ജീന്‍സിട്ട പെണ്‍കുട്ടി, പൊളിക്ക് ബ്രോ!

വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ അപമാനിച്ച സദാചാരവനിതാ ഗുണ്ടയെ വിദ്യാര്‍ത്ഥിനി കുടുക്കി; രാത്രി യാത്രയ്ക്കെത്തിയ കലാകാരിയെ കഴിഞ്ഞ ദിവസം അപമാനിച്ച അതേ കൊച്ചിയില്‍.

ജീന്‍സിട്ട പെണ്‍കുട്ടി, പൊളിക്ക് ബ്രോ!

പാച്ച് ജീന്‍സും ലൂസ് ടീ ഷര്‍ട്ടും ധരിച്ച് ഒറ്റയ്ക്ക് ചായ കുടിക്കാന്‍ പോയതിന്റെ പേരില്‍ നഗരമധ്യത്തില്‍ അപമാനിച്ച 'സദാചാര വനിതാഗുണ്ടയെ'നെ ലോ കോളേജ് വിദ്യാര്‍ത്ഥിനി ഒറ്റയ്ക്ക് പിന്തുടര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവം നടന്നിട്ട് കുറേ ദിവസമായെങ്കിലും, മെട്രോയുടെ തൂണുകള്‍ നിറയുന്ന കൊച്ചി ഇപ്പോഴും 'പഴയ കൊച്ചി തന്നെയെന്ന് സൂചിപ്പിക്കുന്നതാണ് ഓരോ സംഭവങ്ങളും. കലാകാരിയായ രാജനന്ദിനി രാത്രി 11ന് ഒറ്റയ്ക്ക് യാത്ര ചെയ്യാനെത്തിയപ്പോള്‍ മലയാളി പുരുഷന് ലൈംഗികമോഹമാണുണ്ടായത്. രാജനന്ദിനി 'മോഹിതനെ' ഓടിച്ചിട്ടു പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തന്നെ അപമാനിച്ച സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചതാവട്ടെ ലോ കോളേജ് വിദ്യാര്‍ത്ഥിനിയും.


മേനക ജംങ്ഷന് സമീപമാണ് വസ്ത്രധാരണത്തെ അപമാനിച്ച സദാചാരത്തെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌ക്കയാണ് നവതലമുറയുടെ നവപ്രതികരണമുറയില്‍ പ്‌ളിങ്ങിയത്. ലോകോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹരിത ജയന്‍ ക്ലാസ് കഴിഞ്ഞ് തൊട്ടടുത്തുള്ള ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയതായിരുന്നു. അപ്പോഴാണ് സാരിയുടുത്ത സദാചാരിണിയുടെ വരവ്.

haritha rekha 2
പാച്ച് ജീന്‍സും ടീഷര്‍ട്ടും ധരിച്ച ഹരിതയോട്, ആര്‍ യു മലയാളി എന്നു ചോദിച്ചായിരുന്നു തുടക്കം. അതേയെന്ന മറുപടി കേട്ട് മടങ്ങിയ സ്ത്രീ കുറച്ചു സമയത്തിനുള്ളില്‍ തിരക്കുള്ള ബേക്കറിക്കുള്ളില്‍ ബഹളമുണ്ടാക്കി- ഇതു കേരളമല്ലേ... ഇത്തരത്തില്‍ വേഷമിടുന്നത് അപമാനമല്ലേ എന്ന വിധത്തിലായിരുന്നു സദാചാരപ്രസംഗം. പെട്ടന്ന് ആളു കൂടി. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊന്ന്- ഹരിത ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് പ്രതികരിക്കാന്‍ തുടങ്ങി. സാരിയുടുത്താല്‍ കാണുന്നത്ര 'പ്രസക്ത ഭാഗങ്ങള്‍' കാണില്ലെന്ന് ഹരിതയും തിരിച്ചടിച്ചു. പിന്നെയും അപമാനകരമായ രീതിയിലുള്ള പ്രസ്താവനകള്‍ തുടന്ന സ്ത്രീ, ഹരിത പുറത്തേക്കിറങ്ങിയപ്പോള്‍ വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. റോഡില്‍വെച്ചും അപമാനിക്കല്‍ തുടര്‍ന്നു. ആളുകള്‍ ചുറ്റും കൂടി. ഹരിതയും തിരിച്ചു വാദിച്ചതോടെ, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നായി ഭീഷണി. എന്നാല്‍ സ്റ്റേഷനിലേയ്ക്ക് പോകാമെന്നായി ഭീഷണി. നാട്ടുകാരും പതിയെ ഹരിതയ്‌ക്കൊപ്പം ചേര്‍ന്നതോടെ പെട്ടെന്ന് ഒരു ഓട്ടോയില്‍ ചാടിക്കയറി തലയൂരാനായി സദാചാര സംരക്ഷകയുടെ ശ്രമം. ഓടുന്ന ഓട്ടോയില്‍ ഹരിതയും ചാടിക്കയറിയതോടെ രംഗം ഓട്ടോയ്ക്കുള്ളിലായി. നേരെ സെന്‍ട്രല്‍ സ്റ്റേഷനിലേയ്ക്ക് വിടെന്ന് ഹരിത ഓട്ടോക്കാരനോട് പറഞ്ഞു. സത്രീയാവട്ടെ ഓട്ടോയില്‍ നിന്നിറങ്ങാനുള്ള ശ്രമവും തുടങ്ങി. സ്റ്റേഷനു പുറത്തു നിര്‍ത്തിയാല്‍ രക്ഷപെടും എന്നുറപ്പുള്ളതിനാല്‍ ഓട്ടോക്കാരന്‍ സ്റ്റേഷന്റെ ഉള്ളില്‍, വാതില്‍ക്കല്‍ കൊണ്ടുചെന്ന് ഓട്ടോ നിര്‍ത്തി. രക്ഷപെടാനുള്ള വിഫലശ്രമവും പാളിയതോടെ എസ്‌ഐയോടായി ചോദ്യം- സാറേ, ഈ കൊച്ചിനെ കണ്ടാല്‍ എന്തുതോന്നും. ശരീരമപ്പാടെ മറഞ്ഞ വേഷമാണ് വിദ്യാര്‍ത്ഥിനി ധരിച്ചിരിക്കുന്നതെന്നും നിങ്ങള്‍ ധരിച്ചിരിക്കുന്ന സാരിയെക്കാളും ശരീരം കാണാത്ത വേഷമാണതെന്നും എസ്‌ഐയും നിലപാടെടുത്തു. തനിക്ക് പരാതിയുണ്ടെന്നും ബേക്കറിയിലെ സിസി ടിവി പരിശോധിച്ച് കേസെടുക്കണമെന്നും ഹരിത പറഞ്ഞു. വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞിട്ടാണെന്നും പെണ്‍കുട്ടിയുടെ അമ്മ വരട്ടെയെന്നുമായി സദാചാരക്കാരിയുടെ അടുത്ത വാദം. വൈകാതെ ഹരിതയുടെ അമ്മ രേഖ.എസ് സ്റ്റേഷനിലെത്തി.


[caption id="attachment_49456" align="alignleft" width="291"]rekha
ഹരിത അമ്മ അഡ്വ. രേഖയോടൊപ്പം[/caption]

വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ചും മകളെ അപമാനിച്ചതിനെതിരെയും അഭിഭാഷകയായ രേഖ ഭരണഘടനയിലൂന്നി സംസാരിച്ചു തുടങ്ങിയതോടെ സദാചാരഗുണ്ടായിസം നടപ്പില്ലെന്നു മനസിലായി. മകളെ അപമാനിച്ചതിനെതിരെ കേസെടുക്കണമെന്നായി രേഖ. അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും സദാചാരക്കമ്മറ്റിക്കാരി പറഞ്ഞതോടെ, ഇനി പെണ്‍കുട്ടികളെ അപമാനിക്കില്ലെന്ന് ആണയിട്ട് സ്ത്രീ മടങ്ങി. പേരോ വിലാസമോ വ്യക്തി വിവരങ്ങളോ കൃത്യമായി നല്‍കാനും പ്രസ്തുത സ്ത്രീ കൂട്ടാക്കിയില്ല.

സ്റ്റേഷനില്‍ നിന്നിറങ്ങിയപാടെ അമ്മയെ ടാഗ് ചെയ്ത് ഹരിത ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടു- 'സദാചാരക്കുരു പൊട്ടിയ ഒരു ആന്റിയുടെ ചൊറിച്ചില്‍ ഞാനും അമ്മയും സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐയും കൂടി ഇന്ന് തീര്‍ത്തു കൊടുത്തു. ഇനി അവരുടെ കുരു പൊട്ടില്ല'

Read More >>