ഫോർലാന്റെ ഗോളിൽ കൊൽക്കത്തയ്‌ക്കെതിരെ മുംബൈക്ക് ജയം; ജയത്തോടെ മുംബൈ പട്ടികയിൽ ഒന്നാമത്

ഏഴു കളികളിൽ നിന്ന് 11 പോയിന്റ് നേടിയ മുംബൈ എഫ്.സി ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ചൈന്നൈയിൻ നാലാം സ്ഥാനത്തും കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഫോർലാന്റെ ഗോളിൽ കൊൽക്കത്തയ്‌ക്കെതിരെ മുംബൈക്ക് ജയം; ജയത്തോടെ മുംബൈ പട്ടികയിൽ ഒന്നാമത്

കൊൽക്കത്ത: അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ പരാജയമറിയാത്ത പോരാട്ടത്തിന് ഡീഗോ ഫോർലാന്റെ 79-ആം മിനുറ്റിലെ ഗോളോടെ മുംബൈയുടെ വിലക്ക്. ഗോവയോട് ഒരു ഗോളിന് തോറ്റതിന്റെ നിരാശ കൊൽക്കത്തയോട് ജയിച്ച് ഒന്നാമതെത്തിയതോടെ മുംബൈ മായ്ച്ചുകളഞ്ഞു.
ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയും കൊൽക്കത്തയിലെ രവീന്ദ്ര സരോവർ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നു. കളി തുടങ്ങി എട്ടാം മിനുറ്റിൽ തന്നെ കൊൽക്കത്തൻ പ്രതിരോധം ഭേദിച്ച് മുംബൈ മുന്നേറ്റമുണ്ടായി. കൊൽക്കത്തയ്ക്ക് വേണ്ടി ദൗത്തി മുംബൈ ഗോൾമുഖത്ത് എടുത്ത കോർണർ തട്ടിയെടുത്ത് കഫുവും ഫോർലാനും ചേർന്ന് എതിർ ബോക്‌സിന് പുറത്തെത്തിച്ചു. പിന്നീട് ഈ പന്ത് നോർദേയ്ക്ക് കൈമാറി. പന്ത് ചെയ്സ്റ്റിലെടുത്ത് ഇടംകാൽ കൊണ്ട് ഗോൾ മുഖത്തേക്ക് നോർദേ പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗോളൊഴിഞ്ഞുനിന്നു. അഞ്ചു മിനുറ്റുകൾക്കകം വീണ്ടും കഫു - ഫോർലാൻ സഖ്യം വീണ്ടും ഗോൾമുഖത്തേക്ക് പാഞ്ഞടുത്തെങ്കിലും മുംബൈ മാർക്വീ താരം തൊടുത്ത പന്ത് പോസ്റ്റിൽ നിന്നും അകലെ പോയി.

25-ആം മിനുറ്റിൽ കൊൽക്കത്തയ്ക്ക് പോസ്റ്റിന് 25 വാര അകലെ നിന്നും ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ജാവി ലാറയുടെ കിക്ക് മുംബൈ മതിലിൽ തട്ടിത്തെറിച്ചു. 33-ആം മിനുറ്റിൽ സേന റാൽറ്റെ ഒരു മുന്നേറ്റം നടത്തിയെങ്കിലും കൊൽക്കത്തയുടെ പ്രതിരോധ താരം റോബർട്ട് നിഷ്പ്രഭമാക്കി. ആദ്യപകുതിയിൽ കൊൽക്കത്തയുടെ മുന്നേറ്റങ്ങൾക്കൊന്നും അവരുടെ ഹോം ഗ്രൗണ്ട് സാക്ഷിയായില്ല. മുംബൈ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാനും കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതം.
74-ആം മിനുറ്റിലായിരുന്നു മുംബൈയുടെ ഗോൾ പിറന്നത്. കൊൽക്കത്തയുടെ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട സോണി നോർദേയുടെ പാസിൽ നിന്നായിരുന്നു ഫോർലാൻ വല കുലുക്കിയത്. വലതു വിങ്ങിൽ നിന്നും സോണി നോർദെ നൽകിയ ക്രോസ് കൊൽക്കത്ത ഡിഫൻഡർ പ്രബീർ ദാസിന്റെ ദേഹത്ത് തട്ടി ഗതിമാറി ഫോർലാന്റെ കാലിലെത്തുകയായിരുന്നു. രണ്ട് ഡിഫൻഡേഴ്‌സിനെയും ഗോളി ദേബജിത്ത് മജുംദാറിനെയും കാഴ്ച്ചക്കാരാക്കി ഫോർലാൻ പന്ത് വലയ്ക്കകത്താക്കി. ഐ.എസ്.എൽ മൂന്നാം സീസണിൽ കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. തോൽവിയോടെ കൊൽക്കത്ത ഒമ്പതു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏഴു കളികളിൽ നിന്ന് 11 പോയിന്റ് നേടിയ മുംബൈ എഫ്.സി ഈ വിജയത്തോടെ ഒന്നാമതെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ചൈന്നൈയിൻ നാലാം സ്ഥാനത്തും കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമുണ്ട്.

Read More >>