കോടമഞ്ഞിന്റെ പുതപ്പിനുള്ളില്‍ കാത്തിരുന്ന അപകടമറിയാതെ ചക്രവാളം മുട്ടി നില്‍ക്കുന്ന ബാണാസുര മലയിലേക്ക് ഒരു ട്രക്കിംഗ്; മൗണ്ടൈന്‍ റൈഡേഴ്‌സിന്റെ യാത്രാ അനുഭവക്കുറിപ്പ്

എന്നാലും... ഒരിക്കല്‍ കൂടി പോകണം ബാണാസുരയിലേക്ക്. വെയില്‍ നാളങ്ങള്‍ നിറം പകരുന്ന പുല്‍മേടിന്റെ വസന്തം കാണുവാന്‍.

കോടമഞ്ഞിന്റെ പുതപ്പിനുള്ളില്‍ കാത്തിരുന്ന അപകടമറിയാതെ ചക്രവാളം മുട്ടി നില്‍ക്കുന്ന ബാണാസുര മലയിലേക്ക് ഒരു ട്രക്കിംഗ്; മൗണ്ടൈന്‍ റൈഡേഴ്‌സിന്റെ യാത്രാ അനുഭവക്കുറിപ്പ്

ഇക്കഴിഞ്ഞ 24ാം തീയിതിയാണ് മൗണ്ടന്‍ റൈഡേഴ്സിന്റെ അംഗങ്ങള്‍ക്ക് വേണ്ടി വയനാട്ടിലെ ബാണാസുര ക്യാമ്പിങ് ആന്‍ഡ് ട്രക്കിങ്ങ് സംഘടിപ്പിച്ചത്. യാത്രകളെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 36 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. വൈകുന്നേരത്തോടെ എല്ലാവരും എത്തിച്ചേര്‍ന്നു. താഴെ മീന്‍മുട്ടി വെള്ളാച്ചട്ടത്തിലേക്ക് ഒരു സായാഹ്ന നടത്തവും വെള്ളച്ചാട്ടത്തിനു കീഴെ ഒരു കുളിയും പാസാക്കി എല്ലാവരും മടങ്ങിയെത്തി. വൈകുന്നേരം ഏഴു മണിയോടെ ടെന്റുകള്‍ എല്ലാം 'പിച്ച്' ചെയ്തു.


Bana 8

രാത്രി ആയത് കൊണ്ട് വിശദമായ പരിചയപ്പെടല്‍ നാളത്തേയ്ക്ക് മാറ്റി വച്ച് ഓരോരുത്തരും അവരവരുടെ യാത്രാ അനുഭവങ്ങളുമൊക്കെ പങ്ക് വെച്ചും തമാശപറഞ്ഞും ചിരിച്ചും പരസ്പരം 'ട്രോളിയും' ആ സായാഹ്നം അവിസ്മരണീയമാക്കി. മുളയില്‍ നിറച്ചു ചുട്ടെടുത്ത മത്സ്യം ആയിരുന്നു അന്നത്തെ സ്പെഷ്യല്‍. 10 മണിയോട് കൂടി അന്നത്തെ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് പിറ്റേ ദിവസത്തെ ട്രക്കിംഗിനെക്കുറിച്ച് ക്യാമ്പ് അംഗങ്ങള്‍ക്ക് ഒരു ലഘു വിവരണം നല്‍കി. നിശബ്ദമായി യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത, നടക്കുമ്പോള്‍ അംഗങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അകലം ഇതൊക്കെയായിരുന്നു വിവരണത്തിലുണ്ടായിരുന്നത്. ഒരു കാരണവശാലും സുഗന്ധ വസ്തുക്കള്‍ പൂശുകയോ സുഗന്ധ സോപ്പ് ഉപയോഗിച്ച് കുളിക്കുകയോ ചെയ്ത് കാട്ടിലേക്ക് പോകരുത് എന്നുള്ളതും ഓര്‍മ്മിപ്പിച്ചു.

ഒരു വനത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ നാം പാലിക്കേണ്ട മര്യാദകള്‍ (അതെ... അങ്ങനെ ഒന്ന് ഉണ്ട്) അറിയാവുന്നവര്‍ തന്നെയായിരുന്നു ക്യാമ്പ് അംഗങ്ങള്‍. രാത്രി കനംവെച്ചതോടെ റാന്തല്‍ വിളക്കിന്റെ തിരി താഴ്ത്തി എല്ലാവരും ടെന്റുകളിലേക്ക് കയറി. ഉറക്കത്തിനിടയിലെപ്പോളോ രാത്രി നല്ല മഴ പെയ്യുന്നത് അനുഭവപ്പെട്ടു.

Bana 2

അതിരാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു. പ്രഭാത ഭക്ഷണം കഴിച്ച് ലഘു ഉച്ചഭക്ഷണം പായ്ക്ക് ചെയ്ത് എല്ലാവരും ട്രക്കിംഗിന് തയ്യാറായി. പറഞ്ഞ സമയത്തു തന്നെ ഞങ്ങളുടെ ഗൈഡുകള്‍ എത്തി.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രവേശന ഫീസും ട്രക്കിംഗ് ചാര്‍ജ്ജും കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. ഗൈുഡകള്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു. അതില്‍ രണ്ട് പേര് സ്ത്രീകളും പ്രദേശവാസികളുമായിരുന്നു. കുറച്ച് കാലമായി അവിടെ ജോലി ചെയ്യുന്നവര്‍ കൂടിയാണവര്‍.

യാത്രയ്ക്ക് മുമ്പ് ബാണാസുര മലയെക്കുറിച്ച് ഗൈഡുമാര്‍ ഒരു ചെറു വിവരണം തന്നു. മലയുടെ ഉയരവും, മൃഗങ്ങളെക്കുറിച്ചും, ബാണാസുര സാഗര്‍ ഡാമിനെക്കുറിച്ചുമൊക്കെ അവര്‍ ഏറെക്കുറെ വിവരിച്ചു തന്നു. തുടര്‍ന്ന് യാത്ര. ഗൈഡുമാര്‍ മൂന്നുപേരും മുന്നില്‍ നടന്നു. ഞങ്ങള്‍ അഡ്മിന്‍സ് രണ്ട് പേര്‍ മുന്നിലും രണ്ട് പേര്‍ പുറകിലുമായാണ് നടന്നത്. ഏറ്റവും പിന്നില്‍ വരുന്ന ആള്‍ക്കാണ് ഗ്രൂപ്പിനെ നന്നായി വീക്ഷിക്കാന്‍ കഴിയുക. ഗ്രൂപ്പ് അംഗങ്ങള്‍ എല്ലാവരും തന്റെ മുന്നിലുണ്ടെന്ന് പിറകില്‍ വരുന്ന വ്യക്തിക്ക് ഉറപ്പിക്കാന്‍ കഴിയുമെന്ന് മാത്രമല്ല ആരുടെയെങ്കിലും കൈയില്‍ നിന്നും എന്തെങ്കിലും താഴെ വീണാലോ അവര്‍ മാലന്യങ്ങള്‍ വലിച്ചെറിഞ്ഞാലോ അവര്‍ക്കു ശ്രദ്ധിക്കുവാനും കഴിയും.

Bana 6

തലേദിവസം രാത്രിയുടെ തുടര്‍ച്ചയെന്ന പോലെ രാവിലെയും നല്ല മഴയുണ്ടായിരുന്നു. കൂടാതെ കോടമഞ്ഞും. എല്ലാവരും വാട്ടര്‍ പ്രൂഫ് കൊണ്ടുവന്നിരുന്നില്ല. ഗാര്‍ബേജ് ബാഗ് പോലത്തെ പോളിത്തീന്‍ ബാഗ് കീറി വാട്ടര്‍ പ്രൂഫായിട്ട് അവര്‍ യൂസ് ചെയ്യാറുണ്ടത്രെ. ഫയര്‍ ബൗണ്ടറിയിലൂടെ നടന്ന് ഞങ്ങള്‍ ആനത്താരയിലൂടെ പുല്‍മേട്ടിലെത്തി. അപ്പോളേക്കും മഴ മാറി കോടമഞ്ഞു പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. അതിമനോഹരമായ ഒരു പുല്‍മേടാണ് അപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമായത്. വിവരിക്കാനാവാത്ത മനോഹര കാഴ്ചകള്‍ കണ്ട് നടന്ന് ഞങ്ങള്‍ കാറ്റ് മലയുടെ താഴ്‌വരയില്‍ എത്തി.

[caption id="attachment_48038" align="aligncenter" width="640"]Bana 4 ബാണാസുര മലയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സുരേഷ് രവി, മൗണ്ടൻ റെെഡേഴ്സ്[/caption]

ദൂരെ സായിപ്പ് കുന്നിന്റെ വലത്തേ ചെരുവിലെ വെള്ളച്ചാട്ടത്തിന്റെയപ്പുറം ഒരു ആനക്കൂട്ടം നിന്ന് മേയുന്നുണ്ടായിരുന്നു. അല്‍പസമയം അത് ഞങ്ങളെ നോക്കി നിന്ന ശേഷം അടുത്തുള്ള ചോലയിലേക്ക് കയറിപ്പോയി. ഇനി കയറേണ്ടത് സായിപ്പ് കുന്നിന്റെ മുകളിലേക്കാണ്. നടപ്പാതയുടെ സ്വഭാവം മാറി കുത്തനെ ഉള്ള കയറ്റമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല ചെറുതായി വഴുക്കലുമുണ്ട്. ഇടത് വശത്ത് ഇടതൂര്‍ന്ന നില്‍ക്കുന്ന ചോലകാടുകള്‍ ദൃശ്യഭംഗി കൂട്ടുന്നു. ഗൈഡുമാര്‍ സായിപ്പ് കുന്നിന്റെ ഐതീഹ്യം പറയുന്നതിരിക്കിലായിരുന്നു. ശാപ മോക്ഷം കാത്ത് നില്‍ക്കുന്ന സായിപ്പും ഭാര്യയും അവരുടെ നായയുമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവന്നു.

യാത്ര ഏകദേശം പകുതി പിന്നിട്ടിരിക്കുന്നു. ഇനി അല്പം കൂടി കുത്തനേയുള്ള കയറ്റമാണ്. അംഗങ്ങള്‍ തമ്മില്‍ കൃത്യമായി പാലിക്കേണ്ട അകലത്തെക്കുറിച്ച് ഞങ്ങള്‍ അംഗങ്ങളെ ബോധവത്കരിച്ചുകൊണ്ടിരുന്നു. മഴ വീണ്ടും ചാറിത്തുടങ്ങിയിരിക്കുന്നു. അപ്പേഴാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്. കുറച്ചു മുന്നിലായി ഞങ്ങള്‍ക്ക് പോകേണ്ട വഴിയില്‍ ഒരു കരുത്തനായ കാട്ടി (കാട്ടുപോത്ത്- Indian Gaur) നില്‍ക്കുന്നു. ആനകളും അതെ ദിശയിലേക്ക് തന്നെയാണ് നടന്നിരുന്നത് എന്നത് കൊണ്ടും ശക്തമായ കോടമഞ്ഞില്‍ കാഴ്ച്ച അവ്യക്തമായത് കൊണ്ടും വളരെ ദുര്‍ഘടം പിടിച്ച ആ മലമുകളില്‍ നീന്നും ബാണാസുരയെ ഒഴിവാക്കി 'കാറ്റ് കുന്നിലേക്ക്' പോകുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

Bana 3

തുടര്‍ന്ന് ഞങ്ങള്‍ ഞങ്ങള്‍ തിരികെ ഇറങ്ങാന്‍ തുടങ്ങി. മറ്റൊരുവഴിയില്‍ കൂടിയാണ് തിരിച്ചിറങ്ങിയത്. എന്നാല്‍ ആ വഴി കയറിയതുപോലെ കുത്തനെയല്ല. ചെറുതായി വഴുക്കലും ഉണ്ട്. ഗൈഡ്മാരായ ചേച്ചിമാരാണ് മുന്നില്‍ നടക്കുന്നത്. കുന്നിറങ്ങുമ്പോള്‍ പെട്ടെന്ന് ക്യാംപ് അംഗങ്ങള്‍ എല്ലാവരും ചിതറി ഓടാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. എങ്ങനെയോ ഒരു പെരുന്തേനീച്ച കൂട് ഇളകിയതാണ് കാരണം. തേനീച്ചയുടെ കുത്ത് കൊള്ളാതിരിക്കാന്‍ എല്ലാവരും ഓടുന്നു. ഗൈഡ്മാരായ ചേച്ചിമാരെ കാണുന്നില്ല. മറ്റെയാള്‍ എല്ലാവരോടും ഓടാനും നിറമുള്ള വസ്തുക്കള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടുകൊണ്ട് താഴേക്ക് ഓടിയിറങ്ങി.

പെട്ടെന്ന് ആത്മ സംയമനം വീണ്ടെടുത്ത മൗണ്ടന്‍ റൈഡേഴ്സിന്റെ അഡ്മിന്‍ സാക്രു എല്ലാവരോടും പുല്‍മേട്ടില്‍ കിടക്കുവാന്‍ നിര്‍ദേശിച്ചു. ഷര്‍ട്ട് ഊരി വീശിക്കൊണ്ട് ഈച്ചകളെ അകറ്റി എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. എന്നാല്‍ ഇതിനോടകം പത്തിലധികം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ഒരു ഗൈഡിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കുറേ സമയം ഞങ്ങള്‍ ആ പുല്‍മേട്ടില്‍ വെറുതെ കുത്തിയിരുന്നു.

[caption id="attachment_48040" align="aligncenter" width="640"]Bana 7 ബാണാസുര സാഗർ അണക്കെട്ട് | ഫോട്ടോ സുരേഷ് രവി, മൗണ്ടൻ റെെഡേഴ്സ്[/caption]

കിതപ്പൊന്ന് അടങ്ങി അല്‍പ സമയത്തിന് ശേഷം മറ്റ് അഡ്മിന്‍മാരായ സുരേഷ് രവിയും റിയാസ് റഷീദ് റാവുത്തറും ചേര്‍ന്ന് അംഗങ്ങള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് വാട്ടര്‍ പ്രൂഫ് എല്ലാം ശേഖരിച്ചു. തേനീച്ചക്കൂട്ടം ഒഴിഞ്ഞു പോയി എന്ന് ഉറപ്പു വരുത്തി ഞങ്ങള്‍ മെല്ലേ തിരികെ ഇറങ്ങി. ബേസ് ക്യാമ്പില്‍ എത്തി ഒരു ജീപ്പ് സംഘടിപ്പിച്ചു തേനീച്ചക്കുത്തേറ്റവരെ ആശുപത്രിയിലേക്ക് അയച്ചു. ക്യാമ്പില്‍ നിന്ന് ട്രക്കിംഗ് വൈന്‍ഡ് അപ്പ് ചെയ്ത് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ താഴെ ടിക്കറ്റ് കൗണ്ടറുകളും ക്ലോസ് ചെയ്തിരുന്നു.

തിരികെ പോകാന്‍ ജീപ്പ് കാത്ത് നില്‍ക്കുമ്പോഴാണ് സമീപ വാസിയായ ഒരു വീട്ടമ്മ ഞങ്ങളുടെ അരികിലേക്ക് എത്തിയത്. ഒപ്പം ഒരു ഗാര്‍ഡും ഉണ്ടായിരുന്നു. 'എന്തിനാ മക്കളേ നിങ്ങള്‍ ആ തേനീച്ച കൂട്ടില്‍ കോലിട്ട് കുത്തിയത്. ഇത്രയ്ക്ക് വിവരം ഇല്ലായിരുന്നോ?' അവരുടെ ചോദ്യം കേട്ട് സത്യത്തില്‍ ഞങ്ങള്‍ അമ്പരന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് വഴികാട്ടി മുന്നില്‍ നടന്ന വനിതാ ഗാര്‍ഡിന് വഴി തെറ്റി തേനീച്ചക്കൂട്ടില്‍ ചെന്ന് കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്ത് ചെയ്യണം എന്ന് അറിയാതെ തേനീച്ചയുടെ മുന്നില്‍ നിന്ന് കരഞ്ഞ ആ സ്ത്രീയെ രക്ഷിക്കുന്നതിനിടയിലാണ് മൗണ്ടന്‍ റൈഡേഴ്സ് ഗ്രൂപ്പ് മെമ്പര്‍ മനുവിനും അഖിലിനും കുത്ത് കിട്ടിയത്. ട്രക്കിംഗിലുടനീളം അംഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പോകാന്‍ അറിയാവുന്ന, അടിയന്തിര ഘട്ടങ്ങളില്‍ എന്ത് നിലപാടെടുക്കണം എന്ന് അറിവുള്ള സാക്രുവിനെ പോലെയുള്ള വ്യക്തികള്‍ ഇല്ലായിരുന്നുവെങ്കില്‍ അപകടം ഇതിലും ഭീകരമായേനെ എന്നുള്ളതാണ് സത്യം.

Bana 5

മീന്‍മുട്ടി വെള്ളച്ചാട്ടത്തിലും ബാണാസുര ട്രക്കിംഗിനിടയിലും തേനീച്ച ആക്രമണം ഉണ്ടാവുന്നത് ഇതാദ്യമല്ല എന്ന് കൂടി അറിയമ്പോഴാണ് അധികൃതര്‍ എത്ര മാത്രം അശ്രദ്ധര്‍ ആണെന്ന് നമുക്ക് മനസിലാവുന്നത്. സമീപവാസികളായ പലര്‍ക്കും, വെള്ളച്ചാട്ടം കാണാന്‍ എത്തിയ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ക്കും ഈ ദുരനുഭവം നേരത്തേ അനുഭവപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അവിടെ വഴികാട്ടികളായി ജോലിചെയ്യുന്നവര്‍ക്ക് ആപത് ഘട്ടങ്ങളില്‍ പരീക്ഷിക്കാവുന്ന നാട്ടറിവുകള്‍ പോലും അറിയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കാന്‍ അധികൃതര്‍ ഒരു ശ്രദ്ധയും കാട്ടുന്നുമില്ല. ഇത്രയും സംവിധാനങ്ങളുള്ള മീന്മുട്ടി വെള്ളച്ചാട്ടത്തിലെയും ബാണാസുരയിലെയും സഞ്ചാരികളുടെ അവസ്ഥ ഇതാണെങ്കില്‍ ഒരു ഗാര്‍ഡ് പോലും ഇല്ലാത്ത ഇല്ലിക്കല്‍ കല്ലിലും മീശപ്പുലിമലയിലും അപകടങ്ങള്‍ ഏതുതരത്തിലുള്ളതായിരിക്കുമെന്നും കൂടി ചിന്തിച്ചു നോക്കുക.

എന്നാലും... ഒരിക്കല്‍ കൂടി പോകണം ബാണാസുരയിലേക്ക്. വെയില്‍ നാളങ്ങള്‍ നിറം പകരുന്ന പുല്‍മേടിന്റെ വസന്തം കാണുവാന്‍.