'മരിച്ച് സ്വര്‍ഗ്ഗത്തില്‍ പോയിവന്ന' മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടാം

പെണ്‍കുട്ടിയുടെ അനുഭവം സത്യമാണെങ്കില്‍ ക്രിസ്ത്യാനികള്‍ ഒഴികെയുള്ളവര്‍ വെറുതെ പുണ്യപ്രവര്‍ത്തികള്‍ ചെയ്ത് മെനക്കെടണമെന്നില്ല. കാരണം സ്വര്‍ഗത്തിലെ ദൈവം യേശുവാണ്.

സ്വര്‍ഗവും നരകവുമൊക്കെ സത്യമാണോയെന്ന് സംശയിക്കുന്നവര്‍ ഈ പെണ്‍കുട്ടിയുടെ 'അനുഭവസാക്ഷ്യം' ഒന്ന് കേള്‍ക്കുന്നത് നന്നാവും. മരണശേഷം സ്വര്‍ഗത്തിലോ നരകത്തിലോ പോകുമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ കഥയിലെ നായിക സ്വര്‍ഗത്തില്‍ പോകാനായി 'മരിച്ചിട്ടും' പിന്നീട് ജീവന്‍ തിരികെ കിട്ടിയ ആളാണ്. ഇടയ്‌ക്കൊന്നു സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ട് കുറച്ച് സംസാരിച്ച് കാഴ്ചകളും കണ്ട് ജോളിയായി തിരികെപ്പോന്നുവെന്ന് മാത്രം.


ക്രിസ്ത്യന്‍ സുവിശേഷ പ്രചാരണത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടി 'അനുഭവസാക്ഷ്യം' പറയുന്നത്. പെണ്‍കുട്ടിയുടെ അനുഭവം സത്യമാണെങ്കില്‍ ക്രിസ്ത്യാനികള്‍ ഒഴികെയുള്ളവര്‍ വെറുതെ പുണ്യപ്രവര്‍ത്തികള്‍ ചെയ്ത് മെനക്കെടണമെന്നില്ല. കാരണം സ്വര്‍ഗത്തിലെ ദൈവം യേശുവാണ്. സ്വര്‍ഗത്തിലെത്തിയ പെണ്‍കുട്ടിയെ കുഞ്ഞേ നീ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച് ആദ്യം യേശു സര്‍പ്രൈസാക്കുകയാണ്. 'ഇല്ല കര്‍ത്താവേ' എന്ന് പെണ്‍കുട്ടി മറുപടി പറയുന്നു. അപ്പോള്‍ യേശു 'ഇതാണെന്റെ രാജ്യം, ഇതാണ് സ്വര്‍ഗം എന്ന് പറയുന്നു. യേശു തുടരുന്നു 'നീ വന്നിരിക്കുന്നത് ആത്മാവായിട്ടാണ്. നിന്റെ ശരീരം ഭൂമിയില്‍ കിടക്കുന്നു'. ഇതുകേട്ട് ഭയന്ന പെണ്‍കുട്ടിയോട് 'നീ എന്തിനാണ് ഭയപ്പെടുന്നത്. ശക്തനായവന്‍ നിന്നോട് കൂടിയില്ലേ' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നു.


ഇത്രയും പറഞ്ഞശേഷം നിനക്ക് തിരിച്ചുപോകാന്‍ സമയമായി എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് യേശു ഭൂമിയില്‍ കൊണ്ടുവന്ന് വിടുകയാണ്. പിന്നീട് പെണ്‍കുട്ടി താന്‍ ഭൂമിയില്‍ മരിച്ചുകിടന്ന സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. തന്നെ നോക്കി കരഞ്ഞുകൊണ്ട് ചുറ്റും നിന്നവരെ അമ്പരപ്പിച്ച് ശരീരത്തേയ്ക്ക് ആത്മാവ് കയറിയത്രേ. യേശു കൈ ഉയര്‍ത്തിയപ്പോള്‍ സ്വര്‍ഗത്തില്‍ വജ്രം, സ്വര്‍ണം തുടങ്ങിയവയില്‍ നിര്‍മിക്കപ്പെട്ട കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും ഉണ്ടായതായും പെണ്‍കുട്ടി പറയുന്നു. കര്‍ത്താവ് വളരെ സിമ്പിളാണെന്നും വളരെ എളിമയോടെ പെരുമാറിയെന്നും ഒരു വായില്‍ അയ്യായിരം പാട്ടുപാടുന്ന പാട്ടുകാര്‍ സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

സ്‌നേഹക്കൂടുതല്‍ക്കൊണ്ട് 'യേശു അപ്പച്ചാ' എന്നുവരെ വിളിക്കുന്ന പെണ്‍കുട്ടിയെ യേശു 'കുഞ്ഞേ' എന്നാണ് എല്ലായ്‌പ്പോഴും വാത്സല്യത്തോടെ അഭിസംബോധന ചെയ്യുന്നത്. കുഞ്ഞേ നിനക്കറിയാമോ ഞാന്‍ സ്തുതികളില്‍ ജീവിക്കുന്ന ദൈവമാണെന്നും യേശു പറയുന്നുണ്ട്. സ്വര്‍ഗത്തിലെ പുഴയിലൂടെ ഒഴുകി നടന്ന മീനിനെ കൈയിലെടുത്ത് കുറച്ചുനേരം യേശു പിടിക്കുമ്പോള്‍ മീന്‍ ചാകുമെന്ന ഭയത്തില്‍ പെണ്‍കുട്ടി യേശുവിനോട് ആശങ്ക വെളിപ്പെടുത്തുമ്പോള്‍ 'കുഞ്ഞേ നിനക്കറിയില്ലേ, സ്വര്‍ഗത്തില്‍ മരണമില്ല. നിത്യജീവനാണ് ഇവിടെയെന്ന് പറയുന്നു.

യേശു തന്റെ തീരുമാനപ്രകാരം മരിപ്പിച്ച് ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോയിട്ട് പിന്നെ തിരിച്ചുവിട്ട കാര്യം ഇപ്പോഴും നിഗൂഢമായി തുടരുമ്പോഴും പെണ്‍കുട്ടി സംസാരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധിപ്പേരാണ് ഇവരെ ട്രോളി വീഡിയോ ഷെയര്‍ ചെയ്യുന്നത്- ശശികലയും ഗോപാലകൃഷ്ണനും എം.എം അക്ബറും ചേര്‍ന്ന് കേരളത്തെ വര്‍ഗ്ഗീയക്കടലിലേയ്ക്ക് 'തള്ളി'യിടാന്‍ ശ്രമിക്കുന്നതിനിടയില്‍ തങ്ങളും ഒട്ടും മോശക്കാരല്ലെന്ന് ഉദ്ഘോഷിക്കുന്ന നിരവധി വീഡിയോകള്‍ ഇത്തരം രോഗശാന്തി ശുശ്രൂഷകരുടേതായി യുട്യൂബിലുണ്ട്.