മസൂദ് അസ്‌ഹര്‍ സ്വന്തം രാജ്യത്തെപോലും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദി ; പര്‍വേസ് മുഷറഫ്

മസൂദ് അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ എന്തുകൊണ്ട് പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മുഷറഫിന് സാധിച്ചില്ല

മസൂദ് അസ്‌ഹര്‍ സ്വന്തം രാജ്യത്തെപോലും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദി ; പര്‍വേസ് മുഷറഫ്

ജെയ്ഷ്-ഇ-മൊഹമ്മദ്‌ തലവന്‍ മസൂദ് അസ്‌ഹര്‍ ഭീകരവാദിയാണെന്ന് പാകിസ്ഥാനിലെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക്കിസ്ഥാനിലെ ബോംബാക്രമണത്തിന് പിന്നില്‍ മസൂദ് അസ്‌ഹറാണെന്നും മുഷറഫ് വ്യക്തമാക്കി. പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മസൂദ് അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ എന്തുകൊണ്ട് പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മുഷറഫിന് സാധിച്ചില്ല. അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം ഇപ്പോഴും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സിലിന് മുന്നില്‍  നിലകൊള്ളുകയാണ്. ചൈനയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രമേയം നടപ്പിലാക്കാത്തത്. അസ്‌ഹര്‍ ഭീകരനാണെന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ചൈനയുടെ വാദം. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അസ്‌ഹറുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ, ചൈന എന്തിന് ഈ വിഷയത്തില്‍ ഇടപെടണം എന്ന് മാത്രമാണ് മുഷറഫ് പ്രതികരിച്ചത്.


ഡല്‍ഹിയില്‍ ചാരവൃത്തിക്കുറ്റത്തിന്ന് അറസ്റ്റ് ചെയ്ത പാക് നയതന്ത്ര പ്രതിനിധിയെപ്പറ്റി ആരാഞ്ഞപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നതായി അറിഞ്ഞിട്ടില്ലെന്നും നടന്നിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് മുഷറഫ് ചെയ്തത്. എന്നാല്‍, പാക് സൈന്യത്തെ വിലകുറച്ചുകാണേണ്ടതില്ലെന്നും ശക്തമായി പ്രതികരിക്കാന്‍ കെല്‍പ്പുള്ള ആണവരാജ്യമാണ് പാകിസ്ഥാന്‍ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് നേരെയും മുഷറഫ് വിമര്‍ശനമുയര്‍ത്തി. ഹസ്തദാനം നടത്തി തിരികെപ്പോയതുകൊണ്ടു മാത്രം ഒന്നുമാകില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ പ്രസക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.