂരില്‍ ഓണപ്പൊട്ടന്റെ വേഷം കെട്ടിയ ദളിത് വിഭാഗത്തില്‍പ്പെട്ട സജേഷിനെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഒരു മലയന്റെ മോനും ഇനി മുതല്‍ ഓണപ്പൊട്ടന്റെ വേഷം കെട്ടെണ്ടെന്ന് ആക്രോശിച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് സജീഷ് പറഞ്ഞിരുന്നു. ഓണം മഹാബലിയെ സംബന്ധിച്ച ഉത്സവമല്ല മറിച്ച് വാമന ജയന്തിയാണെന്ന് അമിത്ഷായും ശശികല ടീച്ചറും പറഞതിന്റെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സജേഷിനെതിരെ മര്‍ദ്ദം അരങ്ങേറിയത്.

ഹൈന്ദവ വിരുദ്ധതയാണ് ഓണപ്പൊട്ടനിലൂടെ നടക്കുന്നതെന്നും ഓണപ്പൊട്ടന്‍ വീടുകളിലെത്തിയാല്‍ വാതില്‍ തുറക്കരുതെന്നും സജേഷിനെ ആക്രമിച്ചവര്‍ ചിയ്യൂരിലെ വീടുകളില്‍ കയറി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ എതിര്‍പ്പിന് ശേഷവും ഓണപ്പൊട്ടന്റെ വേഷം കെട്ടിയതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിക്കാന്‍ കാരണമെന്നും സജേഷ് പറഞ്ഞു.

സജേഷിനെ ആക്രമിച്ചവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അറിവ്.

Read More >>