കഞ്ചാവ് വലിക്കുന്നവരെ പറ്റി മനോരമയ്ക്ക് അറിയാത്ത 10 കാര്യങ്ങള്‍

വീഡ് യോഗ എന്നു കേട്ടിട്ടുണ്ടോ- കഞ്ചാവ് വലിക്കുന്നവരെ തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങളെഴുതി ട്രോളുകളുടെ കട്ടസീനിന് ഇരയായ മനോരമ അറിയാത്ത ഇതുപോലെ വേറെ പലതുമുണ്ട്. ഇന്ത്യയില്‍ മരിജുവാന നിയമ വിധേയമാകാന്‍ ഒരുങ്ങുമ്പോള്‍ 'മനോരമ ലേഖകര്‍' പ്രത്യേകം അറിയേണ്ട 10 കാര്യങ്ങള്‍ നമ്പരിട്ട് തന്നെ കൊടുക്കുന്നു.

കഞ്ചാവ് വലിക്കുന്നവരെ പറ്റി മനോരമയ്ക്ക് അറിയാത്ത 10 കാര്യങ്ങള്‍

കഞ്ചാവുപയോഗിക്കുന്നവരെ തിരിച്ചറിയുന്നതെങ്ങനെ?


  1. തലമുടി കുടപോലെ മുകളിലേക്ക് ഉയര്‍ത്തി വളര്‍ത്തുകയും വശങ്ങളില്‍ പറ്റെ വെട്ടുകയും ചെയ്യുക.

  2. ലോവെയ്സ്റ്റ് പാന്റ് സ്ഥിരമായി ഉപയോഗിക്കുക, സാധാരണ പാന്റ്‌സും അശ്രദ്ധമായി താഴേക്ക് ഇറങ്ങിക്കിടക്കുന്നവിധം ധരിക്കുക. കീറിയ പാന്റ്‌സും വസ്ത്രങ്ങളും ഉപയോഗിക്കുക, അലക്ഷ്യമായി 0വസ്ത്രധാരണം നടത്തുക.

  3. കണ്‍മഷിയോ സുറുമയോ ഉപയോഗിച്ചു കണ്ണെഴുതുക. മുടി റബര്‍ ബാന്‍ഡ് ഉപയോഗിച്ചു കെട്ടുക.

  4. ബൈക്ക് ഉപയോഗിക്കുമ്പോള്‍ മിക്കപ്പോഴും മൂന്നു പേര്‍ കയറി യാത്ര ചെയ്യുക, അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുക. വാഹനത്തില്‍ അധിക ഫിറ്റിങ്ങുകള്‍ സ്ഥാപിക്കുക.

  5. വീട്ടില്‍ വസ്ത്രങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുക. മാതാപിതാക്കളോട് അനാവശ്യമായി തട്ടിക്കയറുക.

  6. ഫോണ്‍ വന്നാല്‍ പതിവായി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുക.

  7. കണ്‍പോളകളുടെ മുകള്‍ഭാഗം വീങ്ങുക. രാത്രി വൈകി വീട്ടിലെത്തുക, രാവിലെ വൈകി ഉണരുക.

  8. ആഹാരം കുറയ്ക്കുകയും വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യുക. അമിതമായി ശരീരം ക്ഷീണിക്കുക.

  9. മൊബൈല്‍ ഫോണില്‍ കഞ്ചാവ് ചെടിയുടെയും കഞ്ചാവ് ഉപയോഗിക്കുന്ന സെലിബ്രിറ്റികളുടെയും ഫോട്ടോകള്‍ സൂക്ഷിക്കുക.

  10. പകല്‍ സമയങ്ങളില്‍പോലും ഒഴിഞ്ഞ സ്ഥലങ്ങളിലും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലും ചെന്നിരിക്കുക. സുഹൃത്തുക്കളുമായി പരിധിയില്‍ കവിഞ്ഞ സൗഹൃദം പുലര്‍ത്തുക.


(മനോരമ ലേഖകന്റെ 10 ലക്ഷണങ്ങള്‍) 


ധര്‍മ്മോസ്മത്‌ കുലദൈവതം എന്ന് പറഞ്ഞു കൊണ്ട് ഇന്നെവരെ ഒരു 'Body language expert'ഉം കടന്നു പോവാത്ത വഴികളിലൂടെ, സഞ്ചരിച്ചു  മലയാള മനസ്സിലേക്ക് വിജ്ഞാനത്തിന്‍റെ വിത്തുകള്‍ പാകിയവരെ നമുക്കാദ്യം നമിക്കാം!

പൊതുബോധത്തില്‍  അലിഞ്ഞു പോയ മുന്‍ധാരണകളെ വീണ്ടും ഊട്ടി ഉറപ്പിക്കുന്നതാണോ പത്രധര്‍മം എന്ന ചോദ്യത്തെ നമുക്ക് മാടമ്പിള്ളിയിലെ വടക്കിനിയില്‍ തളച്ചേക്കാം. ഇങ്ങനൊന്നും ചെയ്തില്ലേ ലാര്‍ജ് ഹാഡ്രൺ കൊളൈഡര്‍ പരീക്ഷണങ്ങളില്‍ നിന്നും വെളിവായതിനേക്കാള്‍ വല്ല്യ പത്ത് കണ്ടുപിടുത്തങ്ങളെ തൊടാന്‍ പോലും പറ്റില്ല. അത് കൊണ്ട് മാത്രമാണ്.

ആകെ നടന്നിട്ടുണ്ടാവുന്ന കാര്യം ഒന്ന് മാത്രമാണ്! ജോണി വാക്കറിലെ ഗുരുവിനെയും,  പിന്നെ രഘുവരനെയും ഒക്കെ കണ്ടു പേടിച്ചരണ്ടുപോയ കുട്ടിക്കാലം ഉള്ള ഒരു പയ്യന്‍! നാട്ടില്‍ കഞ്ചാവ് എത്തി എന്നറിയിക്കാന്‍ ആണ് പോലീസ് 'മൂന്നു കിലോ കഞ്ചാവ് പിടിച്ചു, അഞ്ചു പേര്‍ അറസ്റ്റില്‍' എന്ന വാര്‍ത്ത പത്രത്തില്‍ കൊടുക്കുന്നത് എന്നത് അറിയാത്ത അവന്‍ ഒരു ദിവസം എന്നാ പിന്നെ രണ്ടെണ്ണം വലിച്ചു കളയാം എന്ന രീതിയില്‍ നടക്കുന്ന പിള്ളാരുടെ സെറ്റില്‍  എത്തിപ്പെടുന്നു.

അവനിലെ ജേര്‍ണലിസ്റ്റ് ഉണരുന്നു! ഇത് തന്നെ തക്കം, ഞാന്‍ ഈ രഹസ്യം നാട് മുഴുവന്‍ അറിയിക്കും! പെട്ടെന്ന് മനസിലാക്കാന്‍ listicle ആയിട്ട് തന്നെ അടിക്കും!

അങ്ങനെ അവന്‍  'Immediate identity' സ്കെച് ചെയ്യാന്‍ ഉള്ള പാടവം പുറത്തെടുക്കുന്നു. ആ മൂലക്കിരുന്നു വലിക്കുന്നവന്‍ മുടി നീട്ടി വളര്‍ത്തിയിരിക്കുന്നു, കണ്ടാല്‍ അറിയാം കഞ്ചാവ് ആണെന്ന്! ഇങ്ങനെ തന്നെ ആയിരുന്നു ജോണി വാക്കറിലെ ഗുരുവും. മറ്റൊരുവന്‍ പറ്റെ വെട്ടി വെച്ചേക്കുന്നു!

അങ്ങനെ ഒന്നാം പോയിന്‍റ് നമ്പര്‍ സെറ്റിമ സെറ്റിമ സ!
ganja 1

പിന്നെ പയ്യന്‍ നോക്കുമ്പോ ടീംസോക്കെ കണ്മഷിയോ സുറുമയോ അങ്ങനെ എന്തോ ഇട്ടേക്കുന്നു! ഇതൊക്കെ പെണ്ണുങ്ങള്‍ക്ക് മാത്രം ഉള്ളതല്ലേ? ഇവരെന്തിനാ ഇങ്ങനെ ചെയ്യുന്നത്? അപ്പൊ കഞ്ചാവ് വലിക്കുന്ന ആണുങ്ങള്‍ കണ്മഷി എഴുതും, പെണ്ണുങ്ങള്‍ പിന്നെ കഞ്ചാവ് വലിക്കാത്ത കൊണ്ട് അവര്‍ക്ക് കണ്മഷി ഒക്കെ ഇടാം

കിട്ടി മോനെ രണ്ടാം നമ്പര്‍

ഇവിടാകെ ആറേഴു പേര്‍ ഉണ്ട്, പുറത്താണേല്‍ രണ്ടു ബൈക്കും! അപ്പൊ ഇവന്മാര്‍ മൂന്ന് പേരൊക്കെ ആയിട്ടാണ് സഞ്ചാരം. കഞ്ചാവടി തുടങ്ങിയാല്‍ ഈ അവസ്ഥ വരെ ആകും. ഇവരുടെ ഒക്കെ കാര്യം കഷ്ടം തന്നെ. രണ്ടു ഹെല്‍മെറ്റും വെച്ച് വന്ന എന്നെ കണ്ടു പഠിച്ചൂടെ ഇവര്‍ക്ക്!

ഇത് തന്നെ മൂന്നാമത്തെ പണി

വരണ വഴിക്കേ ഒരു കാര്യം ശ്രദ്ധിച്ചു, അതായത് വണ്ടിയില്‍ നല്ല സ്റ്റിക്കര്‍ പിന്നെ അത്യാവശ്യം എക്സ്ട്രാ ഫിറ്റിങ്ങ്സ് ഒക്കെ കണ്ടു. തന്‍റെ വണ്ടിയില്‍ ആണേല്‍ വാഹന പൂജ കഴിഞ്ഞതിന്റെ ബാക്കി ഭസ്മം മാത്രേ ഉള്ളു. ഇവന്മാര്‍ അടിച്ചടിച്ചു വണ്ടീല്‍ ഓരോന്ന് പിടിപ്പിക്കുകയാണ്. എന്താ ചെയ്യല്ലേ

ഇതു നാലാം നമ്പര്‍ ആയിട്ട് ഇട്ടേക്കാം. എല്ലാരും അറിയട്ടെ

ഇങ്ങനെ നല്ലവനായ ഉണ്ണി പത്തെണ്ണം എഴുതി വച്ചു സാക്ഷരകേരളത്തിന്‌ സാംസ്കാരിക നവോത്ഥാന ചിന്തകള്‍ നല്കി ദീപ്തി ഐഎസ് തീവ്രവാദികളെ പിടിക്കുന്നത് കണ്ടു കോരിത്തരിച്ചു കിടന്നുറങ്ങി.

[caption id="attachment_53240" align="alignleft" width="425"]manorama ട്രോളുകളെ തുടര്‍ന്ന് നീക്കം ചെയ്ത ലക്ഷണ ശാസ്ത്ര പേജ്‌[/caption]

അറിയാത്ത ചില്ലറ കാര്യങ്ങളെ കുറിച്ച് പറയാം

1. കഞ്ചാവ് വലിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ള ഡേറ്റിംഗ് ആപ്പുകള്‍ ഉണ്ട്. High there! എന്ന ആപ്പ് ആണ് ആദ്യം ഈ പരിപാടി തുടങ്ങിയത്  ഇങ്ങനെ ലക്ഷണങ്ങള്‍ പ്രഖ്യാപിച്ചു ചുമ്മാ ബ്രാന്‍ഡ്‌ ചെയ്യാന്‍ ആരും നോക്കണ്ട, ചോയ്ക്കാനും പറയാനും ഒക്കെ ആളുകള്‍ ഉണ്ടെന്നു പറയാന്‍ പറഞ്ഞു.

2. അങ്ങ് ആംസ്റ്റര്‍ഡാമിലെ ചായക്കടയില്‍ ചൂടപ്പം പോലെ വിറ്റ് പോകുന്ന ഐറ്റം ആണ്, ഇടുക്കി ഗോള്‍ഡ്‌! ലോകത്ത് എവിടേലും ആരേലും വല്ല മെഡലും വാങ്ങിയാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് ജനിച്ചത് എന്നും പറഞ്ഞു സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരുന്നവര്‍ക്ക് ഇത് വല്ലോം അറിയോ?

3. പിന്നെ നമ്മുടെ ഡിയാഗോ ഫോര്‍ലാന്‍റെയും, ലൂയിസ് സുവരെസിന്‍റെയും ഉറുഗ്വേയില്‍ സംഭവം ലീഗല്‍ ആണ്,
പ്രസിഡന്റ്‌ വരെ കട്ടയ്ക്ക് വലിയാണ്.
ഈ പറഞ്ഞ ഏതേലും ലക്ഷണം വച്ച് അങ്ങേരെ സ്കെച് ചെയ്യാന്‍ നോക്കിയാല്‍ അടുത്ത പള്ളിപ്പെരുന്നാള്‍ ആവും.

4. പിന്നെ ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ സംഭവം ഒന്നുമല്ല, 'Man made alcohol, god made weed' എന്നാണു പ്രമാണം, വിശ്വാസികളെ ഇതിലെ ഇതിലെ!

5. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് യുഗയുഗാന്തരങ്ങളായി കഞ്ചാവ് ഉപയോഗിച്ചു വരുന്നു. അമിത വണ്ണം കുറയ്ക്കുക, പ്രമേഹം തടയുക, കാന്‍സര്‍ ചികിത്സ, വിഷാദ രോഗം എന്നിങ്ങനെ ആയുര്‍വേദത്തില്‍ എത്രയോ നാളായി ചികിത്സാ രീതികള്‍ ഉണ്ട്.

6. ബംഗ്ലൂരില്‍ കാന്‍സര്‍ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കുകയും അസുഖം ഭേദമാവുകയും ചെയ്ത വാര്‍ത്ത ഉണ്ടായിരുന്നു. ദൈവമുള്ളത് സ്ഥിരീകരിക്കാത്ത പോലെ ഇതിനും ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിട്ടില്ല.

7. മനുഷന്മാര്‍ ചുമ്മാ ചിന്തിച്ചു കൂട്ടി ബേജാറായി ഉണ്ടാക്കുന്ന ഒരുമാതിരി പെട്ട പ്രശ്നങ്ങള്‍ ഒക്കെ  ഒരുവിധം നല്ല രീതിയില്‍ ഉള്ള കഞ്ചാവ് വലിയിലൂടെ മാറും എന്ന് പക്ഷെ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അതായത് ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള  ഉത്‌കണ്ഠ അങ്ങട് മാറികിട്ടും എന്ന്. ഇതൊന്നും മാറാത്ത കൊണ്ടാണ് ചുമ്മാ പത്തെണ്ണം എഴുതിപ്പോയത്

8. പിന്നെ 'വീഡ് യോഗ' എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സംഭവം ഉണ്ട്. യോഗ ദിനം ഒക്കെ അങ്ങ് ആഘോഷം ആക്കിയ ആര്‍ഷ ഭാരതമല്ലെ, എന്നാ പിന്നെ ഇതും കൂടി അങ്ങട് ആയിക്കൂടെ ? അല്ലെ അതൊരു ഇരട്ടത്താപ്പ് അല്ലെ ? എല്ലാം സുതാര്യം ആവണം എന്നാണല്ലോ കവിഭാവന!

9. കണ്ട  അതും ഇതും ഒക്കെ കലര്‍ന്ന ഭക്ഷണം വെട്ടി വിഴുങ്ങാന്‍ ഒരു സീനും ഇല്ല ആര്‍ക്കും. പക്ഷെ 'Cannabis Cooking' നെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം? എത്രയോ കിടിലോല്‍കിടിലന്‍ സംഭവങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. ആദ്യം ചായ വെച്ച് പഠിക്ക്.

10. പിന്നെ നിങ്ങളീ പറയുന്ന പോലെ ആഷിക്ക് അബു ഒന്നുമല്ല ആദ്യം ആയി കഞ്ചാവ് പടം പിടിച്ചത് എന്ന കാര്യം പറഞ്ഞു കൊള്ളട്ടെ, എത്രയോ കാലം ആയി ഈ ഒരു സംഭവം നടക്കുന്നുണ്ട്. 'stoner genre movies ' എന്ന് ചുമ്മാ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്ക്. പിന്നെ പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം കൊണ്ടുണ്ടായ മൂല്യച്യുതി എന്നാണു ഇതിനുള്ള മറുപടി എങ്കില്‍ സലാം നമസ്തെ!