ഫോർലാന്റെ പെനാൽറ്റി ഗോളിൽ മുംബൈയ്ക്ക് ജയം

55-ആം മിനുറ്റിൽ മാർക്വി താരമായ ഡീഗോ ഫോർലാന്റെ പെനാൽറ്റി ഗോളിലായിരുന്നു മുംബൈയുടെ വിജയം

ഫോർലാന്റെ പെനാൽറ്റി ഗോളിൽ മുംബൈയ്ക്ക് ജയം

നിരഞ്ജൻ

മുംബൈ: ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നിന്നും അന്ധേരി സ്‌പോർട്‌സ് കോംപ്ലക്‌സിലെ പുതിയ സ്റ്റേഡിയത്തിലേക്ക് കൂടു മാറിയ മുംബൈ എഫ്.സിക്ക് ആദ്യ ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. 55-ആം മിനുറ്റിൽ മാർക്വി താരമായ ഡീഗോ ഫോർലാന്റെ പെനാൽറ്റി ഗോളിലായിരുന്നു മുംബൈയുടെ വിജയം.
പൂനെയെ നേരിട്ട ടീമിൽ മാറ്റങ്ങളില്ലാതെയായിരുന്നു നോർത്ത് ഈസ്റ്റിനെതിരെ കോച്ച് അലക്‌സാന്ദ്രോ ഗ്യുയ്മറിസ് മുംബൈയെ കളത്തിലിറക്കിയത്. എന്നാൽ ഗോവയെ നേരിട്ട ടീമിൽ മൂന്നു മാറ്റങ്ങളോടെയായിരുന്നു നെലോ വിൻഗാഡ നോർത്ത് ഈസ്റ്റിനെ ഒരുക്കിയത്. കളിയുടെ തുടക്കം മുതൽ ആതിഥേയർ എതിർ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. രണ്ടാം മിനുറ്റിൽ ഡീഗോ ഫോർലാന്റെ ഉഗ്രനൊരു ഷോട്ട് വളരെ അത്ഭുതകരമായാണ് നോർത്ത് ഈസ്റ്റ് ഗോളി സുബ്രതോ പാൽ തടഞ്ഞിട്ടത്. ഇതേസമയം വടക്കുകിഴക്കൻ ആക്രമണത്തിന്റെ കുന്തമുനകളായ കാറ്റ്‌സുമി യൂസയെയും സെത്യാസിംഗിനെയും മുംബൈയുടെ പ്രതിരോധഭടൻമാരായ സേഹ്നജ് സിംഗും പ്രണോയ് ഹാൽഡറും ചേർന്ന് മതിൽകെട്ടി തടഞ്ഞു.

12-ആം മിനുറ്റിൽ സെന റാൽറ്റെ കൈമാറിയ പന്ത് ഡീഗോ ഫോർലാന് ബോക്‌സിനകത്ത് വച്ച് കിട്ടിയെങ്കിലും ഗുസ്താവോയുടെ പ്രതിരോധത്തിൽ അവസരം മുതലാക്കാൻ ഉറുഗ്വെൻ താരത്തിന് കഴിഞ്ഞില്ല. ഇതിനിടെ റോമറിക് ഒരു വോളിയിലൂടെ സ്‌കോർ ചെയ്യാൻ നോക്കിയെങ്കിലും മുംബൈ ഗോളി റോബെർട്ടോ വാംപെറ്റ തടഞ്ഞിട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ ബാക്കിനിൽക്കെ ഡെഫെഡെറികോ ഫോർലാന് പന്ത് ഉയർത്തി നൽകിയെങ്കിലും സുകോറ അപകടം ഒഴിവാക്കി ക്ലിയർ ചെയ്തു. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി സമാപിച്ചു.
രണ്ടാം പകുതിയിൽ പെനാൽറ്റിക്ക് വഴിയൊരുക്കിയത് നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ വലിയ പിഴവെന്ന് തന്നെ പറയാം. സുകോറയുടെ കൈയിലെ പന്ത് തട്ടിയെടുക്കാൻ ഫോർലാൻ ശ്രമിക്കുന്നതിനിടെ ക്ലിയർ ചെയ്യുന്നതിന് പകരം ബ്രസീലുകാരനായ ഡിഫൻഡർ ഗുസ്താവോയ്ക്ക് നൽകി. ഈ പന്ത് ഗുസ്താവോ റീഗന് കൈമാറി. ഇതിനിടെയെത്തിയ പ്രണോയ് ഹാൽഡറെ പ്രതിരോധിക്കുന്നതിനിടെ റീഗന്റെ താളം തെറ്റി ഫൗളായി മാറി. ബോക്‌സിനുള്ളിൽ വച്ചുള്ള ഫൗളിന് റഫറിയുടെ കൈകൾ പോസ്റ്റിന് നേർക്ക് നീണ്ടു. പെനാൽറ്റി...! കിക്കെടുത്ത പരിചയസമ്പന്നനായ ഡീഗോ ഫോർലാന് പിഴച്ചില്ല. വലയ്ക്കു മുൻപിൽ നിന്ന സുബ്രതോയെയും മറികടന്ന് പന്ത് വലയ്ക്കുള്ളിലേക്ക്. 55-ആം മിനുറ്റിലായിരുന്നു മുംബൈയുടെ ഗോൾ പിറന്നത്.
പിന്നീട് ആക്രമണ പ്രത്യാക്രമണങ്ങൾ ഇരുഭാഗത്തേക്കും ഉണ്ടായെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ മുംബൈയ്ക്ക് തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടിൽ വിജയം. അതും മാർക്വി താരം എടുത്ത പെനാൽറ്റിയിലൂടെ. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽനോർത്ത് ഈസ്റ്റിനൊപ്പം ഒന്നാമതെത്തി.

Read More >>