"കള്ളുകുടിയൻമാരെ കല്യാണം കഴിക്കരുത്"; പെൺകുട്ടികള്‍ക്ക് മേധ പട്കറിന്റെ ഉപദേശം

കള്ളു കുടിക്കുന്നവരെ കല്യാണം കഴിക്കില്ലായെന്നു ഓരോ പെൺകുട്ടിയും പ്രതിജ്ഞ ചെയ്യണമെന്നും ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്നത് ലഹരിയില്‍നിന്നും അതിനെ മോചിപിക്കാന്‍ വിദ്യാർഥിനികൾ ഓരോരുത്തരം യുദ്ധം ചെയ്യണമെന്നും മേധ പട്കർ ആഹ്വാനം ചെയ്തു

"കള്ളുകുടിയൻമാരെ കല്യാണം കഴിക്കരുത്"; പെൺകുട്ടികള്‍ക്ക് മേധ പട്കറിന്റെ ഉപദേശം

തൃശൂര്‍: കള്ളു കുടിക്കുന്നവരെ കല്യാണം കഴിക്കരുതെന്ന് പെണ്‍കുട്ടികള്‍ക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കറിന്റെ ഉപദേശം. കള്ളു കുടിക്കുന്നവരെ കല്യാണം കഴിക്കില്ലായെന്നു ഓരോ പെൺകുട്ടിയും പ്രതിജ്ഞ ചെയ്യണമെന്നും ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്നത് ലഹരിയില്‍നിന്നും അതിനെ മോചിപിക്കാന്‍ വിദ്യാർഥിനികൾ ഓരോരുത്തരം  യുദ്ധം ചെയ്യണമെന്നും മേധ പട്കർ ആഹ്വാനം ചെയ്തു. വിമല കോളജ് സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ‘ലെഗസി ഓഫ് ലെജൻ‍‍ഡ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധ പട്കർ.


ആദിവാസികളുടെ പ്രശ്നങ്ങൾ, തെരുവിൽ ജീവിക്കുന്നവരുടെ യാതനകൾ, കർഷക ആത്മഹത്യ അങ്ങനെ പല വെല്ലുവിളികൾ നമുക്ക് മുന്നിലുണ്ടെന്ന് പറഞ്ഞ മേധ പട്കർ ഇവയ്ക്കെല്ലാം മുകളിലാണ് ലഹരിയെന്നും പറഞ്ഞു.

"നർമദയുടെ ചുറ്റുമുള്ള ഓരോ ഗ്രാമത്തിലും ചുരുങ്ങിയത് 50 പേരെങ്കിലും ലഹരി കാരണം വിധവകളായിട്ടുണ്ട്. ജീവിതത്തെയും സന്തോഷത്തെയും നമ്മുടെ പ്രണയത്തെയും ഇല്ലാതാക്കുന്നതാണ് ലഹരി. നമ്മള്‍ ഓരോരുത്തരം അതിനെതിരെ  യുദ്ധം ചെയ്യണം. സർക്കാരുകളും ഇതിനു വേണ്ടി മുന്നോട്ടിറങ്ങണം. പാപം വിറ്റ് കിട്ടുന്ന ലാഭം നമുക്ക് വേണ്ടെന്ന് സർക്കാർ തീരുമാനിക്കണം."  മേധ പട്കർ ആവശ്യപ്പെട്ടു.

ലഹരി ഉപയോഗിക്കുന്നവർക്ക് പെൺമക്കളെ നൽകില്ല എന്നു രക്ഷിതാക്കൾ ഉറപ്പുവരുത്തണംമെന്നു പറഞ്ഞ മേധ  ലഹരി കാരണം ജീവിതം നഷ്ടമായ സ്ത്രീകളുടെ അനുഭവങ്ങള്‍ പാഠമാക്കണമെന്നും കൂട്ടിചേര്‍ത്തു.

Story by