ഐ എസ് എൽ: സമനിലയോടെ മുംബൈ മുന്നിൽ

മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായാണ് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്

ഐ എസ് എൽ: സമനിലയോടെ മുംബൈ മുന്നിൽ

നിരഞ്ജന്‍

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി സമനില വഴങ്ങിയ മുംബൈ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ ഡി.വൈ.പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിലായത്.

മത്യാസ് അഡ്രിയാൻ ഡി ഫെഡെറിക്കോയിലൂടെ 27-ആം മിനിറ്റിൽ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ട് മഞ്ഞക്കാർഡുകൾ ഏറ്റുവാങ്ങി 72-ആം മിനിറ്റിൽ പ്രണോയ് ഹാൽഡർ കളത്തിന് പുറത്തേക്ക് പോയതോടെ പത്തുപേരായി ചുരുങ്ങിയ മുംബൈക്കെതിരെ 82-ആം മിനിറ്റിൽ ആതിഥേയർ സമനിലഗോൾ കണ്ടെത്തി. യാവിലാറയായിരുന്നു സ്‌കോറർ.


പരിക്കേറ്റ മാർക്വീ താരം ഡീഗോ ഫോർലാൻ ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെയും കളിക്കാൻ ഇറങ്ങിയില്ല. അത്‌ലറ്റികോ ഡി മാഡ്രിഡിന്റെ മാർക്വി താരമായ ഹെൽഡർ പോസ്റ്റിഗയും പരിക്കുമൂലം ഇന്നലെ കളിച്ചില്ല.
കളിയുടെ ആരംഭം മുതൽ അത്‌ലറ്റികോയായിരുന്നു ആക്രമിച്ച് കളിച്ചത്. എന്നാൽ, ആദ്യ അവസരം മുംബൈയ്ക്കായിരുന്നു ലഭിച്ചത്. ഒമ്പതാം മിനിറ്റിൽ ഡെഫെറികോ നടത്തിയ മുന്നേറ്റം അത്‌ലറ്റികോ പ്രതിരോധ നിര പ്രയാസപ്പെട്ടാണ് തടഞ്ഞത്.

ഈ അവസരം മുതലാക്കാനായില്ലേങ്കിലും അർജന്റീനക്കാരനായ ഫോർവേഡ് ഡെഫെറിക്കോയിലൂടെ തന്നെ മുംബൈ എതിരാളികളുടെ ഗോള്‍ വല കുലുക്കി. മദ്ധ്യനിരയിൽ നിന്ന് ഖോൻജി നൽകിയ പാസ് കൊൽക്കത്തയുടെ പ്രതിരോധനിരയെയും മറികടന്നായിരുന്നു ഡെഫെറികോയുടെ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പ്രണോയ് ഹാൽഡർ ആദ്യ മഞ്ഞക്കാർഡ് വാങ്ങിയത്. 72-ആം മിനിറ്റിൽ ബോറിയ ഫെർണാണ്ടസിനെതിരെ ഒരു അനാവശ്യ ഫൗളിന് മുതിർന്ന പ്രണോയ് രണ്ടാമത്തെ മഞ്ഞക്കാർഡും വാങ്ങി മൈതാനത്തിന് പുറത്തേക്കുള്ള വഴിയിരന്നു. ഇതോടെ വീര്യം വീണ്ടെടുത്ത അത്‌ലറ്റികോയ്ക്ക്
വേണ്ടി ബോറിയ നൽകിയ പാസിൽ നിന്ന് പത്തു മിനുറ്റിനകം ലാറ സമനില ഗോൾ
നേടുകയും ചെയ്തു.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായാണ് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. അഞ്ച് പോയിന്റുള്ള കൊൽക്കത്ത മൂന്നാമതാണ്. മൂന്നു കളികളിൽ നിന്നും ആറ് പോയിന്റ് നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാമതും രണ്ടു കളിയിൽ നിന്നും നാല് പോയിന്റുള്ള ഡൽഹി നാലാമതും നിൽക്കുന്നു. പൂനെ (രണ്ടു കളിയിൽ നിന്ന് മൂന്നു പോയിന്റ്), ചെന്നൈയിൻ (രണ്ടു കളിയിൽ നിന്നും ഒരു പോയിന്റ്), കേരള ബ്ലാസ്‌റ്റേഴ്‌സ് (മൂന്നു കളിയിൽ നിന്നും ഒരു പോയിന്റ്), ഗോവ (രണ്ടു കളിയിൽ നിന്നും പോയന്റൊന്നുമില്ല) എന്നീ ടീമുകളാണ് യഥാക്രമം അഞ്ചു മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളിൽ.

ഇന്നത്തെ കളി

പൂനെ ശ്രീ ഛത്രപതി ശിവജി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൂനെ സിറ്റി നേരിടും. പൂനെയുടെ രണ്ടാം ഹോം മത്സരമാണ് ഇന്നത്തേത്.

Read More >>