കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കളങ്ങള്‍ മഞ്ഞക്കടലാക്കാന്‍ 'മഞ്ഞപ്പട' വരുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലേക്ക് കടക്കുന്ന അവസരത്തില്‍ ഒരു ലക്ഷത്തിലധികം ആരാധകരാണ് ഇത്തവണ മഞ്ഞപ്പടയുടെ കീഴില്‍ അണിനിരക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കളത്തില്‍ കൈ മെയ് മറന്നു പൊരുതുന്ന പതിനൊന്നു കളിക്കാര്‍ക്ക് പിന്തുണയുമായി ഒരു പന്ത്രണ്ടാമന്റെ റോളില്‍ മഞ്ഞപ്പടയുണ്ടാകും.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കളങ്ങള്‍ മഞ്ഞക്കടലാക്കാന്‍

ക്രിക്കറ്റ് ദൈവം മലയാളക്കരയ്ക്ക് സമ്മാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ മൂന്നാം സീസണില്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. ഗുവഹാത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊമ്പു കോര്‍ക്കുമ്പോള്‍ ആര്‍പ്പുവിളികളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക വൃന്ദമായ 'മഞ്ഞപ്പടയും' ഗാലറികളിലുണ്ടാകും. കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനങ്ങള്‍ മറന്ന് പുതിയൊരു കുതിപ്പിന് തയ്യാറെടുക്കുന്ന കേരളത്തിന്റെ സ്വന്തം ടീം ഇത്തവണ ഉറപ്പായും ഫൈനലില്‍ എത്തുമെന്നു തന്നെയാണ് മഞ്ഞപ്പടയുടെ വിശ്വാസം.


2014 മെയ് 28 നു തികച്ചും സാധാരണ രീതിയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി മഞ്ഞപ്പടയുടെ കടന്നുവരുന്നത്. തുടര്‍ന്ന് നിലക്കാത്ത ആരവങ്ങളുമായി ബ്ലാസ്റ്റേഴ്സിന്റെ ഹോം- എവേ മാച്ചുകളില്‍ അവരുണ്ടായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലേക്ക് കടക്കുന്ന അവസരത്തില്‍ ഒരു ലക്ഷത്തിലധികം ആരാധകരാണ് ഇത്തവണ മഞ്ഞപ്പടയുടെ കീഴില്‍ അണിനിരക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കളത്തില്‍ കൈ മെയ് മറന്നു പൊരുതുന്ന പതിനൊന്നു കളിക്കാര്‍ക്ക് പിന്തുണയുമായി ഒരു പന്ത്രണ്ടാമന്റെ റോളില്‍ മഞ്ഞപ്പടയുണ്ടാകും.

Manjappada 3

വിജയത്തിലും പരാജയത്തിലും അചഞ്ചലരായി ടീമിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നൊരു ആരാധകവൃന്ദം ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ആ ഒരു സ്വപ്‌നം ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് യാഥാര്‍ത്ഥ്യമാണ്. ടീമിനു വേണ്ടി ആരവങ്ങളുമായി ഗാലറിയിലും സമൂഹമാധ്യമങ്ങളിലും ബ്ലാസ്‌റ്റേഴ്സിനു പുറകില്‍ ഇന്ന് മഞ്ഞപ്പടയുണ്ട്. മഞ്ഞ പ്രതിനിധാനം ശചയ്യുന്നത് നിശ്ചയദാര്‍ഢ്യത്തെയും വിശ്വാസത്തെയുമാണെന്ന ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ പുരുഷന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി വക്കുന്ന രീതിയിലാണ് മഞ്ഞപ്പടയുടെ പ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞ ഓഗസ്റ്റ് 14നാണ് മഞ്ഞപ്പടയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ് നടന്നത്. മുന്‍ ഇന്ത്യന്‍ താരം എന്‍പി പ്രദീപാണ് വെബ്‌സൈറ്റ്് ഉദ്ഘാടനം ചെയ്തത്. ഐഎസ്എല്‍ ഒന്നാം സീസണ് മുമ്പ് ബ്ലാസ്റ്റേര്‍സ്സ് ക്ലബ് രൂപീകരിച്ച അന്നു തന്നെ നിലവില്‍ വന്ന ആരാധകരുടെ കൂട്ടായ്മയാണ് മഞ്ഞപ്പട. ആദ്യം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് ക്ലബ് എന്നായിരുന്നു പേര് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് മഞ്ഞപ്പട എന്നാക്കി മാറ്റുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റിന്റെ പൂര്‍ണ്ണമായ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മഞ്ഞപ്പടയുടെ സാരഥികളില്‍ ഒരാളായ അഭിജിത് പറയുന്നു. ആദ്യ സീസണ്‍ മുതല്‍ കളിക്കാര്‍ എത്തുമ്പോള്‍ അവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു കൊണ്ട് പൂര്‍ണമായ പിന്തുണയും അറിയിക്കാറുണ്ട്. മാത്രമല്ല കഴിഞ്ഞ 2 സീസണിലും മഞ്ഞപ്പടയുടെ എല്ലാ ഹോം- എവേ മത്സരങ്ങള്‍ക്കും സപ്പോര്‍ട്ട് നല്‍കാന്‍ മഞ്ഞപ്പടക്കു സാധിച്ചിരുന്നുവെന്നും അഭിജിത് പറഞ്ഞു.

Manjappada 6

വരുന്ന അഞ്ചാം തീയതിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മഹാം മാച്ച് കൊച്ചിയില്‍ നടക്കുന്നത്. അന്ന് ടീമിനുവേണ്ടി ഒരു സമ്മാനവും മഞ്ഞപ്പട കരുതിവെച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി 6,000 സ്‌ക്വയര്‍ ഫീറ്റ് നീളമുള്ള ബാനര്‍ ആ ദിവസം കൊച്ചി സ്‌റ്റേഡിയത്തില്‍ ഉയരും. ഇന്ത്യ- ഗുവാം മത്സരത്തിന് ബംഗളൂരു സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന 5,200 സ്‌ക്വയര്‍ ഫീറ്റ് നീളമുള്ള ബാനറിന്റെ റിക്കോര്‍ഡാണ് അന്ന് തകരുകയെന്നും അഭിജിത് വ്യക്്തമാക്കി. മാത്രമല്ല മഞ്ഞപ്പടയ്ക്കായി പ്രേമം ഫെയിം ശബരീഷ് വര്‍മ്മ രചിച്ച തീം സോങ്ങും അന്ന് പുറത്തുവരും. കളിക്കളങ്ങളില്‍ മാത്രമല്ല മഞ്ഞപ്പട സജീവമാകുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പതിനലു ജില്ലകളിലും വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. മാത്രമല്ല സംഘടനയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകളും നടത്തുന്നുണ്ട്.

Manjappada 5

പുതിയ സീസണില്‍ കരുത്തുറ്റ ഒരു ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 300 ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റീവ് കോപ്പല്‍ ആണ് ബ്ലാസ്റ്റെഴ്സ് ഹെഡ് കോച്ച്. ഗോള്‍ കീപ്പറുടെ സ്ഥാനത്തേക്ക് മുന്‍ ആര്‍സനല്‍ താരം ഗ്രഹാം സ്റ്റാക്ക് കൂടെ എത്തിയിട്ടുണ്ട്. അന്റോണിയോ ജര്‍മന്‍ ,ജോസു എന്നിവരെയൊക്കെ നിലനിര്‍ത്തി കൊണ്ട് തന്നെ ഹെയ്തിയുടെ ഫോര്‍വേഡ് ബെല്‍ഫോര്‍ട്ട് ,നോര്‍ത്തേണ്‍ അയര്‍ലന്റ് ഡിഫന്‍ഡര്‍ ആരോണ്‍ ഹ്യുസ് തുടങ്ങിയ മികച്ച സൈനിംഗുകള്‍ കൂടെയായപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നു കഴിഞ്ഞു. ഇത്തവണ ചരിത്രം തിരുത്താന്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനം. അതിനായി ഗാലറികളെ ഇളക്കി മറിച്ചു കൊണ്ട് മഞ്ഞപ്പടയും കൂടെയുണ്ടാകും.