മിസ്ബ ഉള്‍ ഹഖ്; റെക്കോര്‍ഡുകളെയും പ്രായത്തേയും വെല്ലുവിളിച്ച കളിക്കാരന്‍

തോല്‍വിയുടെ പടിക്കല്‍ നിന്നും വിജയം പിടിച്ചെടുത്ത് ഇന്ത്യന്‍ ടീം ഭാംഗ്ര നൃത്തം ചവിട്ടിയപ്പോള്‍ ടിവി സ്ക്രീനുകളില്‍ നാം കണ്ടത് ആ ആഘോഷങ്ങള്‍ ഇന്ത്യക്ക് 'സമ്മാനിച്ച' മിസ്ബയുടെ കലങ്ങിയ കണ്ണുകളാണ്.

മിസ്ബ ഉള്‍ ഹഖ്; റെക്കോര്‍ഡുകളെയും പ്രായത്തേയും വെല്ലുവിളിച്ച കളിക്കാരന്‍

24 സെപ്റ്റംബര്‍ 2007. ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗിലുള്ള വാന്‍ഡെറസ് ക്രിക്കറ്റ് സ്റ്റേഡിയം. പ്രഥമ ലോക ട്വന്റി20 ലോകകപ്പ് ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ നേടിയത്  ഈ ഗ്രൗണ്ടില്‍ വച്ചാണ്. അന്ന് ഇന്ത്യയുടെ വിജയം ആഘോഷിച്ചവരുടെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന മുഖം അന്നത്തെ പാക് നായകന്‍ മിസ്‌ബഹ് ഉള്‍ ഹഖിന്റെയാണ്. അവസാന ബാറ്സ്മാനോടൊപ്പം അവസാനം വരെ പോരാടിയ മിസ്‌ബയ്ക്ക് പക്ഷെ ഇരുപതാം ഓവറിലെ മൂന്നാം പന്തില്‍ കാലിടറി. ഒരു വിക്കറ്റ് ശേഷിക്കെ നാല് പന്തില്‍ ആറു റണ്‍സ് നേടിയാല്‍ പ്രഥമ ട്വന്റി20 ലോകകപ്പില്‍ മുത്തമിടാമെന്ന മിസ്‌ബായുടെ സ്വപ്നം ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. തോല്‍വിയുടെ പടിക്കല്‍ നിന്നും വിജയം പിടിച്ചെടുത്ത് ഇന്ത്യന്‍ ടീം ഭാംഗ്ര നൃത്തം ചവിട്ടിയപ്പോള്‍ ടിവി സ്ക്രീനുകളില്‍ നാം കണ്ടത് ആ ആഘോഷങ്ങള്‍ ഇന്ത്യക്ക് 'സമ്മാനിച്ച' മിസ്ബയുടെ കലങ്ങിയ കണ്ണുകളാണ്...


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ലോകകപ്പുകള്‍ ആറു കഴിഞ്ഞു. ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ഒരൊറ്റ ഷോട്ടില്‍ ഊതിക്കെടുത്തിയ മിസ്ബ ഇന്ന് പാകിസ്ഥാന്‍ കണ്ട ഏറ്റവും മികച്ച നായകനാണ്. കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്‌ വിജയിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ പരമ്പരകള്‍ വിജയിക്കുന്ന ഏഷ്യന്‍ നായകനായി മിസ്ബ മാറി. ഒമ്പത് വീതം പരമ്പര വിജയങ്ങളുള്ള സൗരവ് ഗാംഗുലിയുടെയും എംഎസ് ധോണിയുടെയും റെക്കോര്‍ഡാണ് മിസ്ബ തിരുത്തിയത്. പാകിസ്ഥാന് വേണ്ടി ജാവേദ് മിയാന്‍ദാദ് നേടിയ 8 പരമ്പര വിജയം മിസ്ബ നേരത്തെ മറി കടന്നിരുന്നു.  അതിന്റെ ഒപ്പം ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ മത്സരങ്ങളില്‍ (48) നായകനായി മുന്‍ പാക് ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്റെ റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു മിസ്ബ.

ഭീകരവാദം രാജ്യത്തെ എല്ലാ മേഖലകളെയും ഒരുപോലെ ബാധിച്ച കാലഘട്ടത്തിലാണ് മിസ്ബ പാകിസ്ഥാന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. വിവാദങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിന്ന ഒരു ടീമിനെ നയിക്കാന്‍ അദ്ദേഹം കാട്ടിയ ആത്മവിശ്വാസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. പാകിസ്ഥാന്റെ ആദ്യ നായകന്‍ എച്ച് ഖാദറിനും പാകിസ്ഥാനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച ഇമ്രാന്‍ ഖാനും ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണു മിസ്ബ.

2009ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തുകയായിരുന്ന ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ ഭീകരാക്രമണം, അതിനു ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റിനു നേരിടേണ്ടി വന്ന വെല്ലുവിളികള്‍, പാക് താരങ്ങള്‍ക്ക് കിട്ടാതെ പോയ 'ഹോം' മത്സരങ്ങള്‍, കൂനിന്മേല്‍ കുരുവെന്നപോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്നത്തെ പാക് ടെസ്റ്റ്‌ നായകന്‍ സല്‍മാന്‍ ഭട്ട് അടക്കമുള്ളവര്‍ കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് മിസ്ബയെയാണ്. ടീമിലെ സ്ഥിരം സാന്നിദ്ധ്യമല്ലാതിരുന്ന  മുപ്പത്തിയാറുകാരനെ  ക്യാപ്റ്റനായി നിയമിച്ചത് മുന്നില്‍ മറ്റൊരു 'ഓപ്ഷന്‍' ഇല്ലാതിരുന്നത് കൊണ്ടും കൂടിയാണ്.

പാക് അധീന പഞ്ചാബിലെ മിയന്‍വാലിയിലാണ് മിസ്ബ ജനിച്ചത്. ലാഹോര്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎ കരസ്ഥമാക്കിയിട്ടുള്ള മിസ്ബ ഇന്ന് പാകിസ്ഥാന്‍ ടീമിലെ ഏറ്റവും വിദ്യാസമ്പന്നനാണ്. പഠിത്തമൊക്കെ കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയ മിസ്ബ 'നായകനാകാന്‍' വേണ്ടി ജനിച്ചയാളായിരുന്നു. അദ്ദേഹത്തിന്റെ റെക്കോര്‍ഡ്‌ അത് ശരിവയ്ക്കുന്നു. 2010ല്‍ നായക സ്ഥാനം ഏറ്റെടുക്കും മുന്‍പ് 33 ടെസ്റ്റുകളില്‍ നിന്നും 33.6 ശരാശരിയില്‍ 1008 റണ്‍സ് മാത്രം നേടിയിട്ടുള്ള മിസ്ബ ക്യാപ്ടനായ ശേഷം നടന്ന 42 ടെസ്റ്റുകളില്‍ നിന്നും 56.68 ശരാശരിയില്‍ മൂവായിരത്തിലധികം റണ്‍സ് നേടി കഴിഞ്ഞു.

ഇന്ന്, നാല്‍പത്തിമൂന്നാം വയസ്സിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ അമരക്കാരനായിരിക്കുന്ന മിസ്ബ, ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനും ക്യാപ്റ്റനും കൂടിയാണ്. ഈ കഴിഞ്ഞ ജൂലൈയില്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ്  മിസ്ബ ഈ നേട്ടങ്ങള്‍ കൈവരിച്ചത്.

Read More >>