'പത്തിരി വരുന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നെന്ന് കാന്തപുരം പറഞ്ഞു'- ട്രോളിന്റെ എരിവറിഞ്ഞ് വീഡിയോ

ജാതിമതഭേദമില്ലാതെ ട്രോള്‍ പൊങ്കാല ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുകയാണ് യുക്തിയില്ലാത്ത മതവിഡ്ഢിത്തങ്ങള്‍. പത്തിരി വരുന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്നാണെന്ന് കാന്തപുരം തന്നോട് പറഞ്ഞിട്ടുണ്ട് എന്നു പറയുന്ന ഒരു 'പണ്ഡിതൻ' ഇതാ

പത്തിരിയെ വളരെ നിസാരമായി കണ്ട് ഇറച്ചിയും കൂട്ടി കടിച്ചുപറിച്ച് തിന്നുന്നവര്‍ സൂക്ഷിക്കുക. പത്തിരിയെ ബഹുമാനിക്കാത്തവര്‍ക്കൊക്കെ വന്‍ പണി കിട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യനെന്ന് കരുതുന്നയാള്‍ 'വ്യക്തമാക്കുന്നു'. പത്തിരി വരുന്നത് സ്വര്‍ഗത്തില്‍ നിന്നാണെന്ന് കാന്തപുരം തന്നോട് 'വെളിപ്പെടുത്തി'യതായി ഇദ്ദേഹം പറയുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ട് വിജയകരമായി മുന്നേറുകയാണ്.


നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഉസ്താദിനെ ഇദ്ദേഹം കാണുന്നത്. പത്തിരി ഇഷ്ടമാണോ എന്ന് ചോദിച്ചാണ് കാന്തപുരം സംസാരം തുടങ്ങുന്നത്. പത്തിരിയുടെ കൂടെ ബീഫ് കൂട്ടി കഴിക്കാനാണ് തനിക്കിഷ്ടമെന്ന് ഇദ്ദേഹം വെളിപ്പെടുത്തുമ്പോള്‍ പത്തിരി കിട്ടിയാല്‍ ബീഫിനായി കാത്തിരിക്കാറുണ്ടോയെന്ന് ഉസ്താദ് ചോദിക്കുന്നു. കാത്തിരിക്കാറുണ്ടെന്ന് ഇദ്ദേഹം മറുപടി പറയുമ്പോള്‍ അത് പാടില്ല പത്തിരി വരുന്നത് സ്വര്‍ഗത്തില്‍ നിന്നാണെന്ന് കാന്തപുരം 'വ്യക്തമാക്കി'യതായി ഇദ്ദേഹം പറയുന്നു.പത്തിരി വച്ചുകൊണ്ട് ബീഫിനായി കാത്തിരിക്കുമ്പോള്‍ പത്തിരിക്ക് സ്വാഭാവികമായി ലഭിക്കേണ്ട ബഹുമാനം ബീഫിലേക്ക് പോകുന്നതായി ഉസ്താദ് പറഞ്ഞെന്ന് ഇദ്ദേഹം പറയുന്നു. ബീഫിന് ലഭിക്കുന്ന ഈ അന്യായമായ ബഹുമാനവും സ്വര്‍ഗത്തില്‍ നിന്ന് വന്ന പത്തിരി നേരിടുന്ന അപമാനവുമാണ് ഇക്കാര്യത്തില്‍ ഉസ്താദിനെ വിഷമിപ്പിച്ചതെന്ന് കരുതാം. ഭൂമിയെപ്പോലെ വയലുകളുകളൊക്കെയുള്ള മറ്റൊരു ഗ്രഹമുണ്ട്. ഭൂമിയെപ്പോലിരിക്കും. അവിടെ നിന്നാണ് ഇവിടെ പത്തിരിയായി മാറേണ്ട അരിമണികളുടെ വിത്ത് വരുന്നത്. സ്വര്‍ഗത്തിന്റെ വിഭവമാണ് പത്തിരിയെന്ന് ഉസ്താദ് പറഞ്ഞുവയ്ക്കുന്നു - ഇദ്ദേഹം പറയുന്നു. കെപ്ലര്‍ 22 ബി എന്ന ഗ്രഹത്തെക്കുറിച്ച് കാന്തപുരം പ്രവചനം നടത്തിയതായും ഇദ്ദേഹം പറയുന്നു.