മേനകാ ഗാന്ധി കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റുന്നുവെന്ന് വി മുരളീധരന്‍

ഇത്തരം പ്രസ്താവനകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റാനും മാത്രമേ ഉപകരിക്കൂവെന്നും മുരളീധരൻ പറയുന്നു.

മേനകാ ഗാന്ധി കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റുന്നുവെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി മേനകാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രിയ്ക്കയച്ച കത്തിൽ മുരളീധരൻ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റാനും മാത്രമേ ഉപകരിക്കൂവെന്നും മുരളീധരൻ പറയുന്നു.

"തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങള്‍ക്ക് എങ്ങനെയാണ് യോജിക്കാനാകുക?" മുരളീധരന്‍ ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയായ മേനക ഗാന്ധി തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയ്യാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്വന്തം വകുപ്പിനു കീഴില്‍ വരാത്ത ഒരു പ്രശ്‌നത്തില്‍ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡിജിപിയോട് പറയാന്‍ താങ്കള്‍ക്ക് അവകാശമില്ലെന്നു കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുകളില്‍ കെട്ടിവയ്ക്കരുതെന്നും മുരളീധരന്‍ മേനകാഗാന്ധിയോട് ആവശ്യപ്പെട്ടു.

Read More >>