തെരുവുനായ പ്രശ്‌നം; മേനകാ ഗാന്ധിയുടെ അഭിപ്രായം മാനിക്കേണ്ടതില്ലെന്ന്‌ ഒ രാജഗോപാല്‍

നിയമസഭയില്‍ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ്‌ രാജഗോപാല്‍ തെരുവുനായ് പ്രശ്‌നത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.

തെരുവുനായ പ്രശ്‌നം; മേനകാ ഗാന്ധിയുടെ അഭിപ്രായം മാനിക്കേണ്ടതില്ലെന്ന്‌ ഒ രാജഗോപാല്‍

തെരു നായ്ക്കളെ കൊല്ലരുതെന്ന് ഏതെങ്കിലും കേന്ദ്രമന്ത്രി പറഞ്ഞാല്‍ അത് അതുപോലെ നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ്‌ രാജഗോപാല്‍ തെരുവുനായ് പ്രശ്‌നത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. തെരുവുനായ്ക്കളോടുള്ള മേനകാ ഗാന്ധിയുടെ നിലപാട് വ്യക്തിപരമാണ്. അത് മാനിക്കേണ്ടതില്ല- രാജഗോപാല്‍ പറഞ്ഞു.

തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി നേതാവ് മുരളീധരന്‍ രംഗത്ത് വന്നിരുന്നു. 'തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങള്‍ക്ക് എങ്ങനെയാണ് യോജിക്കാനാകുക?'യെന്നാണ് മുരളീധരന്‍ ചോദിച്ചത്.

കേന്ദ്ര സര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയായ മേനക ഗാന്ധി തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയ്യാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More >>