ഉറിയിലെ പ്രത്യാക്രമണം ലൈംലൈറ്റിൽ നിർത്തേണ്ടത് മോദിയുടെ ആവശ്യം; പ്രതിപക്ഷം ചെന്നുവീഴുന്നത് മുൻകൂട്ടിയൊരുക്കിയ തിരക്കഥയിൽ

കാലാകാലമായി രാമനും പാക്കിസ്ഥാനുമൊക്കെ അടക്കി വാഴുന്ന ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തിലേക്കാണ് പൊടുന്നനെ ദളിതന്‍ ഒരു വലിയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വന്നത്. അതും സംഘപരിവാര്‍ പരീക്ഷണ ശാലയായ ഗുജറാത്തില്‍ നിന്നു തന്നെ.

ഉറിയിലെ പ്രത്യാക്രമണം ലൈംലൈറ്റിൽ നിർത്തേണ്ടത് മോദിയുടെ ആവശ്യം; പ്രതിപക്ഷം ചെന്നുവീഴുന്നത് മുൻകൂട്ടിയൊരുക്കിയ തിരക്കഥയിൽ

ശ്രീരാമന്‍, മുസ്ലിം വിരോധം, അതുവഴി പാക്കിസ്ഥാന്‍ വിരോധം, ജാതി, ഇതൊക്കെയാണ് ഉത്തരേന്ത്യയിലെ രാഷ്ട്രീയം. ആയിരം പേര്‍ പട്ടിണി കിടന്നു മരിച്ചാലും ഒരു പ്രാവശ്യം ജയ് ശ്രീ റാം എന്ന് ഉറക്കെ വിളിച്ചാല്‍ ഇലക്ഷനുകള്‍ പലതും ജയിച്ചു കയറുന്നതും ഇതുകൊണ്ടാണ്. കാലാകാലമായി രാമനും പാക്കിസ്ഥാനുമൊക്കെ അടക്കി വാഴുന്ന ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തിലേക്കാണ് പൊടുന്നനെ ദളിതന്‍ ഒരു വലിയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വന്നത്. അതും സംഘപരിവാര്‍ പരീക്ഷണ ശാലയായ ഗുജറാത്തില്‍ നിന്നു തന്നെ.


ബ്രാഹ്മണ ഭക്ഷണക്രമം മറ്റെല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി പശുവിനെ ദൈവമാക്കിയപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ദളിത്‌ ശബ്ദങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് അവര്‍ ഒരുങ്ങിയത്. അതുണ്ടാക്കിയ പ്രത്യാഘാതം അവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കാലാകാലങ്ങളായി ദളിതന്‍റെയുള്ളില്‍ പതഞ്ഞുപൊങ്ങിയ ആത്മരോഷത്തിന്റെ വിസ്ഫോടനം കൂടെയായിരുന്നു ഉനയില്‍ കണ്ടത്. മറ്റൊരവസരത്തില്‍ ആയിരുന്നു എങ്കില്‍ ഉനയില്‍ കണ്ട ദളിത്‌ രാഷ്ട്രീയത്തിന്റെ ഉയർത്തെഴുന്നേല്പ് സംഘപരിവാരിനു ഒരു വിഷയമേ ആവുമായിരുന്നില്ല. പക്ഷെ പിന്നോക്ക ജാതിക്കാര്‍ ശക്തമായ വോട്ട് ബാങ്ക് ആയ ഉത്തര്‍പ്രദേശില്‍ ആസന്നമായ ഇലക്ഷന്‍ അവരെ ചെറുതൊന്നുമല്ലാതെ അലട്ടി.

403 സീറ്റുകള്‍ക്ക് വേണ്ടി നാല് രാഷ്ട്രീയ പാര്‍ട്ടികളും അരയും തലയും മുറുക്കി ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഉത്തര്‍പ്രദേശില്‍ ദളിത്‌ വോട്ടുകള്‍ ഏകദേശം മുപ്പതു ശതമാനം വരും. ദളിത്‌ രാഷ്ട്രീയത്തെ തങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ വേണ്ട സംഘടനാ ശേഷിയോ നേതൃത്വമോ സംഘപരിവാരിനു നിലവില്‍ ഉത്തര്‍ പ്രദേശില്‍ ഇല്ല. മായാവതി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ള സകല നേതാക്കള്‍ക്കും ഈ വോട്ട് ബാങ്ക് ഗുണം ചെയ്യും. കൂടാതെ പതിനെട്ടു ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടും ബി ജെ പിക്ക് എതിരായി മാത്രമേ ഉത്തര്‍ പ്രദേശില്‍ രേഖപ്പെടുത്തുകയുള്ളൂ.

രാമനും ജാതിയും എതിരായാല്‍ പിന്നെ ആകെ കൈമുതലായുള്ളത് മുസ്ലിം വിരോധവും അതുവഴി പാക്കിസ്ഥാനും ആണ്. പാക്കിസ്ഥാന്‍ ആകുമ്പോള്‍ ജാതി ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കാനും സാധിക്കും. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുരാജ്യം ആണ്. അത് ആണെങ്കിലും അല്ലെങ്കിലും അങ്ങനെയേ പറയാവൂ ചിന്തിക്കാവൂ. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ പാക്കിസ്ഥാന്‍റെ ഭരണം കയ്യാളുന്നവരുടെ ലക്‌ഷ്യം എങ്ങനെയെങ്കിലും ഇന്ത്യയെ തകര്‍ക്കുക എന്നതാണ്. പക്ഷെ ഇന്ത്യയെ പാക്കിസ്ഥാന് തകര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും അതുപയോഗിച്ചു വോട്ട് നേടാന്‍ ഇന്ത്യയിലെ തീവ്ര ദേശീയവാദികള്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ  അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന ഓരോ പട്ടാളക്കാരനും അവര്‍ക്ക് വോട്ടാണ്.

കാലാകാലമായി ഇന്ത്യ പാക്കിസ്ഥാനോട് സ്വീകരിച്ചു വരുന്നത് തന്ത്രപരമായ സംയമനമാണ്. അതിന്‍റെ അര്‍ഥം ഒരു കവിളില്‍ അടി കൊണ്ടാല്‍ മറുകവിൾ കാണിച്ചു കൊടുക്കും എന്നല്ല. മറിച്ച് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കും. പക്ഷെ മറുപടി കൊടുത്തു എന്ന് ഒരു അന്താരാഷ്ട്ര വേദിയിലും സമ്മതിക്കുകയുമില്ല. അതാണ്‌ തന്ത്രപരമായ സംയമനം.

ഇത് തുടങ്ങുന്നത് നെഹ്‌റുവിന്‍റെ കാലത്താണ്. മോദി അധികാരത്തില്‍ എത്തിയപ്പോഴും ഇത് തന്നെ ആയിരുന്നു സമീപനം. പക്ഷെ ഉറി ഭീകരാക്രമണത്തോടെ ഇന്ത്യ ഈ നിലപാട് മാറ്റി. പകരം ഞങ്ങള്‍ തിരിച്ചാക്രമിച്ചു എന്ന് പരസ്യമായി പ്രഖ്യാപിച്ചു.

അന്‍പത്തിയാറിഞ്ചിന്‍റെ നെഞ്ചളവുമായി ഭരിക്കാന്‍ വന്ന മോദിയില്‍ നിന്നും ജനം പ്രതീക്ഷിച്ചതും ഇത്തരം പ്രഖ്യാപനങ്ങളായിരുന്നു. പ്രഖ്യാപനം വന്നത് വെറുതെ ആയിരുന്നില്ല. ഉറി യുപിയില്‍ അല്ലെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നത് അവിടെയാണ്. ജനം മറുപടി ആവശ്യപ്പെടുന്നതും ഇലക്ഷന് റാലികളെ അഭിസംബോധന ചെയ്യുന്ന മോദിയില്‍ നിന്നാണ്. അവരെ തൃപ്തിപ്പെടുത്തുക വഴി ജാതിയും മതവും മുതല്‍ വികസനം വരെയുള്ള സ്ഥിരം തിരഞ്ഞെടുപ്പ് വിഷയങ്ങളെ മാറ്റി രാജ്യത്തിലും രാജ്യസ്നേഹത്തിലും മാത്രം കേന്ദ്രീകരിപ്പിക്കുവാന്‍ മോദിക്ക് സാധിക്കും.

ഇന്ത്യ ആക്രമിച്ചു എന്നുതന്നെയാണ് ഇതുവരെ വരുന്ന വാര്‍ത്തകള്‍. പക്ഷെ അത് എന്ന് എന്നും എങ്ങനെയാണ് എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ഉള്ള ആശയക്കുഴപ്പം.

പട്ടാളം ഒരിക്കലും പറഞ്ഞിട്ടില്ല വിമാനത്തെക്കാള്‍ ശബ്ദം ഉള്ള MI-17 ഹെലിക്കോപ്റ്ററില്‍ അതിര്‍ത്തിക്കപ്പുറം പോയി എന്നോ, ഏഴു തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നോ, നാല് മുതല്‍ നാന്നൂറ് വരെ വരുന്ന തീവ്രവാദികളെ കൊന്നു എന്നോ...  പകരം ഞങ്ങള്‍ പാകിസ്ഥാന്‍റെ കയ്യിലുള്ള കാശ്മീരില്‍ കടന്നു തീവ്രവാദികളെ വധിച്ചു എന്ന ഒറ്റവരി പ്രസ്താവന മാത്രമാണ് വന്നത്. ബാക്കി കഥകള്‍ എല്ലാം ഡല്‍ഹിയിലെ പത്രക്കാരുടെ ഭാവന മാത്രം. രാവിലെ മുതല്‍ രാത്രി വരെ കടംവാങ്ങിയ ഓബി വാനുകള്‍ കൊണ്ട് ഹിന്ദി ചാനലുകള്‍ ഈ വാര്‍ത്തകള്‍ ആഘോഷമാക്കുകയാണ്. പടം വരച്ചും പഴയ സൈനികരെ കൊണ്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചും അവര്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്തവരെ പോലെ ഓരോ നിമിഷവും ചാനല്‍ സ്റ്റുഡിയോയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പുനരാവര്‍ത്തിക്കുകയാണ്.

വാര്‍ത്ത പുറത്തു വന്ന ഉടന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ആദ്യം അപലപിക്കുകയും അവരുടെ സൈനിക മേധാവി നിഷേധിക്കുകയും ആണ് ചെയ്തത്. അത് ഒരു പക്ഷെ അവരുടെ നിലനില്‍പ്പിന്റെ ആവശ്യം ആയിരിക്കും. ഇന്ത്യ പാക്കിസ്ഥാനില്‍ കടന്നു കയറി അവരുടെ പൌരന്മാരെ വധിച്ചു എന്ന് അംഗീകരിച്ചാല്‍ പിന്നെ അവര്‍ക്ക് അവുടെ നാട്ടില്‍ നിലനില്‍പ്പില്ല.

നിലവിലെ സാഹചര്യം വെച്ച് ഒരു യുദ്ധത്തിനു വേണ്ട ഒന്നും പാക്കിസ്ഥാന്‍റെ കയ്യില്‍ ഇല്ല. വെറും അണുവായുധം വെച്ച് യുദ്ധം ചെയ്യാന്‍ ഒക്കില്ലല്ലോ. പക്ഷെ അതേറ്റുപിടിച്ച് ഇവിടെ രാഷ്ട്രീയക്കാര്‍ തെളിവ് ചോദിക്കുന്നത് ഗുണം ചെയ്യുക സര്‍ജറി നടത്തിയ മോദിക്കു തന്നെ ആണ്. നിലവിലെ സാഹചര്യം വച്ച് ഉത്തര്‍ പ്രദേശില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുക ജനുവരിയിലൊ മറ്റോ ആയിരിക്കും. അത് വരെ ഈ വിവാദം കത്തിനിന്നാല്‍ കൃത്യമായ സമയത്ത് ഈ വീഡിയോ പുറത്തുവിട്ടു മോദിക്ക് ഈ വിവാദത്തിന്റെ മുനയൊടിക്കാനും അതു വഴി ഇലക്ഷന്‍ ജയിക്കാനും സാധിക്കും. ഇത് തന്നെ ആണ് മോദി ആഗ്രഹിക്കുന്നതും. എപ്പോഴുമെപ്പോഴും തീവ്രവാദി ആക്രമണം ഉണ്ടാക്കാനും പാക്കിസ്ഥാനില്‍ കയറി അടിക്കാനും ഒന്നും സാധിക്കില്ലല്ലോ.