മീഡിയ വൺ ചാനലിൽ കൂട്ടപ്പിരിച്ചുവിടൽ; ചാനലിൽ സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണുന്നതിൽ ഷൂറ കൗൺസിലിന് അതൃപ്തി

മീഡിയവണ്‍ ചാനലിലെ ജനപ്രിയ പരിപാടിയായ 'എം80 മൂസ'യുടെ സംപ്രേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്. പരമ്പരയിലെ ഒരു രംഗത്ത് പാത്തുവും മൂസയും ഒരുമിച്ച് ഒരു കട്ടിലില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. തുടർന്ന് സീരിയലിലെ പാത്തുവിന്റെ സംസാരരീതി ഏറനാടൻ മുസ്ലീമിന്റെ നാട്ടുഭാഷയെ അപഹസിക്കുന്നതാണെന്ന തരത്തിൽ നീളൻ ലേഖനങ്ങൾ വരെ ചില മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള രംഗങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മത- രാഷ്ട്രീയ നയങ്ങള്‍ക്കെതിരാണെന്നും അതുകൊണ്ടുതന്നെ ഈ പരമ്പര തുടരാന്‍ സമ്മതിക്കരുതെന്നുമാണ് പാരമ്പര്യവാദികളുടെ നിലപാട്....

മീഡിയ വൺ ചാനലിൽ കൂട്ടപ്പിരിച്ചുവിടൽ; ചാനലിൽ സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണുന്നതിൽ ഷൂറ കൗൺസിലിന് അതൃപ്തി

ഒരു സുപ്രഭാതത്തിൽ ഒരു ചാനൽ തുടങ്ങുക. അതിലേക്ക് മറ്റു പ്രമുഖ ചാനലുകളിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധരെയടക്കം കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കുക. പ്രത്യേകിച്ച് വലിയ സാമ്പത്തിക ബാധ്യതയൊന്നും ഇല്ലാതിരിക്കെ ഒരുൾവലിവിന്റെ പുറത്ത് മറ്റൊരു പകൽ, പ്രവർത്തനം അവസാനിപ്പിക്കുക. ജീവനക്കാരെ നിർദ്ദയം പെരുവഴിയിലിറക്കിവിടുക. ഇസ്ലാമിലെ പുരോഗമനത്തിന്റെ മൊത്തക്കച്ചവടക്കാർ എന്ന് ഭാവിക്കുന്ന ജമാഅത്തെ ഇസ്ലാമി, മീഡിയ വൺ ബാനറിൽ ആരംഭിച്ച പ്രോഗ്രാം ചാനലിലാണ് ഈ കളിയൊക്കെ.


തങ്ങൾ യാഥാസ്ഥിതികരല്ലെന്നു കാട്ടാൻ പ്രോഗ്രാം ചാനൽ തുടങ്ങുകയും ഒടുവിൽ തങ്ങളുടെ ഷൂറാ കൗൺസിലിന്റെ സദാചാര ശാഠ്യത്തിനു വഴങ്ങി ചാനൽ അടച്ചുപൂട്ടുകയും ചെയ്യുക എന്നതാണ് നടന്നിരിക്കുന്നത് എന്നറിയുമ്പോഴോ? ഇത്തരം ശാഠ്യങ്ങളുള്ളവർ ചാനൽ തുടങ്ങാതിരിക്കാമായിരുന്നില്ലേ എന്ന ചോദ്യം ഇനി ആരോടു ചോദിക്കാനാണു കേരളം? ആ ജീവനക്കാരുടെ വറുതിദിനങ്ങൾക്ക് ഇവർ എന്തു സക്കാത്തു കൊടുത്താലാവും മതിയാവുക?

ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള മീഡിയ വണ്ണിന്റെ പ്രോഗ്രാം ചാനല്‍ പരിപാടി അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. പ്രോഗ്രാം ചാനല്‍ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാര്‍ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതില്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സും ക്യാമറാമാനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചാനല്‍ മാനേജ്‌മെന്റ് പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പരിഞ്ഞു പോകണമെന്നാണ് ജീവനക്കാരോട് വാക്കാൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

പ്രോഗ്രാം പ്രൊഡ്യൂസേഴ്സ് എട്ടുപേർ ഉണ്ടായിരുന്നതിൽ നാലുപേരോട് ഇതിനോടകം പിരിഞ്ഞുപൊയ്ക്കൊള്ളാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുപതു ക്യാമറാമാന്മാരുള്ളതിൽ പതിനൊന്നുപേരോടാണ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എഡിറ്റർമാരുള്ളിടത്ത് പതിമ്മൂന്നു പേരെയും പിരിച്ചുവിട്ട് രണ്ടുപേരെ മാത്രം നിലനിർത്താനാണു തീരുമാനം. ഇവരിൽ ബഹുഭൂരിപക്ഷം പേരും ഏഷ്യാനെറ്റ് അടക്കം ഇതരചാനലുകളിൽ പണിയെടുത്തിരുന്നവരാണ്. പ്രത്യേകമായി വിളിച്ചുവരുത്തിയവർ പോലുമുണ്ട്, അക്കൂട്ടത്തിൽ.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും നിലപാടുകളുമായി പ്രോഗ്രാമുകൾക്ക് ഒത്തുപോകാൻ പറ്റുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രോഗ്രാം ചാനൽ പ്രവർത്തനം അവസാനിപ്പിച്ചത് എന്നതാണ് വിചിത്രമായ സംഗതി. സ്ത്രീകളുടെ നൃത്തം കാട്ടുന്നു, അവർ ധരിക്കുന്ന ബ്ലൗസിന്റെ കൈക്ക് ഇറക്കം കുറവ്, കഴുത്ത് കൂടുതൽ കാണുന്നു, എന്നിങ്ങനെ പോകുന്നു, സദാചാര വ്യാകുലതകൾ. പുതിയ ചലച്ചിത്രഗാനങ്ങൾ അടിസ്ഥാനപ്പെടുത്തിയ ഒരു പരിപാടിയുടെ എഡിറ്ററായിരുന്ന പെൺകുട്ടിയുടെ പ്രധാന ജോലി, നടിമാരുടെ അനാവൃതശരീരഭാഗങ്ങൾ വിഷ്വൽ ഗ്രാഫിക്സിലൂടെ മറയ്ക്കുക എന്നതായിരുന്നു. ഒളിമ്പിക്സ് നടക്കവേ രാവിലത്തെ കായിക പരിപാടിയുടെ ബാക് ഗ്രൗണ്ട് വിഷ്വൽ സെറ്റ് ചെയ്തതിൽ പുരുഷ കായിക താരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. നീന്തൽത്താരമായാലും മാരത്തോൺ ഓടുന്ന സ്ത്രീയായാലും അവരുടെ വസ്ത്രം പ്രശ്നമാണ്. റഷ്യന്‍ പോള്‍വാട്ട് താരമായ ഇസിന്‍ ബയേവയുടെ ഒരു ദൃശ്യം വസ്ത്രത്തിന്റെ പേരില്‍ ഒരു പരിപാടിയില്‍ നിന്നും ഒഴിവാക്കിയ സംഭവം പോലും ഉണ്ടായി.

"ഇത്തരം പ്രോഗ്രാമുകൾ നടത്താനാവില്ല, അത് നമ്മുടെ സിദ്ധാന്തവുമായി യോജിച്ചുപോകില്ല, നമ്മുടെ പ്രേക്ഷകർക്ക് അതു വലിയ പ്രശ്നമുണ്ടാക്കുന്നു, എന്നൊക്കെ പറഞ്ഞാണ് പ്രോഗ്രാമുകളെല്ലാം നിർത്തിയത്," പേരു വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ, ഒരു ജീവനക്കാരൻ നാരദാ ന്യൂസിനോടു പറഞ്ഞു. "വിവാദവിഷയങ്ങളിൽ പുലർത്തുന്ന സമചിത്തത, സെൻസേഷണലിസത്തിൽ നിന്നുള്ള മാറിനടപ്പ് എന്നിങ്ങനെ പുറത്തു തങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയവും ഉള്ളിലുള്ള തികഞ്ഞ സ്ത്രീവിരുദ്ധതയും മതയാഥാസ്ഥിതികതയും തമ്മിലുള്ള വടംവലിയാണ് ചാനലിനെ ഈ സ്ഥിതിയിലെത്തിച്ചത്," അവർ തുടർന്നു.

ഈ നിർബന്ധം മൂലം പ്രോഡക്റ്റ് വിൽക്കാനാവുന്നില്ല എന്നുകാട്ടി, മാർക്കറ്റിങ് മേധാവി ആയിരുന്ന സലിം സാദിഖ് ചാനലില്‍ നിന്നും രാജിവയ്ക്കുന്ന സാഹചര്യം വരെയുണ്ടായി. സ്ത്രീകൾ അഭിനയിക്കുന്ന പരസ്യങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നു കർശന നിർദ്ദേശം വന്നതോടെയാണ് സലിം സാദിഖ് മീഡിയ വണ്ണിനോടു സലാം പറഞ്ഞ് ഫ്ളവേഴ്സ് ചാനലിൽ ചേക്കേറിയത്. പരസ്യത്തിൽ സ്ത്രീകൾ പാടില്ലെങ്കിൽ സ്വന്തമായി പരസ്യം നിർമ്മിക്കേണ്ടിവരും എന്നാണ് സാദിഖ് മറുപടി നൽകിയത്.

മീഡിയവണ്‍ ചാനലിലെ ജനപ്രിയ പരിപാടിയായ 'എം80 മൂസ'യുടെ സംപ്രേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്. പരമ്പരയിലെ ഒരു രംഗത്ത് പാത്തുവും മൂസയും ഒരുമിച്ച് ഒരു കട്ടിലില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. തുടർന്ന് സീരിയലിലെ പാത്തുവിന്റെ സംസാരരീതി ഏറനാടൻ മുസ്ലീമിന്റെ നാട്ടുഭാഷയെ അപഹസിക്കുന്നതാണെന്ന തരത്തിൽ നീളൻ ലേഖനങ്ങൾ വരെ ചില മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള രംഗങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മത- രാഷ്ട്രീയ നയങ്ങള്‍ക്കെതിരാണെന്നും അതുകൊണ്ടുതന്നെ ഈ പരമ്പര തുടരാന്‍ സമ്മതിക്കരുതെന്നുമാണ് പാരമ്പര്യവാദികളുടെ നിലപാട്.

Media Oneolജീവനക്കാരിൽ ഭൂരിഭാഗം പേരും അസ്വസ്ഥരാണ്. ഡിസംബർ വരെയാണ് അവർക്കെല്ലാം കാലാവധി നൽകിയിരിക്കുന്നത്. അതിനകം വേറെ തൊഴിൽ കണ്ടെത്തിക്കൊള്ളാനാണ് വാക്കാലുള്ള നിർദ്ദേശം. സമരത്തിലേക്കു കടക്കാൻ ജീവനക്കാരിൽ ചിലർക്ക് ഉദ്ദേശ്യമുണ്ടെങ്കിലും മറ്റിടങ്ങളിലെ ജോലി സാധ്യതയെ അതു ബാധിക്കുമോ എന്ന പേടി മൂലം പലരും പരസ്യമായി രംഗത്തുവരാൻ തയ്യാറാവുന്നില്ല. ലേബർ കമ്മിഷന്റെ അടുത്ത് പരാതിയുമായി പോകാനും ചിലർക്ക് പദ്ധതിയുള്ളതായി അറിയുന്നു.

എന്നാല്‍ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അനൗദ്യോഗികമായി ജീവനക്കാരെ പിരിച്ചു വിടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നുമാണ് മീഡിയ വണ്ണിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ജീവനക്കാരന്‍ നാരദാ ന്യൂസിനോട് പറഞ്ഞത്. ലേബർ കമ്മിഷനെ സമീപിക്കുന്നതിന് ഇതൊരു തടസ്സമാണ്. ചാനല്‍ സാമ്പത്തിക പ്രശ്‌നത്തിലാണെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നുമാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു വിഷയമല്ലെന്നും അത് പിരിച്ചുവിടുന്നതിന് കാരണമാകുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഔദ്യോഗികമായി യാതൊരു മുന്നറിയിപ്പും നല്‍കാതെ, അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും ഒഴിവാക്കി തങ്ങളെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാരുടെ ഇടയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇതേ സമയം തന്നെ ന്യൂസ് ചാനലിലേക്ക് പുതുതായി എഡിറ്റർമാരെയും ക്യാമറാമാന്മാരെയും എടുത്തിട്ടുണ്ട്. നിലവിലുള്ളവർ ആരും പ്രോഗ്രാം ചാനലിലേക്ക് എന്നു പ്രത്യേകമായി പറഞ്ഞു വന്നവരല്ല. അവരിൽ മുമ്പ് വിവിധ ന്യൂസ് ചാനലുകളിൽ പണിയെടുത്തിരുന്നവരുമുണ്ട്. അവരെ നിലനിർത്തുന്നതിനു പകരം തുടക്കക്കാരായ ആളുകളെ പുതുതായി എടുക്കുന്നത് ചോദ്യം ചെയ്യാനാവാതെ നിസഹായരായി നിൽക്കുകയാണ് പിരിച്ചുവിടൽ പട്ടികയിൽ ഇടംപിടിച്ചവർ. നേരിട്ടുപോലും കാര്യം പറയാതെ ഡിപ്പാർട്ട്മെന്റ് മേധാവിയെ മാത്രം വിവരമറിയിച്ച് തീർത്തും മര്യാദകെട്ട രീതിയിലാണ് പറഞ്ഞുവിടുന്നത് എന്നു ജീവനക്കാർ കുറ്റപ്പെടുത്തുന്നു. പ്രോഗ്രാം ചീഫ് ആയിരുന്ന ഷിബു ചക്രവർത്തിയോടു മാത്രമായിരുന്നു നേരാംവണ്ണം മാനേജ്മെന്റ് കമ്മ്യൂണിക്കേറ്റ് ചെയ്തത് എന്നും അപ്പോഴുയർന്ന എതിർപ്പാവാം തുടർന്ന് രഹസ്യാത്മകമാകാൻ അവരെ പ്രേരിപ്പിച്ചത് എന്നും ജീവനക്കാർ പറയുന്നു.

പുറത്തു പറയുന്ന നിലപാടുകള്‍ക്കനുസരിച്ചല്ല ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഫറൂഖ് കോളേജ് വിഷയത്തിലും അത്തരമൊരു നീക്കമാണ് ചാനലിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഒരുവശത്ത് ദളിത് - മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു പറയുകയും മറുവശത്ത് ഫറൂഖ് കോളേജ് വിഷയത്തില്‍ അടക്കം മാനേജ്‌മെന്റിന് അനുകൂലമായി വാര്‍ത്ത നൽകുകയുമായിരുന്നു ചാനല്‍ ചെയ്തത്. ചെന്നൈ ഐഐറ്റി ഡ്രോപ് ഔട്ടായ ദിനു വെയിൽ എന്ന ദളിത് വിദ്യാർത്ഥി ക്യാമ്പസിനുള്ളിലെ ആൺപെൺ വേർതിരിവുകൾക്കെതിരെ പ്രതികരിച്ചതോടെ ഈ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യാൻ കോളജ് മാനേജ്മെന്റ് തീരുമാനിച്ചതാണു വിവാദമായത്. വിദ്യാർത്ഥി തുടർന്നു കോടതിയെ സമീപിക്കുകയും അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മീഡിയ വൺ ചാനലിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍ ഡസ്ക് മീറ്റിങ്ങിലും തുടർന്ന് ഫേസ്‌ബുക്കിലും നടത്തിയ പ്രതികരണങ്ങളാണ്, ഒടുവിൽ അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. അദ്ദേഹത്തിൻ്റെ രാജിക്കായി ചാനലിൻ്റെ ഭാഗത്തു നിന്നും ശക്തമായ സമ്മർദ്ദമുണ്ടായിരുന്നതായാണ് സൂചനകൾ. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ രാജീവ് രാമചന്ദ്രനോ ചാനൽ മേധാവികളോ തയ്യാറായിട്ടില്ല.

അതേ സമയം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് മീഡിയ വണ്‍ മാനേജ്‌മെന്റ് രംഗത്തെത്തി. ഗള്‍ഫ് ചാനല്‍ നിര്‍ത്തലാക്കിയതോടെ അതിലുള്ളവര്‍ക്ക് ന്യൂസ് ചാനലില്‍ ജോലി നല്‍കിയെന്നും ഇത്രയധികം സ്റ്റാഫുകളെ മുന്നോട്ടു കൊണ്ടുപോകാനാകാതെ ചിലരെ പിരിച്ചു വിടാന്‍ തീരുമാനിച്ചുവെന്നും മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ് പറഞ്ഞു. അതിനായി ലേബര്‍ കമ്മീഷണറുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ സിഇഒ മജീദുമായി നാരദാ ന്യൂസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.

(with inputs from: Sebin Abraham Jacob)

Read More >>