പ്രസ്റ്റണ്‍ മെത്രാഭിഷേകം: വിപുലമായപാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കി സംഘാടകര്‍

യുകെയിലെ സീറോ മലബാര്‍ സഭയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ക്കിംഗിനായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍.

പ്രസ്റ്റണ്‍ മെത്രാഭിഷേകം: വിപുലമായപാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കി സംഘാടകര്‍

യുകെയിലെ സീറോ മലബാര്‍ സഭയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ക്കിംഗിനായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. പ്രസ്റ്റണ്‍ മെത്രാഭിഷേകത്തിനെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യങ്ങളെ കുറിച്ച് കൃത്യമായ നിര്‍ദ്ദേശമാണ് സ്റ്റേഡിയം അധികൃതര്‍ നല്‍കിയിരിക്കുന്നത്.  കോച്ചുകളിലും ബസ്സുകളിലും കാറുകളിലുമായെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പാര്‍ക്ക്ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളാണ് സ്റ്റേഡിയം അധികാരികളും പാര്‍ക്കിംഗ് കമ്മിറ്റിയും സംയുക്തമായി നല്‍കിയിരിക്കുന്നത്.


ഓരോരുത്തര്‍ക്കും ലഭിക്കുന്ന എന്‍ട്രി പാസ്സില്‍ ഇരിക്കേണ്ട സ്ഥലത്തിന്റെ പേരും പ്രവേശിക്കേണ്ട ഗെയ്റ്റും ഇരിക്കേണ്ട സീറ്റിന്റെ നിരയും നമ്പരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവേശന കവാടത്തിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങളും ലഘു ഭക്ഷണ ശാലകളും ഉണ്ടായിരിക്കും. കൂടാതെ പോലീസ് അധികാരികളുടെ സേവനവും, ഫയര്‍ഫോഴ്സ്, ആംബുലന്‍സ്, പാരാമെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങളും ലഭ്യമായിരിക്കും. സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് കുട ഉപയോഗിക്കുന്നതിന് അനുവാദം ഉണ്ടാകില്ല. ഭിന്നശേഷിക്കാരുടെ ഉപയോഗത്തിനായുള്ള ഉപകരണങ്ങള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും പ്രാം ഉള്ളില്‍ പ്രവേശിപ്പിക്കുന്നതിന് അനുവാദമുണ്ടാകും.

pass entryസ്റ്റേഡിയത്തിന്റെ ഉപയോഗത്തെ കുറിച്ചും സുരക്ഷാ സംവിധാനത്തെ കുറിച്ചും വ്യക്തമായി അറിയാവുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ എപ്പോഴും ലഭ്യമായിരിക്കും. കാര്‍ പാര്‍ക്കിങ്ങ് രാവിലെ 10.30 ന് ആരംഭിക്കും. മുന്‍ഗണനാ ക്രമത്തിലായിരിക്കും പാര്‍ക്കിങ്ങ് അനുവദിക്കുക. ട്രെയ്നിലും നടന്നും വരുന്നവര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങളും സ്റ്റേഡിയം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

രാവിലെ 11.30ന് സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിനുശേഷം 12 മണിമുതല്‍ ഗായക സംഘം പ്രാര്‍ഥനാ ഗാനങ്ങളാലും ജപമാല പ്രാര്‍ത്ഥനയാലും മെത്രാഭിഷേക തിരുകര്‍മങ്ങള്‍ക്കായി വിശ്വാസികളെ ഒരുക്കും. ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് പ്രവേശന പാസ്സുകള്‍ നേരത്തെ തന്നെ എത്തിച്ചിരുന്നു. പാര്‍ക്കിംഗ് സംബന്ധമായ വിവരങ്ങളും കൂട്ടായ്മയില്‍ വിശദീകരിക്കാനായി വൈദികര്‍ക്ക് നല്‍കിയിട്ടുണ്ട്.

സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലും പ്രവേശന പാസ്സ് ഇല്ലാതെ വരുന്ന ആരെയും സ്റ്റേഡിയത്തിനകത്തേക്ക് കടത്തിവിടില്ല എന്ന് അധികാരികള്‍ അറിയിച്ചിരിക്കുന്നതിനാലും എല്ലാവരും മറക്കാതെ പാസ്സ് കയ്യില്‍ കരുതണമെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ റവ.ഫാ. തോമസ് പാറയിടിയില്‍ ഓര്‍മ്മിപ്പിച്ചു.