ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരങ്ങള്‍

തന്‍റെ ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിംഗ്സ് കമ്പനിയില്‍ ജോലിക്കാരുടെ വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹോദരന്മാര്‍ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതാണ് നിസാമിനെ ചൊടിപ്പിച്ചത്

ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരങ്ങള്‍


തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയതായി നിസാമിന്റെ സഹോദരന്മാര്‍ പോലീസില്‍ പരാതി നല്‍കി. നിസാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്. നിസാമിന്റെ ഫോണ്‍കോളുമായി ബന്ധപ്പെട്ട രേഖകളും ഓഡിയോ റെക്കോര്‍ഡിംഗുകളും മറ്റും റൂറല്‍ എസ്‌പി നിശാന്തിനിയ്ക്ക് ഇവര്‍ കൈമാറിക്കഴിഞ്ഞു.


തന്‍റെ ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിംഗ്സ് കമ്പനിയില്‍ ജോലിക്കാരുടെ വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹോദരന്മാര്‍ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതാണ് നിസാമിനെ ചൊടിപ്പിച്ചത്. ജയിലില്‍ നിന്നോ അതോ കേസുമായി ബന്ധപ്പെട്ട് ബെംഗളുരുവിലേയ്ക്ക് കൊണ്ടുപോയ സമയത്തോ ആണ് നിസാം തങ്ങളെ വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. പോലീസിന്റെ സഹായത്തോടെയാണ് നിസാം ജയിലില്‍ ഇരുന്നുകൊണ്ട് ഇത്തരം ഭീഷണികള്‍ മുഴക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

2015 ജനുവരി 29ല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷം തടവും കോടതി വിധിച്ചത്. താന്‍ വന്നപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് നിസാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. ചികിത്സ തേടിയെങ്കിലും ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.
Read More >>