ചന്ദനക്കൊള്ളയെ പറ്റി അന്വേഷിക്കുമെന്ന് വനം മന്ത്രി കെ രാജു; ചന്ദനക്കൊള്ള നടന്നിരുന്നതായി ഡിഎഫ്ഓയും

സ്വകാര്യ വ്യക്തികളുടെ ചന്ദനമരമായാലും അത് വിറ്റ് തുകയുടെ 60 ശതമാനം ഉടമസ്ഥര്‍ക്കും ബാക്കി 40 ശതമാനം വനംവകുപ്പിനുമുള്ളതുമാണ്. ഇത് മറി കടക്കാനാണ് ചന്ദനമരങ്ങള്‍ വെട്ടി കടത്തുന്നത്.

ചന്ദനക്കൊള്ളയെ പറ്റി അന്വേഷിക്കുമെന്ന് വനം മന്ത്രി കെ രാജു;  ചന്ദനക്കൊള്ള നടന്നിരുന്നതായി ഡിഎഫ്ഓയും

പാലക്കാട്: പട്ടാമ്പി ഫോറസ്റ്റ് പരിധിയില്‍ വരുന്ന രാമഗിരികോട്ടക്ക് സമീപത്തെ വനത്തിലെ ചന്ദനക്കൊള്ളയെ പറ്റി അന്വേഷിക്കുമെന്ന് വനംവകുപ്പ മന്ത്രി കെ. രാജു. " സര്‍ക്കാര്‍ വനത്തിനകത്ത് ചന്ദനക്കൊള്ള നടക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഉടന്‍ തന്നെ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും"- മന്ത്രി നാരദ ന്യൂസിനോട് പറഞ്ഞു. ' നമുക്ക് ഇപ്പോള്‍ ഇത്രയൊക്കെ സംവിധാനം ഉള്ളുവെന്നും അത് കാര്യക്ഷമമാക്കി ഇത്തരം കൊള്ളകള്‍ ഇല്ലാതാക്കാനെ കഴിയുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.


പട്ടാമ്പി വനമേഖലയില്‍ ചന്ദനക്കൊള്ള നടക്കുന്നതായി പാലക്കാട് ഡിഎഫ്ഓയും സമ്മതിച്ചു. സര്‍ക്കാര്‍ വനത്തില്‍ വലിയ ചന്ദനമരങ്ങള്‍ കുറവാണ്. ഇപ്പോള്‍ ഉള്ളവ 40 സെന്റിമീറ്ററില്‍ അധികം വണ്ണം ഇല്ലാത്തവയാണ്. ഇവക്ക് വലിയ വിലയില്ല. എന്നാല്‍ സര്‍ക്കാര്‍ വനത്തിനോട് ചേര്‍ന്ന് കുറെ സ്വകാര്യ വനങ്ങള്‍ ഉണ്ട്. ഇവയില്‍ ചന്ദനമരങ്ങള്‍ ധാരാളം ഉള്ളതായി മനസിലായിട്ടുണ്ട്. സ്വകാര്യ വനത്തില്‍ നിന്ന് ചന്ദനമര കൊള്ള നടക്കുന്നുണ്ട്. ചന്ദനം മുറിക്കാനും വില്‍ക്കാനും വനംവകുപ്പിന് മാത്രമേ അധികാരമുള്ളു. സ്വകാര്യ വ്യക്തികളുടെ ചന്ദനമരമായാലും അത് വിറ്റ് തുകയുടെ 60 ശതമാനം ഉടമസ്ഥര്‍ക്കും ബാക്കി 40 ശതമാനം വനംവകുപ്പിനുമുള്ളതുമാണ്. ഇത് മറി കടക്കാനാണ് ചന്ദനമരങ്ങള്‍ വെട്ടി കടത്തുന്നത്.

പട്ടാമ്പി വനമേഖലയിലെ കാടുകളെല്ലാം കേസ് വഴി സ്വകാര്യ വ്യക്തികള്‍ കയ്യടക്കി കൊണ്ടിരിക്കുകയാണെന്നും ഡിഎഫ്ഓ പറഞ്ഞു. പട്ടാമ്പി മേഖലയില്‍ നിന്ന് പകുതിയിലധികം വനവും നഷ്ടമായി. ഇനി കുറച്ച് വനം മാത്രമേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കയ്യിലുള്ളു. അതും കേസിലാണെന്ന് ഡിഎഫ്ഓ നാരദ ന്യൂസിനോട് പറഞ്ഞു. നിലവില്‍ നടക്കുന്ന ചന്ദനക്കൊള്ള തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടാമ്പിക്കടുത്ത് രാമഗിരിക്കോട്ടക്ക് സമീപത്തുള്ള വനത്തില്‍ നിന്നും കോടികളുടെ ചന്ദനക്കൊള്ള നടക്കുന്നതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം നാരദ ന്യൂസ് പുറത്തു വിട്ടിരുന്നു. കാലങ്ങളായി തുടങ്ങി കഴിഞ്ഞ ദിവസം വരെ നടന്ന ചന്ദനക്കൊള്ള നടന്നിട്ടും വനംവകുപ്പ് അറിഞ്ഞതായി നടിക്കുകയോ ഒരു കേസ് പോലും എടുക്കുകയോ ചെയ്തിരുന്നില്ല. ചന്ദനക്കൊള്ള നടക്കുന്നില്ലെന്നും പാഴ്മരമായ അകില്‍ സ്വകാര്യ വനത്തില്‍ നിന്നു വെട്ടികൊണ്ടു പോകുകയുമാണെന്നുമാണ് പട്ടാമ്പിയിലെ ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞിരുന്നത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് രാമഗിരി കോട്ടയുള്‍പ്പെടുന്ന വനത്തില്‍ പട്രോളിങ് ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും ഡി എഫ് ഓ പറഞ്ഞു.

Read More >>