സ്വാശ്രയ പ്രശ്നം: കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു

പൂജ അവധിക്കുശേഷം 17-ആം തീയതി മാത്രമേ സഭ ഇനി സമ്മേളിക്കുകയുള്ളു എന്നതിനാലാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നിയമസഭ സമ്മേളിക്കാത്ത ദിവസങ്ങളില്‍ നിരാഹാര സമരം നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി

സ്വാശ്രയ പ്രശ്നം: കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമ സഭയ്ക്ക് മുന്നില്‍ യുവ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനം. യുഡിഎഫ് യോഗത്തില്‍ ഇതേസംബന്ധിച്ച് ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൂജ അവധിക്കുശേഷം 17-ആം തീയതി മാത്രമേ സഭ ഇനി സമ്മേളിക്കുകയുള്ളു എന്നതിനാലാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നിയമസഭ സമ്മേളിക്കാത്ത ദിവസങ്ങളില്‍ നിരാഹാര സമരം നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.സമരം മറ്റേതെങ്കിലും രീതിയില്‍ സഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും പ്രതിഷേധം ഇനിയും ശക്തമാക്കും എന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫിന്റെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ആറിന് എല്ലാ ജില്ലകളിലേയും കളക്ടറേറ്റുകളിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.


സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഏഴുദിവസമായി സഭാകവാടത്തില്‍ നിരാഹാരത്തിലായിരുന്ന എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ വൈകിട്ട് നാലരയോടെയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്. തൊട്ടുപിന്നാലെ എം.എല്‍.എ. മാരായ വി.ടി. ബല്‍റാമും റോജി എം. ജോണും സമരം ഏറ്റെടുത്തിരുന്നു. മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ സമരം തുടര്‍ന്ന് കൊണ്ടുപോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് വി.ടി. ബല്‍റാമും റോജി എം. ജോണും അറിയിച്ചിരുന്നെങ്കിലും യുഡിഎഫ് യോഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.