മാവോയിസ്റ്റ് തിരച്ചിലിന്റെ പേരിൽ ആറളത്തും ആദിവാസി വേട്ട

മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ ആദിവാസികളുടെ സ്വസ്ഥത തകർക്കുകയാണ് പോലീസ് സംഘം. പോലീസുകാരല്ലാതെ ആരും ഇതുവരെ ആയുധങ്ങളുമായി കോളനിയിൽ എത്തിയിട്ടില്ലെന്നാണ് കോളനിവാസികളായ ആദിവാസികൾ പറയുന്നത്.

മാവോയിസ്റ്റ് തിരച്ചിലിന്റെ പേരിൽ ആറളത്തും ആദിവാസി വേട്ട

ആറളത്തെ ആദിവാസി പുനരധിവാസ മേഖലയിലെ മാവോയിസ്റ്റ്  സാന്നിദ്ധ്യത്തെ കുറിച്ച് നിരവധി വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്. ആറളം മേഖലയിൽ സായുധ സംഘത്തിന്റെ  സാന്നിധ്യമുണ്ടെന്നും ആന്ധ്രയിൽ നിന്ന് തുടങ്ങുന്ന 'ചുവപ്പ് ഇടനാഴിയുടെ' ഭാഗമാണ് ആറളം എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മേഖലയിൽ തണ്ടർബോൾട്ട് സായുധവിഭാഗം പതിവായി തിരച്ചിലും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആറളത്തെ ആദിവാസിക്കോളനികളിൽ നാരദാ ന്യൂസ് അന്വേഷണം നടത്തിയത്.


മേലാളന്മാർക്ക് വേണ്ടാത്ത കോളനികൾ

ആറളം ആദിവാസി പുനരധിവാസ മേഖല എന്നത് സമ്പന്നരായ ആദിവാസികളുടെ ടൗൺഷിപ്പാണ് എന്ന നിലയിലാണ് പ്രചാരണം. എന്നാൽ ഫാമിനോട് തൊട്ടുകിടക്കുന്ന ഭൂമിയിൽ വളരെക്കുറച്ച് ആദിവാസി കുടുംബങ്ങൾക്ക് മാത്രമാണ് വീടെങ്കിലും ലഭിച്ചിരിക്കുന്നത്. കാടുകളോട് ചേർന്ന് കിടക്കുന്ന ആദിവാസി ഊരുകളിലെ ജീവിതം ദയനീയമാണ്.

aralam-5

ആദിവാസികളുടെ വികസനത്തിന് വേണ്ടി ചെലവഴിച്ച കണക്കുകളുടെ പൊള്ളത്തരം അറിയാൻ 13/55 ബ്ലോക്കിലേക്കും കാളിക്കടവിലേക്കും പോയാൽ മതി. മാധ്യമപ്പടയുമായി കൊട്ടിഘോഷിച്ചുകൊണ്ട് രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ നടത്തുന്ന ആറളം സന്ദർശനങ്ങളിൽ ഒരിക്കൽപ്പോലും ഉൾപ്പെടാത്ത പ്രദേശങ്ങളാണ് ഇവ.

aralam-3
കൃത്യമായ വഴിയോ, കിണറോ, വീടെന്ന് തികച്ചുപറയാൻ കഴിയുന്ന നിർമിതികളോ ഇല്ലാത്ത പ്രദേശം. റേഷൻ ലഭിക്കുന്നതിനാൽ കൊടുംപട്ടിണി ഇല്ല. കഴിഞ്ഞ വർഷം വേനലിൽ റേഷൻ അരി കൂടി കിട്ടാതായപ്പോൾ കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ ചതിരൂർ കോളനി ഉൾപ്പെടെ വറുതിയിൽ ആയിരുന്നു.

വീടുണ്ടാക്കാൻ പണം അനുവദിച്ചിട്ടുണ്ട്, പക്ഷേ...

ഇവിടെ ചിലർക്കൊക്കെ വീട് വെക്കാനായി സർക്കാരിൽ നിന്നും പണം അനുവദിച്ചു കിട്ടിയിട്ടുണ്ട്. എന്നാൽ ഒരു വീടിന്റെയും പണി പുരോഗമിച്ചിട്ടില്ല. ഇത്തരത്തിൽ ഏറ്റവുമധികം പുരോഗമിച്ചിട്ടുള്ള വീട് ചുമരുവരെ മാത്രമേ എത്തിയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ആരോടാണ് പരാതി പറയേണ്ടത് എന്നൊന്നും ഇവർക്കറിഞ്ഞുകൂടാ. എല്ലാ മാസവും ഊരിലെ ആദിവാസികളെ വിളിച്ചുകൂട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മീറ്റിങ് നടത്താറുണ്ട്. ഇത്തരം യോഗങ്ങളിലും അടിസ്ഥാനവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയാവാറില്ല.

aralam-1

നീലായ്മല സമരം മുതൽ തുടരുന്ന അനീതി...

ഏതാണ്ട് 2000 മുതൽ ആണ് ചതിരൂർ നീലായ്മലയിലെ മിച്ചഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ പുകയുന്നത്. 2002 അവസാനത്തോടെ പ്രശ്നങ്ങൾ മൂർച്ഛിച്ചു. നീലായ് മലയിൽ നിന്ന് ആദിവാസികളെ ഒഴിപ്പിക്കാൻ സർക്കാർ ഊർജിത ശ്രമം തുടങ്ങി. ആദിവാസികളിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് പണിയർ. ആദിവാസികളെ ഒരു ഗോത്രമായി കണക്കാക്കിയാൽ അതിലെ അധഃകൃതർ തന്നെയാണ് പണിയർ. കുറിച്യർ, മാവിലാൻ വിഭാഗങ്ങൾ അതുകൊണ്ടു തന്നെ പണിയ വിഭാഗങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല.

aralam-4
നീലായ്മല സമരം നടക്കുമ്പോൾ തന്നെയാണ് സികെ ജാനുവിന്റെ നേതൃത്വത്തിൽ ആറളം ഫാമിലും ഭൂമി കയ്യേറി സമരം നടക്കുന്നത്. സികെ ജാനു നീലായ്മല സമരത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചതിരൂരിൽ നടക്കുന്ന സമരങ്ങൾ ആറളത്തെ ആദിവാസിസമരത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി അന്നത്തെ വനം മന്ത്രി കെ.സുധാകരൻ ആസൂത്രണം ചെയ്തതാണ് എന്നു വരെ സികെ ജാനു ആക്ഷേപിച്ചു.

2005ൽ ആണ് നീലായ്മല സമരം അവസാനിക്കുന്നത്. വിജയം നേടിയ സമരം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഒട്ടേറെ ഉടമ്പടികൾ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ചർച്ചയിൽ അംഗീകരിച്ചു. പക്ഷേ സമരം അവസാനിക്കുമ്പോഴേക്കും നിരവധി ആദിവാസികൾക്ക് മേൽ കേസുകൾ ചുമത്തപ്പെട്ടിരുന്നു. കേസുകൾ പിൻവലിക്കുന്നതുൾപ്പെടെ ചർച്ച ചെയ്ത് അംഗീകരിച്ച ഉടമ്പടികൾ എല്ലാം ജലരേഖയായി.

സമരം അവസാനിച്ച് 10 വർഷം ആയെങ്കിലും പോലീസ് ഇപ്പോഴും പഴയ 'ക്രിമിനലുകളെ' അന്വേഷിച്ച് കോളനിയിൽ എത്തും. പലരും ഒളിവിലാണ് ഇപ്പോഴും. ആ കുടുംബത്തിന്റെ ഭാരം സ്ത്രീകളുടെ മാത്രം ചുമലിലാണ്. ഇതെല്ലാം ഊരിലെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുന്നു

തണ്ടർബോൾട്ടിനെ തുരത്തിയ സ്വാതന്ത്ര്യദിന രാവ്

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന രാവിൽ, 2016 ആഗസ്ത് 14ന് രാത്രിയിൽ കോളനിയിൽ എത്തിയ തണ്ടർബോൾട്ട് സേന ചുമരുകൾ പോലും ഇല്ലാത്ത കുടിലുകൾക്കു ചുറ്റും നടക്കുകയും ആരാണെന്നു വെളിപ്പെടുത്താതെ ആദിവാസികളെ ഭയപ്പെടുത്തുകയും ചെയ്തു. സേനാംഗങ്ങളുടെ മുഖത്തേക്ക് ടോർച്ചടിച്ച ആദിവാസികളെ സേനാംഗങ്ങൾ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളനിയിലെ എല്ലാവരും ഉണർന്നു. സേനയെ മൊത്തത്തിൽ വളഞ്ഞു. ഹെഡ്‌ലൈറ്റ് പോലും ഇല്ലാതെ വന്നെത്തിയ വാഹനത്തിനു തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതി വന്നപ്പോൾ കമാണ്ടർക്ക് മാപ്പ് പറയേണ്ടി വന്നു.

aralam-6

മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ ആദിവാസികളുടെ സ്വസ്ഥത തകർക്കുകയാണ് പോലീസ് സംഘം. പോലീസുകാരല്ലാതെ ആരും ഇതുവരെ ആയുധങ്ങളുമായി കോളനിയിൽ എത്തിയിട്ടില്ലെന്നാണ് കോളനി വാസികളായ ആദിവാസികൾ പറയുന്നത്.

ദിനചര്യയെന്നോണം സന്ധ്യ മയങ്ങുമ്പോഴേക്കും ആദിവാസിക്കോളനികളിൽ 'തണ്ടർബോൾട്ട്' എത്തും.  ഒരു റൗണ്ട് കറക്കം കഴിഞ്ഞാൽ വണ്ടിയുമായി നേരെ ഇരിട്ടി ടൗൺ ഭാഗത്തേക്ക്. പിന്നെ തിരിച്ചെത്തുന്നത് സേനാംഗങ്ങൾക്കെല്ലാം ബിരിയാണിയും ആയിട്ടാണെന്ന് കോളനിവാസികൾ നാരദാ ന്യൂസിനോട് പറഞ്ഞു. കോളനിയിലെ ഒഴിഞ്ഞ കുടിലുകളിലൊന്നിൽ വച്ച് അവർ ബിരിയാണി തിന്നും. പുലർച്ചെ അതിന്റെ അവശിഷ്ടങ്ങളും മണവും അവിടെത്തന്നെ കിടപ്പുണ്ടാവും. റേഷനരി മാത്രം തിന്നുന്ന ഒരു ജനവിഭാഗത്തിന്റെ കാവലിനാണ് ഇതൊക്കെ.

ചുവപ്പു പടരുന്നുണ്ട്, പക്ഷേ സായുധ വിപ്ലവമല്ല

'പോരാട്ടം' പോലെയുള്ള മുഖ്യധാരാ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുവപ്പ് വികസനം പോലും എത്താത്ത കോളനികളിൽ പടരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിനെ മാവോയിസ്റ്റ് സാന്നിദ്ധ്യമായി കണ്ടു കൊണ്ട് എതിരിടുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിയേണ്ടിയിരിക്കുന്നു. ആദിവാസി കോളനിയിലെ യുവാക്കൾ അവർക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ചുവപ്പു കൊടി കോളനിക്കകത്ത് പാറുന്നുണ്ട്.

Aralm-2
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ചത് കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് ആണ്. ആദ്യതവണ തെരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ പ്രദേശത്ത് എത്തിയ സണ്ണി ജോസഫ് ആദിവാസികളോട് പറഞ്ഞത് വോട്ട് തന്നു ജയിപ്പിച്ചാൽ നീലായ്മല സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാം എന്നാണ് വാഗ്ദാനം നൽകിയത്. എന്നാൽ രണ്ടാം തവണ എംഎൽഎ ആയിട്ടും സണ്ണി ജോസഫ് യാതൊന്നും ചെയ്തു തന്നില്ലെന്ന് കോളനി വാസികൾ പറഞ്ഞു.

2005ൽ നീലായ്മല സമരം അവസാനിപ്പിക്കുമ്പോൾ തയ്യാറാക്കിയ ഉടമ്പടിയിൽ വാഗ്ദാനങ്ങൾ ഇനിയും പൂർത്തീകരിച്ചു നൽകിയിട്ടില്ല. ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റിന്‌ മുന്നിൽ സമരം നടത്താനുള്ള ഒരുക്കത്തിലാണ് ആദിവാസികൾ.