തല മൂടി ഇക്കൊണ്ടുപോകുന്നത് എങ്ങോട്ടാണ്; മദനിയുടെ വഴിക്കോ?

ബിജെപി ദേശീയ സമ്മേളന വേളയിൽ കാടിളക്കി മുന്നേറിയ യുദ്ധപ്രേമ വാർത്തകൾക്ക് തുടർച്ചയായാണ് ഐഎസ് ഓപ്പറേഷൻ വാർത്തകളുടെയും പൊലി. ഒരു അബ്ദുൾ നാസർ മഅ്ദനിയുടെ വഴികളിലൂടെ നൂറു നൂറു മഅ്ദനിമാരെ കൊണ്ടുപോവുകയാണോ മാധ്യമങ്ങൾ?

തല മൂടി ഇക്കൊണ്ടുപോകുന്നത് എങ്ങോട്ടാണ്; മദനിയുടെ വഴിക്കോ?

കേരളത്തിലെ ഐ.എസ്. ഭീകര പദ്ധതികളെക്കുറിച്ചുള്ള മാധ്യമ പ്രചാരണങ്ങൾ എത്രക്ക് ആധികാരികമാണെന്ന് സംശയമുണരുന്നു. വിവിധ മാധ്യമങ്ങളിൽ പല ബ്യൂറോ ആസ്ഥാനങ്ങളിൽ നിന്നും ഒരേ സ്വരത്തിലുയരുന്ന വാർത്തകൾ അവയെല്ലാം ഒരേ സ്രോതസ്സിൽ നിന്നാണെന്ന് വ്യക്തമാക്കുന്നു.

പൊലീസ് പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന വാർത്തകൾ ഉപ്പു കൂട്ടാതെ വിഴുങ്ങിയാണോ ഓരോ പത്രലേഖകരും എഴുതുന്നതെന്ന് തോന്നിക്കുന്നവയാണ് ഓരോ വാർത്തയും. അവയിലെ ആധികാരികതയിലുള്ള അവിശ്വാസം കൊണ്ടോ മറ്റേതെങ്കിലും കാരണംകൊണ്ടോ എഴുതിയ ലേഖകരും ലേഖികമാരുമൊന്നും വാർത്തകളിൽ സ്വന്തം പേരു വച്ചിട്ടില്ല.


ബിജെപി ദേശീയ സമ്മേളന വേളയിൽ കാടിളക്കി മുന്നേറിയ യുദ്ധപ്രേമ വാർത്തകൾക്ക് തുടർച്ചയായാണ് ഐഎസ് ഓപ്പറേഷൻ വാർത്തകളുടെയും പൊലി.

അൻസാറുൽ ഖിലാഫ

അൻസാറുൽ ഖിലാഫ എന്ന സംഘത്തിലെ അംഗങ്ങളെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്ന് വാർത്തകൾ ഒന്നടങ്കം പറയുന്നു. കേരളത്തിലെ ഐഎസിന്റെ ഘടകമാണ് അൻസാറുൽ ഖിലാഫ എന്നും അവ വ്യക്തമാക്കുന്നു.

വളരെ പരസ്യമായി ഫെയ്സ് ബുക്കിൽ സ്വന്തം വിഷപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പാണ് ഇപ്പറയുന്ന അൻസാറുൽ ഖിലാഫ. സാധാരണ മതവിശ്വാസികളിൽ വെറുപ്പു മാത്രമുണർത്തുന്ന പോസ്റ്റുകൾ വർഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പാണിത്. അത്രക്ക് ജുഗുപ്സാവഹമായ പോസ്റ്റുകളുടെ പേരിൽ, സാധാരണ നിലക്ക് സാധ്യമായ പരാതികളോ പേജ് ബ്ലോക്കിങ്ങോ പോലും ഇവർക്കെതിരെ ഇതുവരെ നടന്നിട്ടില്ലെന്നതുതന്നെ ദുരൂഹതയുണർത്തുന്നു. ഈയൊരു ഗ്രൂപ്പിന്റെ രഹസ്യചർച്ചകളിൽ നുഴഞ്ഞു കയറിയാണ് ഭീകരരെ എൻഐഎ കണ്ടെത്തിയതെന്നും മാധ്യമങ്ങൾ വിശദീകരിക്കുന്നു.

ഇത്ര നഗ്നമായി സ്വന്തം ആശയങ്ങളും പദ്ധതികളും വെളിപ്പെടുത്തിയാണോ രാജ്യത്ത് സായുധ 'ജിഹാദി'നൊരുങ്ങിയ ഒരു ഗൂഢസംഘം പ്രവർത്തിക്കുക എന്ന ന്യായമായ സംശയത്തോട് കണ്ണടക്കുകയാണ് ഓരോ പത്രലേഖകനും/ ലേഖികയും.

ആദ്യം ആരോപിച്ചത് ബിജെപി

'അൻസാറുൾ ഖിലാഫ കേരള' എന്ന പേരിൽ ഫേസ് ബുക്ക് പേജ് സജീവമായി വന്നമുതൽതന്നെ ബിജെപിയുടെ കമ്യൂണിക്കേഷൻ സെൽ ഇത് കേരളത്തിലെ ഐഎസ് സാന്നിധ്യമാണെന്ന് ആരോപിച്ചു തുടങ്ങിയിരുന്നു. ബിജെപി കമ്യൂണിക്കേഷൻ സെല്ലിൽ നിന്ന് വ്യാപകമായി ഈ ആക്ഷേപം സംഘപരിവാർ അനുകൂലികളാൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ജൂലൈ മുതലെങ്കിലും ഈ മതവർഗ്ഗീയ പോസ്റ്റുകളും അവയ്ക്കെതിരായ സംഘപരിവാർ പ്രചാരണങ്ങളും സജീവമാണെന്നു കാണാം. ഏറ്റവുമൊടുക്കം സെപ്തംബർ അവസാനവാരത്തിൽ പോലും അൻസാറുൾ ഖിലാഫ കേരളയുടെ എഫ്.ബി. പേജും ജിഹാദി പോസ്റ്റുകളും വെർച്വൽ ചർച്ചകളിലുണ്ട്.

എന്നിട്ടും വർഗ്ഗീയ സ്പർധയുളവാക്കുന്ന പ്രചാരണങ്ങൾ തടയാനോ അഡ്മിൻ കൈകാര്യം ചെയ്തവർക്കെതിരെ ഒരു പെറ്റിക്കേസെങ്കിലുമെടുക്കാനോ ഇതുവരെ സൈബർ പൊലീസ് തുനിഞ്ഞതായി അറിവില്ല. ഒരു സുപ്രഭാതത്തിൽ, ഇതിന്റെയൊക്കെ പിന്നിൽ ഗൂഢമായി പ്രവർത്തിച്ചവരെന്ന പേരിൽ ഏതാനും പേരെ ഐ എസ് ഭീകരവാദികളെന്ന പേരിൽ അറസ്റ്റു ചെയ്യുംവരെയും!

സംശയങ്ങളില്ലാത്ത മാധ്യമങ്ങൾ

ഈ അറസ്റ്റുകളിലേക്കും ഗുരുതരമായ രാജ്യദ്രോഹക്കേസ് ചുമത്തലുകളിലേക്കും വഴിവെക്കാൻ പാകത്തിൽ ഏതോ കേന്ദ്രങ്ങളിൽ നിന്ന് പടച്ചിറക്കപ്പെട്ടവയാണോ ജിഹാദിന്റെ പേരിൽ വിളമ്പിയ വിഡ്ഢിത്തങ്ങളെന്ന് ആർക്കും സംശയമുണരാം. എന്നാൽ ഇത്തരം സംശയങ്ങൾ പ്രതിഫലിപ്പിക്കേണ്ടവരെന്നു വിശ്വസിക്കപ്പെടുന്ന 'ജനാധിപത്യത്തിന്റെ നാലാംതൂണി'നു മാത്രം ഒരു സംശയങ്ങളുമില്ല. 'ഹിസ് മാസ്റ്റേഴ്സ് വോയ്സ് ' പോലെ പൂർണ്ണബോധ്യങ്ങളായാണ് പൊലീസ് ഭാഷ്യങ്ങൾ അവർ അവതരിപ്പിക്കുന്നത്.

കേരളത്തിൽ ഇപ്പറഞ്ഞവരടങ്ങുന്ന ഐഎസ് ടാർജറ്റ് ചെയ്തിരിക്കുന്ന ഹിറ്റ് ലിസ്റ്റിൽ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത് താനാണെന്ന് അതിന്റെ തുടർച്ചയായി ബി.ജെ.പി. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറയുന്നു. തന്നോട് ഇന്റലിജൻസ് അധികൃതർ പറഞ്ഞതായി കെ.സുരേന്ദ്രൻ പറയുന്ന കാര്യത്തെ അവിശ്വസിക്കേണ്ടതില്ല. എന്നാൽ കേരളത്തിലെ ഐ.എസ്. വളർച്ചക്ക് തടസ്സമായിക്കാണുന്ന രാഷ്ട്രീയ നേതാവ് (ബി.ജെ.പി.യിലും സംഘപരിവാറിലും എത്രയോ മുതിർന്ന നേതാക്കളിരിക്കെ) കെ.സുരേന്ദ്രനെപ്പോലെ ഒരു യുവനേതാവോ എന്ന് ആരിലും സന്ദേഹമുണരാതിരിക്കില്ല.

കനകമല ക്യാമ്പും ചർച്ച

കണ്ണൂരിലെ കനകമലയിലെ ഐഎസ് ക്യാമ്പിനെക്കുറിച്ചു വരുന്ന വാർത്തകളും വൈരുധ്യങ്ങൾ നിറഞ്ഞവയാണെന്ന് ഇതു സംബന്ധിച്ച് ഫെയ്സ് ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച ഉയരുന്നുണ്ട്. കനകമലയിൽ ഭീകരവാദികളുടെ യോഗം ചേരുന്നുണ്ടെന്ന് പരാതിപ്പെട്ടതും ബി.ജെ.പി ആണ്. ചൊക്ലി പൊലീസിൽ ലഭിച്ച പരാതി സംസ്ഥാന ഇന്റലിജൻസ് ഒരു മാസം മുമ്പ് അന്വേഷിച്ചതായും സ്ഥിരീകരണമുണ്ട്.

നിത്യചൈതന്യയതി കുറെക്കാലം താമസിച്ചുപോന്ന കേന്ദ്രമെന്ന നിലക്കും, ശിവഗിരി മoത്തിന്റെതായി വർഷാവർഷം ഒക്ടോബറിൽ ഒത്തുകൂടൽ നടക്കുന്ന കേന്ദ്രമെന്ന നിലക്കും കനകമല സഞ്ചാരികളുടെയും സന്ദർശകരുടെയും കേന്ദ്രമാണ്. ഈ സന്ദർശകരല്ലാതെ ആരുമവിടെ ക്യാമ്പ് ചെയ്യാറില്ലെന്ന സംസ്ഥാന പൊലീസിന്റെ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞാണ് എൻഐഎയുടെ നിഗമനം.

കുറ്റമറ്റ നിലയിലാണ് സംസ്ഥാന പൊലീസ് അന്വേഷിച്ചിരുന്നതെന്നും സംശയകരമായൊന്നും തങ്ങൾക്ക് കണ്ടെത്താനായില്ലെന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.

പിടികൂടപ്പെട്ടവർ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ എത്ര മാത്രം വ്യാപൃതരായിരുന്നവരാണെന്നത് സമീപഭാവിയിലൊന്നും തെളിയിക്കപ്പെടാൻ പോവുന്ന കാര്യമല്ല. അതുവരേക്കും അവരുടെ കുടുംബാംഗങ്ങൾ പോലും ആക്ഷേപ ശരങ്ങൾക്ക് വിധേയരാകേണ്ടി വരുമെന്നതാണ് ഭീകരവാദ കേസുകളുടെയൊക്കെയും പൊതു ചിത്രം. ഒരു അബ്ദുൾ നാസർ മഅ്ദനിയുടെ വഴികളിലൂടെ നൂറു നൂറു മഅ്ദനിമാർ കടന്നുപോകുന്ന കാഴ്ചയ്ക്കാണ് മാധ്യമങ്ങൾ ചേർന്ന് ആഘോഷപൂർവ്വം പൊങ്കാലയിടുന്നത്.