മീഡിയ വണ്‍ വിശുദ്ധ പശു; ജമാഅത്ത് ആരാധകര്‍ നാരദക്കെതിരെ: വാർത്ത പിൻവലിക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

മീഡിയ വണ്‍ ചാനലിലെ പിരിച്ചുവിടൽ വാർത്തയുടെ പേരിൽ നാരദാ ന്യൂസിനെതിരെ ചാനൽ ആരാധകരിലും ജമാഅത്ത് അണികളിലും വൻ രോഷമുയരുകയാണ്. നാരദ സ്വന്തം വാർത്തയിൽ ഉറച്ചു നിൽക്കുന്നുവെങ്കിലും വാർത്തയിലെ വസ്തുതകൾ അവിശ്വസിക്കുന്നവരുടെ പല വിധത്തിലുള്ള പ്രതികരണങ്ങൾ ഇവിടെ സംഗ്രഹിക്കുന്നു.

മീഡിയ വണ്‍ വിശുദ്ധ പശു; ജമാഅത്ത് ആരാധകര്‍ നാരദക്കെതിരെ: വാർത്ത പിൻവലിക്കണമെന്നും കേസെടുക്കണമെന്നും ആവശ്യം

മീഡിയ വണ്‍ ചാനൽ അനധികൃതമായി ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന നാരദാ ന്യൂസ് റിപ്പോര്‍ട്ടിനെതിരെ മീഡിയ വണ്‍- ജമാഅത്തേ ഇസ്ലാമി അനുകൂലികളുടെ രോഷം. 'മീഡിയവണ്‍ ചാനലില്‍ കൂട്ടപ്പിരിച്ചുവിടല്‍; സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കാണുന്നതില്‍ ഷൂറ കൗണ്‍സിലിന് എതിര്‍പ്പ്' എന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്ന ഫേസ്ബുക്ക് പേജിലാണ് ഭീഷണി ഉയര്‍ത്തിയും പ്രതിരോധം തീര്‍ത്തും ചാനല്‍ അനുകൂലികളുടെ കമന്റുകള്‍ നിറയുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ജമാഅത്തെ ഇസ്ലാമിക്കും ചാനലിനുമെതിരെയുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രചരണങ്ങളെന്നുമാണിവരുടെ ആക്ഷേപം പൊതുവിൽ.


മീഡിയ വൺ ഗള്‍ഫ് ചാനല്‍ പ്രവര്‍ത്തനം നിലയ്ക്കാന്‍ മൂലകാരണം ചാനല്‍ മാനേജ്‌മെന്റിന്റെ നിലപാടുകളാണെന്ന യാഥാർത്ഥ്യം അവിടുത്തെ ജീവനക്കാരും മുൻ ജീവനക്കാരും തന്നെയാണെന്നാണ് പുറത്തുകൊണ്ടുവരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും നിലപാടുകളുമായി പ്രോഗ്രാമുകള്‍ക്ക് ഒത്തുപോകാന്‍ പറ്റാത്തത് ചാനലിന്റെ പരിപാടികളെ ബാധിച്ചതാണ് പരസ്യവരുമാനം ഗണ്യമായി കുറഞ്ഞ് ചാനല്‍ നിർത്തേണ്ട അവസ്ഥയിലെത്തിച്ചതെന്ന് അവർ വെളിപ്പെടുത്തുന്നു. ഈ വസ്തുതകൾ അറിഞ്ഞോ അറിയാതെയോ ആണ് ചാനല്‍ അനകൂലികള്‍ വാർത്ത ക്കെതിരെ അണിനിരക്കുന്നത്.


'ജമാഅത്തെ ഇസ്ലാമി പത്രത്തെയോ
ചാനലിനെയോ ഉപയോഗിക്കുന്നില്ല'


ചാനലിനെയും ജമാഅത്തെ ഇസ്ലാമിനേയും വെള്ളപൂശിക്കൊണ്ടാണ് വാര്‍ത്തയ്ക്കു താഴെ പലരുടെയും കമന്റുകള്‍. വാര്‍ത്ത പിന്‍വലിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി അവരുടെ നയനിലപാടുകള്‍ പറയാന്‍ ഒരിക്കലും പത്രമോ ചാനലോ ഉപയോഗിച്ചിട്ടില്ലെന്നും അവരിൽപ്പെട്ടവർ ചാനലില്‍ ചര്‍ച്ചയ്ക്കു പോലും പങ്കെടുക്കുന്നതു കുറവാണെന്നും അവര്‍ പറയുന്നു. ചാനൽ ജീവനക്കാരും മതമോ സംഘടനയോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരല്ല. ഒന്നാം നമ്പര്‍ ഇടതുപക്ഷക്കാരെയും ചാനലില്‍ കാണാം. മതമൗലികവാദം ആക്ഷേപിക്കുന്നത് ചിലര്‍ തട്ടമിട്ട് വാര്‍ത്ത വായിക്കുന്നതു കൊണ്ടാകാം എന്നും ഇവർ ആരോപിക്കുന്നു. അതിൽ ചിലര്‍ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കിൽ നന്നായി രണ്ടുനേരം കുളിക്കാനും ഇവർ പ്രതിവിധി നിർദ്ദേശിക്കുന്നു. ഒരു മാധ്യമം എന്ന നിലയില്‍ മീഡിയ വൺ നല്‍കുന്ന വാര്‍ത്തകളെപ്പറ്റി എതിരാളികള്‍ പോലും എതിര്‍പ്പ് പറയില്ലെന്നും  കമന്റുകളിൽ അവകാശപ്പെടുന്നു.


'മതമൗലികവാദ ചാനലെന്ന
ആക്ഷേപം പുതിയ നമ്പർ'


നാരദ വാര്‍ത്ത എന്തുകൊണ്ട് ഇപ്പോള്‍ വന്നു എന്നുള്ളതിനും ചിലര്‍ സ്വന്തം ഉത്തരങ്ങൾ കണ്ടെത്തുന്നുണ്ട്. ചാനല്‍ കാരണം പലരുടെയും മനസ്സിലിരിപ്പ് കേരളമണ്ണില്‍ വിലപ്പോവാത്തതും ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കുന്ന സ്ഥിരം അവസ്ഥ പണ്ടത്തെപ്പോലെ നടക്കാത്തതിനാണ് ഈ ചൊരുക്കെന്നുമാണ് വാദം. അതിന്റെ ഭാഗമായി അപ്പോള്‍ പുതിയ ആരോപണം ഉണ്ടാവേണ്ടത് ചിലരുടെ ആവശ്യമാണ്. പ്രോഗ്രാം ചാനല്‍ നിര്‍ത്തുന്നു, കൂടുതല്‍ ആളുകളെ പിരിച്ചു വിടുന്നു എന്നു പറഞ്ഞാല്‍ വേണ്ടത്ര ഊക്കുണ്ടാവില്ലെന്നു കരുതി മതവും മൗലികവാദവും കുത്തിക്കയറ്റുകയാണ് - കമന്റുകൾ പറയുന്നു.


Media One


'നാരദയുടെ ഉദ്ദേശ്യം ആരും
വിശ്വസിക്കാത്തത് വിശ്വസിപ്പിക്കൽ'


കേരളത്തില്‍ ചവറുകള്‍ കാണിക്കാന്‍ ചാനലുകള്‍ ഇല്ല എന്നതല്ല ഈ ചാനലിന്റെ പിന്നിലെ ആശയമെന്നും മീഡിയ വൺ അനുകൂലികൾ പറയുന്നു. സത്യം ഉള്ളതുപോലെ പറയുന്നവരില്ലെന്നതാണ് മീഡിയ വണ്ണിന്റെ പ്രാധാന്യം. ഒരാളെയും അനാവശ്യമായി പിരിച്ചുവിടാന്‍ പറ്റാത്ത നാടാണ് കേരളമെന്നും ഈ ചാനലില്‍ മാത്രം അങ്ങനെ നടക്കുന്നുവെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളുണ്ടാവില്ല. അങ്ങനെ കുറച്ചുപേരെ ഉണ്ടാക്കുകയാണ് ഈ വാര്‍ത്തയിലൂടെ ചെയ്തിരിക്കുന്നതെന്നും ചിലര്‍ ആക്ഷേപിക്കുന്നു.


'സമുദായത്തിലുള്ളവർക്കും വേണ്ടത്
സംഘികളുടെ സർട്ടിഫിക്കറ്റ്'


എം-80 മൂസ എന്ന പരിപാടിയുടെ കാര്യവും ചില കമന്റുകളിൽ എടുത്തുപറയുന്നു. ആ പരിപാടിയല്ല, പരിപാടി സ്വീകരിക്കുന്ന നിലപാടുകളാണ് ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നതെന്നാണ് വാദം. മീഡിയ വണ്‍ എന്നു കേള്‍ക്കുമ്പോള്‍ സംഘികള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്വന്തം സമുദായത്തിലുള്ളവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും കമന്റുകളിൽ ചോദിക്കുന്നു. പാത്തുമ്മ കോയയ്‌ക്കൊപ്പം കിടക്കുന്നതിലല്ല അവര്‍ക്ക് വിഷയമെന്നും സംഘികളുടെ ചൂടു തട്ടാതിരുന്നാല്‍ തങ്ങളുടെ മതേതരത്വം ഒലിച്ചുപോകുമോ എന്ന ഭയമാണ് പലര്‍ക്കുമെന്നും കമന്റുകളിൽ പരിഹസിക്കുന്നു.


എം-80 മൂസയിലെ ഭാഷ അലോസരമുണ്ടാക്കുന്നതാണെന്ന വാദഗതികളും കമന്റുകളില്‍ ഉയരുന്നുണ്ട്. എം-80 മൂസ സംസ്‌കാരമില്ലാത്ത വൃത്തികെട്ട പരിപാടിയാണെന്നും പാത്തുമ്മ എന്ന കഥാപാത്രം ബോറാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.


'സദാചാരവാദികളായ പ്രേക്ഷകർ
ചാനലിന്റെ കുറ്റമോ?'


മീഡിയവണ്‍ പ്രേക്ഷകരില്‍ സദാചാര ചിന്തയുള്ളവര്‍ കൂടുതലാണെന്നത് ആ ചാനലിന്റെ കുറ്റമല്ലെന്നാണ് ചിലരുടെ നിലപാട്. മീഡിയ വണ്ണില്‍ സംഭവിക്കുന്നത് ഉയര്‍ത്തിക്കാട്ടുന്ന ചിലര്‍ മറ്റു ചാനലുകളില്‍ എന്തു സംഭവിച്ചാലും കണ്ണടയ്ക്കുകയാണെന്നും അവര്‍ പറയുന്നു. അതേസമയം മറ്റു ചാനലുകളില്‍ അതിലപ്പുറം നടന്നാലും ആരും വിഷയമാക്കില്ല. മതം ഇന്നൊരു വിഷയമാണ്. അത് ചേര്‍ത്ത് പറഞ്ഞാല്‍ ബാക്കിയെല്ലാം വെറുതെ വന്നു കൊള്ളും. എന്തും ഐഎസ് ചിന്തയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പലർക്കും വ്യഗ്രതയാണെന്നും കമന്റുകൾ അഭിപ്രായപ്പെടുന്നു. നഗ്ന സ്വാമിയെ പുജിക്കുന്നത് ചാനലുകളില്‍ കാണിച്ചാല്‍ അത് ഭക്തിയും യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ പറഞ്ഞാല്‍ അത് തീവ്രവാദവും ആകുന്ന കാലമാണിതെന്നും കമന്റുകള്‍ സംസാരിക്കുന്നു.മീഡിയ വൺ ചാനലിൽ കൂട്ടപ്പിരിച്ചുവിടൽ; ചാനലിൽ സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണുന്നതിൽ ഷൂറ കൗൺസിലിന് അതൃപ്തി


മീഡിയ വണ്‍ ചാനല്‍ പൂട്ടിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്നും ചിലര്‍ പറയുന്നു. വ്യാജവാര്‍ത്ത സൃഷ്ടിച്ച നാരദാ ന്യൂസിനെതിരെ കേസ് കൊടുക്കണമെന്നാണ് ചിലരുടെ ആവശ്യം.


ചിലര്‍ ഈ വാര്‍ത്തയെ മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയുടെ പ്രതിസന്ധിയുമായി കൂട്ടിയോജിപ്പിക്കുന്നു. ചന്ദ്രിക പത്രത്തിന്റെ പ്രതിസന്ധി പുറംലോകമറിഞ്ഞതിലുള്ള നീരസമാണ് നാരദ വാർത്തയെന്നും അവർ വ്യാഖ്യാനിക്കുന്നു.


ചിലരോർക്കുന്നു, ടി.വി.യെ എതിർത്ത
പഴയ ജമാഅത്തെ ഇസ്ലാമിയെ


എന്നാല്‍ വാര്‍ത്തയെ തള്ളിയുള്ള കമന്റുകള്‍ക്കിടയില്‍ ന്യൂസ് റിപ്പോര്‍ട്ടിനെ ശരിവെയ്ക്കുന്ന കമന്റുകളും ഉണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിക്കും ഡിഷിനും എതിരെ നിലപാടെടുത്ത ജമാഅത്തെ ഇസ്ലാമിയെ പലരും ഓർക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിക്ക് ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് മീഡിയ വണ്‍. ഒരു പത്തുപതിനഞ്ച് വര്‍ഷം മുമ്പ് ടിവിക്കും ഡിഷ് ആന്റീനക്കും എതിരെ നടന്ന അതിക്രമങ്ങളും പ്രചാരണങ്ങളും നമുക്ക് മറക്കാന്‍ കഴിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.


Edited by E. Rajesh

Read More >>