മറുനാട്ടുകാരുടെ ഭാവി, കേരളത്തിന്റെയും

എല്ലാക്കാലത്തും മറുനാട്ടിലേക്ക് ആളുകളെ കയറ്റിവിട്ട് അവരുടെ വരുമാനത്തിൽ പുട്ടടിച്ചിരുന്ന കേരളത്തിലെ ജനങ്ങളും ഭരണനേതൃത്വവും കേരളത്തിലേക്ക് വരുന്ന തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. മുരളി തുമ്മാരുകുടി എഴുതുന്നു.

മറുനാട്ടുകാരുടെ ഭാവി, കേരളത്തിന്റെയും

മുരളി തുമ്മാരുകുടി

സുഗതകുമാരി ടീച്ചറിന്റെ പേരിൽ വന്ന ചില പരാമാർശങ്ങളോടെ കേരളത്തിൽ വർദ്ധിച്ചുവരുന്ന മറുനാടൻ തൊഴിലാളികളെപ്പറ്റിയുള്ള ചർച്ച കുറച്ചുദിവസത്തേക്ക് വീണ്ടും സജീവമായല്ലോ. ജിഷ വധക്കേസിൽ ഒരു മറുനാടൻ തൊഴിലാളിയാണ് പ്രതി എന്ന് സംശയിച്ചതോടെയാണ് ഈ വിഷയം ഇതിനുമുൻപ് ചർച്ചയായത്. അന്നത്തെ പൊതുവികാരം മറുനാടൻ തൊഴിലാളികൾക്ക് എതിരായിരുന്നെങ്കിൽ ഇത്തവണ അത് ടീച്ചർക്ക് എതിരും പൊതുവെ മറുനാട്ടുകാർക്ക് അനുകൂലവും ആയിരുന്നു. പക്ഷെ പതിവ് പോലെ രണ്ടു ദിവസം കഴിഞ്ഞതോടെ വിഷയത്തിലെ താല്പര്യം കഴിഞ്ഞ് അടുത്ത വിഷയം എത്തി.


ഇരുപത്തിരണ്ടു വയസ്സിൽ കേരളം വിട്ട് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും ലോകത്ത് മറ്റു രാജ്യങ്ങളിലും ജീവിച്ച ഇപ്പോഴും ജീവിക്കുന്ന ഒരാളെന്ന നിലക്ക്, സ്വന്തം ജീവിതവും കുടുംബത്തിന്റെ സാഹചര്യങ്ങളും നന്നാക്കിയെടുക്കാൻ പ്രവാസം നയിക്കുന്നവരുടെ കൂടെയാണ് എന്റെ മനസ്സ് എന്നത് ആദ്യമേ പറയട്ടെ. പക്ഷെ ലോകത്ത് എല്ലായിടത്തുംതന്നെ പുറമേനിന്നു വരുന്നവരും തന്നാട്ടുകാരും തമ്മിൽ സ്വരച്ചേർച്ച ഇല്ലായ്മ ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ വെറും വൈകാരികമായി കണ്ട് ഒരു വശത്ത് ശരിയും മറുവശത്ത് തെറ്റും എന്ന തരത്തിൽ സമീപിക്കുന്നതിൽ അർത്ഥമില്ല. ആളുകൾ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും ഒക്കെ അതിർത്തി കടന്ന് മറ്റിടങ്ങളിൽ തൊഴിലിനായും കുടിയേറ്റത്തിനായും എത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്നിരിക്കെ അതിന്റെ ഗുണ-ദൂഷ്യവശങ്ങൾ മുൻകൂട്ടി ആലോചിച്ച് ഗുണവശങ്ങൾ കൂട്ടുകയും ദോഷവശങ്ങൾ പരമാവധി കുറക്കാൻ ശ്രമിക്കുകയും ആണ് സംഘർഷം താല്പര്യമില്ലാത്ത വികസനോന്മുഖമായ സംസ്‌കാരസമ്പന്നമായ ഒരു സമൂഹം ചെയ്യേണ്ടത്. തല്കാലമെങ്കിലും നമ്മൾ തല മണ്ണിൽ പൂഴ്ത്തി ഇടക്ക് പുറത്തെടുത്ത് എന്തെങ്കിലും ഒക്കെ അഭിപ്രായം പറഞ്ഞ് തിരിച്ച് സുഷുപ്തിയിൽ ആണ്.

നമ്മൾ എല്ലാം വരത്തന്മാർ: ഇപ്പോൾ ലഭ്യമായ തെളിവുകൾവച്ച് മനുഷ്യവർഗ്ഗം ജന്മം എടുത്തത് ആഫ്രിക്കയിലെ ഓൾഡ്‌വായ് ഗോർജ് എന്ന ചെറിയ പ്രദേശത്തുനിന്നാണ്. ഇന്ന് ലോകമെമ്പാടും എത്തിനില്ക്കുന്ന ഏഴായിരം കോടി ജനങ്ങളും പണ്ട് ആഫ്രിക്കയിൽനിന്നും ഏതോ ഒക്കെ കാലത്ത് ഓടിപ്പോയ ആളുകളുടെ പിൻഗാമികൾ ആണ്. ആ അർത്ഥത്തിൽ ഓൾഡ്‌വായ് ഗോർജിൽ ഒഴിച്ച് ലോകത്ത് മറ്റെവിടെയുമുള്ളവരും വരത്തന്മാർ ആണ്. ചിലർ ഒരു ലക്ഷം വർഷം മുൻപ് വന്നു, ചിലർ ഒരു വർഷം മുൻപു വന്നു, ചിലർ കപ്പലിൽ കയറി കടലാസ് ഒന്നുമില്ലാതെവന്നു. ചിലർ വിമാനത്തിൽ പാസ്‌പോർട്ടും വിസയും ആയി വന്നു എന്നൊക്കെ ഒഴിച്ചാൽ അടിസ്ഥാനപരമായി ലോകം പ്രവാസികളുടേതാണ്. ആഫ്രിക്കയിൽ നിന്നും എന്റെ പൂർവികർ ദക്ഷിണേന്ത്യയിൽ എത്തിയ ഒരു ലക്ഷം വർഷത്തെ ചരിത്രം ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.

പട്ടിണിയും യുദ്ധവും: എല്ലാ കാലത്തേയും പ്രവാസത്തിന് രണ്ട് അടിസ്ഥാന കാരണങ്ങൾ ആണ് ഉള്ളത്. ഒന്ന് നാം ജീവിക്കുന്ന സ്ഥലത്ത് യുദ്ധം പൊട്ടിപ്പുറപ്പെടുന്നു, നമുക്ക് ശത്രുക്കൾ ഉണ്ടാകുന്നു, ജീവൻതന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നമുക്ക് തോന്നുന്നു. ഇത് നാടുവിടാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ആഫ്രിക്കയിൽനിന്ന് ആദിമ മനുഷ്യനും സിറിയയിൽനിന്നും അഭ്യസ്തവിദ്യരും ഓടിപ്പോകുന്നത് ഒരേ കാരണം കൊണ്ടാണ്.

രണ്ടാമത്തെ കാരണം പട്ടിണിയാണ്. വരൾച്ചമൂലമോ പ്രകൃതിദുരന്തം കാരണമോ ഒക്കെ ഒരു നാടിന് അവിടെയുള്ള ആളുകൾക്ക് മുഴുവൻ ഭക്ഷണവും നല്കാൻ കഴിയാതെ വരുന്നു. മറ്റുള്ള നാടുകളിൽ കൂടുതൽ അവസരം ഉണ്ടെന്ന് അറിഞ്ഞോ ആഗ്രഹിച്ചോ ആളുകൾ നാടുവിടുന്നു. പട്ടിണി പോലെ അല്ലെങ്കിലും പിറന്ന നാട്ടിൽ ആവശ്യത്തിന് അവസരങ്ങൾ ഇല്ലാത്തത് തന്നെയാണ് പോളണ്ടിൽനിന്നും ആളുകളെ ഇംഗ്ലണ്ടിലേക്കും കേരളത്തിൽനിന്നും ഗൾഫിലേക്കും ആസാമിൽനിന്നും കേരളത്തിലേക്കും ഒക്കെ എത്തിക്കുന്നത്.

മലയാളികളുടെ കുടിയേറ്റം: ലോകത്ത് എവിടെ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന് ഇപ്പോൾ തമാശയൊക്കെ ഉണ്ടെങ്കിലും മലയാളികൾ വാസ്തവത്തിൽ കുടിയേറ്റം തുടങ്ങിയത് വളരെ വൈകിയാണ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്നും മറ്റു ബ്രിട്ടീഷ് കോളനികളിലേക്ക് ഇന്ത്യക്കാർ കുടിയേറി. ഫിജി, ദക്ഷിണാഫ്രിക്ക, കെനിയ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഒക്കെ ഇന്നു കാണുന്ന വലിയ ഇന്ത്യൻ ജനസംഖ്യ ഇങ്ങനെ കുടിയേറിയതാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും ഗുജറാത്ത്, ബീഹാർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിന്റെ ഭൂരിഭാഗവും അക്കാലത്ത് ബ്രിട്ടീഷുകാർ നേരിട്ടല്ല ഭരിച്ചിരുന്നത് എന്നത് പ്രവാസത്തിൽ മലയാളികൾ മുന്നോട്ടാവാത്തതിന്റെ ഒരു കാരണം ആണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കേരളത്തിൽനിന്നും ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും ഒക്കെ അല്പമെങ്കിലും കുടിയേറ്റം ഉണ്ടായത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ തിരുവിതാംകൂർകാർക്ക് രാജാവ് അനുമതി നൽകിയത് മറ്റു നാടുകളെപ്പറ്റി അറിയാൻ അവർക്ക് അവസരം കൊടുത്തു. അവരുടെ ബന്ധുക്കൾ ആയും അവർ പറഞ്ഞും കേട്ടറിഞ്ഞും ഏറെ പേർ കടലു കടന്നു.

മലയാളികളുടെ പ്രവാസത്തിന്റെ സുവർണ്ണയുഗം, ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ എണ്ണവില വർദ്ധിച്ചതിനെത്തുടർന്ന് ഗൾഫുനാടുകളിൽ ഉണ്ടായ സാമ്പത്തിക കുതിച്ചുചാട്ടവും അതുണ്ടാക്കിയ തൊഴിൽ അവസരങ്ങളും ആണ്. ഇന്നു കേരളത്തിൽ മറുനാട്ടുകാർ എത്തുന്നതുപോലെ വിദ്യാഭ്യാസ യോഗ്യതകളോ ആവശ്യത്തിനുള്ള രേഖകളോ ഇല്ലെങ്കിൽപോലും ഗൾഫിൽ എത്തുന്നവർക്ക് അവിടെ തൊഴിലവസരങ്ങൾ ഉണ്ടായി. കേരളത്തിൽ കിട്ടുന്നതിന്റെ അഞ്ചും പത്തും ഇരട്ടി കൂലി തൊഴിലുകൾക്ക് കിട്ടുമെന്നായപ്പോൾ അവസരം കിട്ടിയവർ എല്ലാം ഗൾഫിലേക്ക് കടന്നു. പ്രവാസികളായ മലയാളികളുടെ എണ്ണം ദശലക്ഷങ്ങളിൽ എത്തി. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ചെറുതായി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റം, തൊള്ളായിരത്തി തൊണ്ണൂറുകളിൽ അമേരിക്കയിലേക്ക് തുടങ്ങിയ ഐ.ടി. വിദഗ്ദ്ധരുടെ കുടിയേറ്റം ഇവയും എടുത്തു പറയേണ്ടതാണ്.

migrant-labourers_immigration_1കേരളത്തിലേക്ക് ഉള്ള കുടിയേറ്റം: ചരിത്രാതികാലത്തുതന്നെ കേരളത്തിന് മറുനാടുകളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചൈനക്കാരും മലയൻമാരും ജൂതരും അറബികളും ഒക്കെ കേരളത്തിൽ ഉണ്ടായിരുന്നു. പിൻക്കാലത്ത് വ്യാപാരത്തിനായി ഗുജറാത്തികളും തൊഴിലിനായി തമിഴ് ബ്രാഹ്മണരും കേരളത്തിൽ എത്തി. എന്നാലും പൊതുവെ ജനസംഖ്യാനുപാതികമായി കേരളത്തിൽ പ്രവാസികളുടെ എണ്ണം തീരെ കുറവായിരുന്നു.

ഗൾഫിലേക്ക് മലയാളികൾ കൂട്ടമായി പോവുകയും അവിടെനിന്നും പണം കേരളത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെയാണ് കേരള ചരിത്രത്തിൽ ഇന്നോളം കാണാത്ത തരത്തിലുള്ള കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടാകുന്നത്. ആദ്യകാലത്ത് കൃഷിപ്പണിക്കും റോഡുപണിക്കും ഒക്കെയായി തമിഴ്‌നാട്ടിൽനിന്നാണ് ആളുകൾ കേരളത്തിൽ എത്തിയത്. പക്ഷെ തമിഴ്‌നാട്ടിലെ സാമ്പത്തികവളർച്ച അവിടെ അവസരങ്ങൾ ഉണ്ടാക്കിയതോടെ തമിഴ്‌നാട്ടുകാരുടെ വരവ് ഏറെ കുറഞ്ഞു.

പ്ലൈവുഡ് ബിസിനസ്സും ബംഗാളികളും: തൊണ്ണൂറുകളിൽ വന്ന നിയമങ്ങൾ ശക്തമാവുകയും സുപ്രീം കോടതി ഇടപെട്ട് നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തതോടെ ആസാമിൽ തടിവ്യവസായം സ്തംഭിച്ചു. ഇതേ സമയത്താണ് കേരളത്തിൽ റബ്ബർതടിയിൽനിന്നും പ്ലൈവുഡ് ഉണ്ടാക്കുന്ന വ്യവസായം ആരംഭിക്കുന്നത്. ഈ പണിയിൽ പരിചയമുള്ള ആളുകളെ ആസാമിൽനിന്നും കണ്ടെത്തി കേരളത്തിൽ എത്തിച്ചതോടെയാണ് ആസാമിൽനിന്നും കേരളത്തിലേക്ക് പ്രവാസികളുടെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവർ കൂടുതൽ പേരും ബംഗാളി സംസാരിക്കുന്നവർ ആയിരുന്നു.

കേരളത്തിൽനിന്നും ഗൾഫിലേക്ക് നടന്ന കുടിയേറ്റത്തിന്റെ അതേ ചാലകശക്തികൾ ആണ് ആസാമിൽനിന്നും കേരളത്തിലേക്കുള്ള കുടിയേറ്റത്തേയും നിയന്ത്രിക്കുന്നത്. സ്വന്തം തൊഴിലില്ലായ്മ, മറുനാട്ടിൽ എളുപ്പത്തിൽ തൊഴിൽ കിട്ടുന്നത്, സ്വന്തം നാട്ടിലേക്കാളും ഏറെ കൂടുതൽ കൂലി കിട്ടുന്നത്, നാട്ടിൽനിന്നും കുറേ പേർ അവിടെ എത്തി തിരിച്ചുവന്നു കിട്ടുന്ന വിവരങ്ങൾ, എങ്ങനെയെങ്കിലും 'വാഗ്ദത്ത ഭൂമിയിൽ' എത്തിപ്പറ്റിയാൽ അവിടെ മുൻപ് വന്നവർ ചെയ്തു കൊടുക്കുന്ന സഹായങ്ങൾ, ഇതെല്ലാമാണ് ആസാമിൽനിന്നും കൂടുതൽ ആളുകളെ പിന്നെ കേരളത്തിൽ ആളെ എത്തിച്ചത്. ഇതിൽ ഏറെ പേരും ബംഗ്ലാദേശിൽനിന്നും കുടിയേറിയവർ ആയിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാരും ആസാമിലെ നാട്ടുകാരും തമ്മിൽ എല്ലാക്കാലവും നിലനിന്ന സംഘർഷം കേരളത്തിലേക്കുള്ള വരവിന് ആക്കം കൂട്ടി. ആസാമിലെ ബംഗാളിഭാഷ സംസാരിക്കുന്നവരുടെ പുറകേ ബംഗാളിൽ നിന്നുള്ളവർ എത്തി. പിന്നെ അതിന്റെ അയൽ സംസ്ഥാനമായ ഒറീസയും ബീഹാറും എത്തി. കേരളം എന്ന 'ഗൾഫിന്റെ' ഖ്യാതി അതിർത്തി കടന്നതോടെ ബംഗ്ലാദേശിൽനിന്നുപോലും കേരളത്തിൽ തൊഴിൽ തേടി ആളുകൾ എത്തി. ആദ്യകാലത്ത് മലയാളികൾക്ക് ഇവർ ബംഗാളി സംസാരിക്കുന്നവർ ആണെന്ന് മനസ്സിലായതേ ഇല്ല. തമിഴ് സംസാരിക്കാത്ത എല്ലാ മറുനാട്ടുകാരെയും അക്കാലത്ത് ഭായിമാർ എന്നാണ് മലയാളികൾ വിളിച്ചിരുന്നത്. പക്ഷെ ഇവരുടെ എണ്ണം വർദ്ധിക്കുകയും ഇവർ വന്നു കൂടിയ സ്ഥലങ്ങളിൽ ബംഗാളി സിനിമയും ബംഗാളി ഭക്ഷണം കിട്ടുന്ന കടകളും ഒക്കെ ആയതോടെ പതുക്കെ പതുക്കെ മറുനാട്ടുകാർക്ക് മൊത്തം ഇപ്പോൾ 'ബംഗാളികൾ' എന്ന സർവ്വ നാമം ആണ് കേരളത്തിൽ.

migrant-labourers_immigration_2ഇനി എന്തു സംഭവിക്കും: എല്ലാക്കാലത്തും മറുനാട്ടിലേക്ക് ആളുകളെ കയറ്റിവിട്ട് അവരുടെ വരുമാനത്തിൽ പുട്ടടിച്ചിരുന്ന കേരളത്തിലെ ജനങ്ങളും ഭരണനേതൃത്വവും കേരളത്തിലേക്ക് വരുന്ന തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. ഇംഗ്ലീഷിൽ 'caught pants down' എന്നൊരു പ്രയോഗം ഉണ്ട്. ഇതാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തിൽ നിന്നും പുറത്തു പോകുന്നവരുടെ കാര്യം നോക്കാൻ അനവധി സംഘടനകൾ, ഡിപ്പാർട്ട്‌മെന്റ്, ഇൻഷുറൻസ്, പുനരധിവാസ പദ്ധതികൾ, ഇതൊക്കെ ഉണ്ടെങ്കിലും ദശലക്ഷക്കണക്കിനുവരുന്ന മറുനാടൻ തൊഴിലാളികളുടെ കാര്യം നോക്കാൻ ഒരു പ്രത്യേക സംവിധാനവും ഇപ്പോഴും കേരളത്തിൽ ഇല്ല.

പ്രവാസികളുടെ ശക്തി: ലോകത്തിൽ എങ്ങും കാണപ്പെടുന്ന ഒരു വസ്തുതയുണ്ട്. അത് പ്രവാസികളുടെ ഊർജ്ജം ആണ്. തന്നാട്ടുകാർ ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്തും ചെയ്തുണ്ടാക്കുന്ന പണം കൂടുതൽ സമ്പാദിച്ചും പ്രവാസികൾ പതുക്കെ അവരുടെ ജീവിത നിലവാരം ഉയർത്തും.

കേരളത്തിൽനിന്നും തൊഴിൽ തേടിപ്പോയ ഏറെ മലയാളികൾ ഗൾഫിൽ ചെറിയ ബിസിനസ് ഒക്കെ തുടങ്ങി വൻ തൊഴിൽദാദാക്കളും ശതകോടീശ്വരന്മാരും ഒക്കെ ആയതുപോലെ കേരളത്തിൽ എത്തിയിരിക്കുന്ന ബംഗാളികളിൽനിന്നും കോടീശ്വരന്മാർ പതുക്കെ ഉയർന്നുവരും. ഇപ്പോൾതന്നെ പെരുമ്പാവൂർ മേഖലയിൽ ചെറിയ കച്ചവടങ്ങളും കമ്പനികളും ഒക്കെ അവർ നേരിട്ടോ പങ്കാളിത്തത്തോടെയോ നടത്തുന്നുണ്ട്. അവരുടെ ഊർജ്ജവും മലയാളികളുടെ മടിയും അവരെ നമ്മുടെ മുന്നിൽ എത്തിക്കും എന്നതിന് ലോകത്ത് എത്രയോ മാതൃകകൾ ഉണ്ട്. കേരളത്തിൽ ഇത് മറിച്ചാവാൻ ഒരു കാരണവും ഇല്ല. ഇന്ത്യയിൽ എവിടെയും താമസിക്കാനും തൊഴിൽ ചെയ്യാനും സ്ഥലം മേടിക്കാനും ഒക്കെ എല്ലാ ഇന്ത്യക്കാർക്കും പൊതുവിൽ അവകാശം ഉണ്ടല്ലോ. അപ്പോൾ, വന്നിട്ടുള്ള ഈ തൊഴിലാളികളിൽ കുറെ പേർ എങ്കിലും ആ സൗകര്യം ഉപയോഗിക്കും, അവർക്ക് ഇവിടെ വോട്ടവകാശം ഉണ്ടാകും. പെരുമ്പാവൂർ മേഖലയിൽ ഇപ്പോൾതന്നെ പതിനെട്ടിനും നാല്പതിനും ഇടക്കുള്ള പുരുഷൻമാരുടെ എണ്ണം എടുത്താൽ മറുനാട്ടുകാർ ഒപ്പത്തിനൊപ്പം ആണ്. ഇതിൽ നാലിലൊന്നു പേരെങ്കിലും ഇവിടെ വോട്ടവകാശം സമ്പാദിച്ചാൽ തെരഞ്ഞെടുപ്പുകളിൽ അവർ നിർണ്ണായക ശക്തിയാകും. കേരളത്തിൽ ത്രിതല പഞ്ചായത്ത് മുതൽ പാർലിമെന്റിൽ വരെ ബംഗാളി പ്രാതിനിധ്യം ഉണ്ടാകുന്ന കാലം വിദൂരമല്ല. ഉമ്മച്ചൻ തൊട്ട് ജോർജ് വരെ, പ്രവാസി മലയാളികൾ മറ്റു സ്ഥലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നത് ആവേശത്തോടെ കാണുന്ന മലയാളികൾ ഇതിൽ കെറുവിക്കേണ്ട കാര്യം ഇല്ല.

ഇപ്പോൾ കേരളത്തിൽ എത്തുന്ന മറുനാടൻ തൊഴിലാളികൾ പൊതുവെ ഒറ്റയാന്മാർ ആണെങ്കിലും പതുക്കെ പതുക്കെ അവർ കുടുംബവും ആയി എത്തിത്തുടങ്ങിയിട്ടുണ്ട് പെരുമ്പാവൂരിലെ ഒരു സ്‌കൂളിൽ പകുതിയിൽ അധികം ബംഗാളി കുട്ടികൾ ആണ്. അവർ കേരളീയരുമായി ഇഴുകി വളരും, മലയാളം പഠിക്കും. അമേരിക്കയിലെ സ്‌കൂളുകളിൽ പഠിക്കുന്ന ഇന്ത്യൻ കുട്ടികളും ചൈനീസ് കുട്ടികളും പഴയ അമേരിക്കക്കാരെക്കാൾ നന്നായി പഠിക്കുന്ന പോലെ ഇവിടെ പഠിക്കുന്ന മറുനാടൻ കുട്ടികൾ മലയാളികളേക്കാൾ മിടുക്കൻമാരും മിടുക്കികളും ആയി അവർ അവസരങ്ങൾ ഉപയോഗിക്കുകയും ചെയ്യും. പുറമെ നിന്ന് വരുന്നവരാണ് അമേരിക്കയുടെ ഊർജം എന്ന് അവർ മനസ്സിലാക്കിയ പോലെ നമ്മളും അറിഞ്ഞു പെരുമാറിയാൽ ഇതെല്ലാം നമുക്ക് നല്ലതായേ വരൂ.

സംസ്‌കാരത്തിന്റെ കൂടിച്ചേരൽ: മലയാളികളും പ്രവാസികളും ഇപ്പോൾ പൊതുവെ സമാന്തരരേഖകൾ ആയി രണ്ടു കമ്പാർട്ടുമെന്റിൽ ആണ് ജീവിക്കുന്നത്. കാര്യം നമ്മൾ ബംഗാളി സിനിമയേയും സാഹിത്യത്തേയും ഒക്കെപ്പറ്റി പുകഴ്ത്തി പറയുമെങ്കിലും വരുന്ന ആളുകൾ നമ്മളേക്കാൾ സംസ്‌കാരം കുറഞ്ഞവർ ആണെന്നാണ് ഏറെ മലയാളികളുടേയും ചിന്ത.

കേരളത്തിൽ എത്തിയ മറുനാട്ടുകാർ സാമ്പത്തിക ഉന്നതി നേടുകയും രാഷ്ട്രീയത്തിൽ ശക്തി നേടുകയും അവരുടെ മിടുക്കൻമാരായ പുതിയ തലമുറ വളർന്നു വരികയും ചെയ്യുന്നതോടെ മറുനാട്ടുകാരോടുള്ള നമ്മുടെ മനോഭാവവും മാറും. മലയാളികളും മറുനാട്ടുകാരും തമ്മിലുള്ള വിവാഹം സാധാരണമാകും. ലോകത്ത് എവിടെയും കാണുന്നപോലെ അതിൽനിന്നും സുന്ദരന്മാരും സുന്ദരിമാരും മിടുക്കന്മാരും മിടുക്കികളും ആയ കുട്ടികൾ ഉണ്ടാകും. ഒരു തലമുറക്കകം ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും സംഭവിക്കാവുന്നതാണ്.

പക്ഷെ, ഇത്തരം പരിണാമങ്ങൾ സമൂഹത്തിന് മൊത്തം ഗുണം ചെയ്യണമെങ്കിൽ അത് മുൻകൂട്ടി അറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കണം. പുറമേ നിന്നു വരുന്നവരെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ നമ്മൾ പ്രത്യേകശ്രദ്ധ കൊടുക്കണം. അതുപോലെ അവരുടെ സംസ്‌കാരത്തിന്റെ അംശങ്ങൾ പ്രകടിപ്പിക്കാനും വളർത്താനും ഉള്ള അവസരങ്ങൾ നമ്മൾ ഘടനാപരമായി ഉണ്ടാക്കണം. മറുനാട്ടുകാർ ഇവിടെ എത്തുന്നത് നമുക്ക് സാമ്പത്തികമായും സാംസ്‌കാരികമായും ഗുണകരം ആണെന്ന് നാം മനസ്സിലാക്കണം. സംശയം ഉള്ളവരെ പറഞ്ഞ് മനസ്സിലാക്കുകയും വേണം. അല്ലാതെ ചിലപ്പോൾ അവരെ അടച്ചാക്ഷേപിച്ചും സംശയത്തോടെ വീക്ഷിച്ചും, മറ്റു ചിലപ്പോൾ അവരോട് സഹാനുഭൂതി തോന്നിയും ഒക്കെ ഉള്ള മനോഭാവം കൊണ്ട് കാര്യം ഒന്നും ഇല്ല.

കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഒരു മന്ത്രാലയം ഉണ്ടാക്കേണ്ട സമയം കഴിഞ്ഞു. അത് പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്ന സംസ്ഥാനങ്ങളിൽ നിന്നും ഓരോ ലൈസൺ ഓഫീസ് കേരളത്തിൽ സ്ഥാപിക്കണം. മറുനാട്ടുകാർ ആയിരക്കണക്കിനുള്ള പ്രദേശങ്ങളിൽ എല്ലായിടത്തും ജോലി ചെയ്യുന്ന പോലീസുകാർക്കും ഡോക്ടർമാർക്കും ലേബർ ഓഫീസർമാർക്കും എല്ലാം ബംഗാളിയിലും മറ്റു ഭാഷകളിലും പരിശീലനം നൽകണം. ബംഗാളിയും മറ്റു ഭാഷകളും പഠിപ്പിക്കാൻ സ്‌കൂളുകളിൽ അവസരം ഉണ്ടാക്കണം. കേരളത്തിൽ ജീവിക്കുന്ന മറുനാട്ടുകാർക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ പറ്റുന്ന അവരുടെ ഭാഷ സംസാരിക്കുന്ന ഒരു ഹെല്പ് ഡെസ്‌ക് കേരളം ഒന്നാകെ സ്ഥാപിക്കുകയും വേണം.

മറ്റുള്ള എന്ത് പ്രശ്‌നം പോലെയും മറുനാടൻ തൊഴിലാളികളുടെ വരവിനും രണ്ടു വശം ഉണ്ട്. മറുനാടൻ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് കേരളത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിനെ പറ്റി പിന്നീടൊരിക്കൽ എഴുതാം.

(മുപ്പത് വർഷമായി പ്രവാസിയാണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്)