വ്യവസായ വകുപ്പില്‍ ഇനിയുമുണ്ട് ജയരാജന്‍റെ ബന്ധുക്കള്‍ !

വിവിധ ഉയര്‍ന്ന തസ്തികകളില്‍ മന്ത്രി ഇ പി ജയരാജന്‍ മറ്റ് ബന്ധുക്കളേയും നിയമിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.

വ്യവസായ വകുപ്പില്‍ ഇനിയുമുണ്ട് ജയരാജന്‍റെ ബന്ധുക്കള്‍ !തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി  ഇ പി ജയരാജനെതിരെ വീണ്ടും രൂക്ഷ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. നേരത്തെ സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെ നിയമിച്ച നടപടി വിവാദമായതിന്റെ തുടര്‍ച്ചയായിയാണ് ജയരാജനെതിരെ പുതിയ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.


വിവിധ ഉയര്‍ന്ന തസ്തികകളില്‍ മന്ത്രി ഇ പി ജയരാജന്‍ മറ്റ് ബന്ധുക്കളേയും നിയമിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.

വ്യവസായ വകുപ്പിലെ മൂന്ന് സുപ്രധാന പദവികളില്‍ കൂടി ഇ.പി ജയരാജന്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ക്ലേ ആന്റ് സിറാമിക്സില്‍ മന്ത്രിയുടെ ജേഷ്ഠ്ന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചെന്നും ബി.കോം ബിരുദം മാത്രമുള്ള ഇവര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍,  കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും, വ്യനസായ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ  നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.