മീഡിയവണ്ണില്‍ നിന്നും കൂട്ടരാജി; സനീഷും വിധു വിന്‍സന്റും ഉള്‍പ്പെടെയുള്ളവര്‍ ചാനല്‍ മാനേജ്‌മെന്റിന് രാജിക്കത്ത് നല്‍കി

മിഡില്‍ ഈസ്റ്റിലെ പ്രോഗ്രാം ചാനല്‍ അവസാനിപ്പിക്കുന്നതിനോട് ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

മീഡിയവണ്ണില്‍ നിന്നും കൂട്ടരാജി; സനീഷും വിധു വിന്‍സന്റും ഉള്‍പ്പെടെയുള്ളവര്‍ ചാനല്‍ മാനേജ്‌മെന്റിന് രാജിക്കത്ത് നല്‍കി

മീഡിയ വണ്‍ മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കി ന്യൂസ് ചാനലില്‍ നിന്നും ഇ സനീഷും വിധു വിന്‍സന്റും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവെച്ചു. മീഡിയ വണ്ണില്‍ നിന്നും നാല്‍പ്പതിലേറേ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം വിവാദമായിരിക്കേയാണ് ചാനലിനെ പ്രതിസന്ധിയിലാക്കി പ്രമുഖര്‍ രാജിവെച്ചത്. മിഡില്‍ ഈസ്റ്റിലെ പ്രോഗ്രാം ചാനല്‍ അവസാനിപ്പിക്കുന്നതിനോട് ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.


ഐ ആർ പ്രസാദ്, ന്യൂസ് റീഡേഴ്‌സായ കിഷ, അഞ്ജന തുടങ്ങിയവരും ചാനലില്‍ നിന്നും രാജിവച്ചിട്ടുണ്ട്. താന്‍ മാനേജ്‌മെന്റിന് രാജി സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും എന്നാല്‍ തന്റെ രാജി വ്യക്തിപരമാണെന്നും സനീഷ് നാരദ ന്യൂസിനോടു പറഞ്ഞു. മറ്റുള്ളവര്‍ രാജിവച്ചിട്ടുണ്ട് എന്ന് അറിഞ്ഞിരുന്നുവെന്നും എന്നാല്‍ അതുമായി തന്റെ രാജിക്ക് ബന്ധമൊന്നുമില്ലെന്നുമാണ് സനീഷിന്റെ നിലപാട്. കൂടുതലൊന്നും വെളിപ്പെടുത്തുവാനും സനീഷ് തയ്യാറായില്ല.

അതേസമയം മാനേജ്‌മെന്റിന്റെ പ്രത്യക്ഷ നിലപാടുകളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് വിധു വിന്‍സന്റ് നാരദാ ന്യൂസിനോടു പറഞ്ഞു. ഇത്തവണ IFFKയുടെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാൻഹോൾ എന്ന ചിത്രത്തിന്റെ നിർമാണത്തിനായി നേരത്തെ രണ്ടു മാസം ശമ്പള രഹിത അവധിക്ക് അപേക്ഷിച്ചിരുന്നു. മുമ്പ് ലീവ് എടുക്കുമ്പോള്‍ പാലിക്കുന്ന നടപടിക്രമങ്ങളാണ് താന്‍ അന്നും ചെയ്തത്. എന്നാല്‍ കൃത്യവിലോപം നടത്തി എന്ന് വരുത്തിത്തീര്‍ത്ത് നടപടിയെടുക്കാനാണ് മാനേജ്‌മെന്റ് മുതിര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് രാജിവെക്കാന്‍ നിര്‍ബന്ധിതയായതെന്ന് വിധു പറഞ്ഞു.

പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേരുമുണ്ടായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരമൊരു നീക്കം മാനേജ്‌മെന്റ് തനിക്കെതിരെ സ്വീകരിച്ചതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. തന്റെ സ്ത്രീ അനുകൂല നിലപാടുകളും മാനേജ്‌മെന്റിന് തനിക്കെതിരെ നടപടിയെടുക്കുന്നതിന് കാരണമായിട്ടുണ്ട്. പലപ്പോഴും ന്യൂസ് മീറ്റിംഗുകളില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതും കാര്യങ്ങള്‍ വിമര്‍ശിക്കുന്നതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെതുടര്‍ന്ന് ഈ അടുത്ത കാലത്തെ പല മീറ്റിംഗുകളിലും തന്നെ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്- വിധു പറഞ്ഞു.

തന്റെ വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമായതെന്നാണ് പ്രസാദ് സൂചിപ്പിക്കുന്നത്. മാനേജ്‌മെന്റുമായി ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ പേരില്‍ പലരും രാജിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള മീഡിയ വണ്ണിന്റെ പ്രോഗ്രാം ചാനല്‍ പരിപാടി അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. മാനേജ്‌മെന്റിന്റെ ഈ നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രോഗ്രാം ചാനല്‍ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാര്‍ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതില്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്സും ക്യാമറാമാനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചാനല്‍ മാനേജ്മെന്റ് പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പിരിഞ്ഞു പോകണമെന്നാണ് ജീവനക്കാരോട് വാക്കാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ജീവനക്കാരില്‍ പലരും സോഷ്യല്‍മീഡിയയില്‍ക്കൂടി മാനേജ്‌മെന്റിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.