സിനിമയിലെ പാലം പൊളിക്കരുതെന്ന് നാട്ടുകാര്‍; ഒടുവില്‍ സംഭവിച്ചതോ?

പാലം തകരുന്നതാണ് ക്ലൈമാക്‌സ്. ഷൂട്ടിങ്ങിനുണ്ടാക്കിയ പാലം പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ വാശി പിടിച്ചാലോ? ഗാന്ധിമതി ബാലന്‍ എന്ന 'സംവിധായകരുടെ നിര്‍മ്മാതാവ്' അത്തരത്തില്‍ കടന്നു പോന്നിട്ടുള്ളത് അനേകം അനുഭവങ്ങളിലൂടെ; അദ്ദേഹമത് നാരദയുമായി പങ്കുവെച്ചു തുടങ്ങുന്നു

സിനിമയിലെ പാലം പൊളിക്കരുതെന്ന് നാട്ടുകാര്‍; ഒടുവില്‍ സംഭവിച്ചതോ?

ഗാന്ധിമതി ഫിലിംസ്, ഗാന്ധിമതി ഡിസ്ട്രിബ്യൂഷന്‍ എന്നിവയുടെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഒന്നു മനസിലാക്കിയാല്‍ മാത്രം മതി ഗാന്ധിമതി ബാലന്‍ ആരാണെന്ന് തിരിച്ചറിയാന്‍. മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, പഞ്ചവടിപ്പാലം, സുഖമോ ദേവി, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നിവ ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ചിലത് മാത്രമാണ്-

Panchavadi-Palam-images-b9ffe43e-a22d-4f30-9742-1f9f9fed56d

ഒട്ടേറെ നല്ല സിനിമകള്‍ ഇറങ്ങാന്‍ കാരണക്കാരനാണ് ബാലന്‍. മികച്ച സിനിമകള്‍ എന്ന് പില്‍ക്കാലത്ത് കീര്‍ത്തിയാര്‍ജ്ജിച്ച പല  സിനിമകളെടുക്കാന്‍ ഒരു കാലത്ത് വിതരണക്കാരെ ലഭിക്കുക പ്രയാസമായിരുന്നു. പകുതി വച്ചു നിന്നു പോവുകയോ, അല്ലെങ്കില്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിനു ശേഷം റിലീസ് ചെയ്യാന്‍ കഴിയാതിരുന്നവയായ പല സിനിമകളെയും അവയുടെ കലാമൂല്യം മനസിലാക്കി വെള്ളിത്തിരയില്‍ എത്തിച്ച ഒരാള്‍ക്ക് ഈ പദം തീര്‍ത്തും യോജ്യമാണ് - 'സംവിധായകരുടെ നിര്‍മ്മാതാവ്.'


ഒരു കഥ കേള്‍ക്കുകയും അതിന്റെ സംവിധായകനെയും കണ്ടെത്തിക്കഴിയുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് സര്‍വ്വസ്വാതന്ത്ര്യം നല്‍കുന്നതാണ് ബാലന്റെ രീതി. കൂടാതെ, അവര്‍ ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും മറുചോദ്യങ്ങള്‍ ഉയര്‍ത്താതെ നടപ്പിലാക്കി കൊടുക്കുകയും ചെയ്യും. ജയപരാജയങ്ങളില്‍ അമിതാവേശമില്ലാത്തതിനാല്‍ തന്നെ ഈ സംവിധായകരുമായുള്ള സൗഹൃദങ്ങള്‍ എക്കാലവും നിലനിര്‍ത്താനും ഗാന്ധിമതി ബാലന് സാധിക്കുന്നു.

'തിരക്കഥ' എന്ന തന്റെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വാക്കുകളില്‍ ചില നല്ല സിനിമകളുണ്ടാകുന്നതില്‍ ബാലന്‍ എന്ന നിര്‍മ്മാതാവിന്റെ പങ്ക് ഓര്‍മ്മിക്കപ്പെടുന്നുണ്ട് -

'ഒരു നല്ല സിനിമയുണ്ടാക്കുന്നതില്‍ തല്‍പ്പരരായ നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ ഇന്ന് വളരെ പ്രയാസമാണ്. ഗാന്ധിമതി ബാലനെ പോലെയുള്ള ഒരു നിര്‍മ്മാതാവിനെ ലഭിച്ചത് കൊണ്ടാണ് പത്മരാജന്‍, ഭരതന്‍ തുടങ്ങിയ പ്രതിഭകള്‍ക്ക് സ്വതന്ത്രമായി മലയാള സിനിമയ്ക്ക് ക്ലാസിക്കുകള്‍ സമ്മാനിക്കുവാന്‍ കഴിഞ്ഞത്. മികച്ച സിനിമകള്‍ക്ക് വേണ്ടി ഈ നിര്‍മ്മാതാക്കള്‍ എല്ലാ പിന്തുണകളും നല്‍കിയിരുന്നു. ഇന്ന് നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്ന് പരാതിയുണ്ടാകുന്നുവെങ്കില്‍ മലയാള സിനിമയില്‍ നല്ല നിര്‍മ്മാതാക്കള്‍ ഇല്ല എന്നും അതിന് അര്‍ത്ഥമുണ്ട്'

ഗാന്ധിമതി ബാലന്‍ ഏകദേശം 18 വര്‍ഷമായി ഈ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. അതിന് മറ്റു കാരണങ്ങള്‍ ഒന്നുമില്ല, ചിലരുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയും, തനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലാത്തത് പോലെയും തോന്നിയപ്പോള്‍ താല്‍കാലികമായി ഒന്നു മാറി നില്‍ക്കുന്നുവെന്ന് മാത്രം. അതിനര്‍ത്ഥം താന്‍ ഈ രംഗം പൂര്‍ണ്ണമായും അവസാനിപ്പിച്ചു എന്നല്ല. മടങ്ങാനുള്ള ദൂരം മാത്രമേ ഇപ്പോഴും സിനിമയുമായി തനിക്കുള്ളൂ എന്നും ബാലന്‍ പറയുന്നു.

ഗാന്ധിമതി ബാലന്റെ ഓര്‍മ്മകളില്‍ നിന്നും കൗതുകപ്പൂര്‍വ്വം പിടിച്ചെടുത്ത ഷൂട്ടിംഗ് കഥകളിലൂടെ സഞ്ചരിക്കുന്നതും ഒരു അനുഭവമാണ്! കഥകള്‍ പഴയതാകാം, പക്ഷെ ആ കഥകളില്‍ നിന്നും ജനിച്ച സിനിമകള്‍ അത്ര പഴയതല്ല..

ആദാമിന്റെ വാരിയെല്ലുമെടുത്ത് പഞ്ചവടി പാലത്തിലേക്ക്:

'ആദാമിന്റെ വാരിയെല്ല്' എന്ന കെ.ജി.ജോര്‍ജ്ജ് ചിത്രം മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന സിനിമയായിരുന്നു. ശ്രീവിദ്യ, സുഹാസിനി, സൂര്യ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടിയുമുണ്ട്. ജോര്‍ജ്ജേട്ടന്റെ സിനിമകള്‍ എല്ലാം ക്ലാസ്സ് സിനിമകള്‍ ആയിരിക്കും എന്ന മുന്‍ധാരണയില്‍ ഈ ചിത്രം എടുക്കാനും ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ലഭിക്കാത്ത സാഹചര്യമുണ്ടായി. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഞാനും ജോര്‍ജ്ജേട്ടനും അടുത്തു പരിചയപ്പെടുന്നത്.
"നല്ലൊരു സിനിമ ഞാന്‍ തരാം. പക്ഷെ അതിന്റെ കളക്ഷനെ കുറിച്ചൊന്നും എനിക്ക് പറയാന്‍ കഴിയില്ല. നല്ലൊരു പടമായിരിക്കും എന്ന് മാത്രം ഞാന്‍ ഉറപ്പ് തരാം. ബാലനെ പോലെയൊരാള്‍ ആ പടമെടുക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്,"

- കെ.ജി.ജോര്‍ജ്ജ് പറഞ്ഞ വാക്കുകളെ ബാലന്‍ ഓര്‍മ്മിക്കുന്നു.

14-kg-george

ജോര്‍ജ്ജേട്ടന്റെ വാക്കുകളെ മാനിച്ചു ഗാന്ധിമതി ബാലന്‍ ആ ചിത്രം ചിത്രാഞ്ജലിയില്‍ പോയി കണ്ടു. വളരെ ഇഷ്ടപ്പെട്ട ആ സിനിമ കളക്ഷന്‍ ഫാക്ടര്‍ നോക്കാതെ ഗാന്ധിമതി ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ശ്രമം ഫലം കാണാതെ പോയില്ല എന്ന് മാത്രമല്ല സിനിമ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന നേട്ടമായി മാറി. ജോര്‍ജ്ജേട്ടനുമായി നല്ലൊരു ബന്ധം സൃഷ്ടിക്കുവാനും ഇതുമൂലം ഗാന്ധിമതി ബാലന് സാധിച്ചു. ലോകത്തിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന മലയാളത്തിന്റെ ഏക സംവിധായകനാണ് കെ.ജി ജോര്‍ജ്ജ് എന്നും ബാലന്‍ പറയുന്നു. പരന്ന വായന സമ്മാനിച്ച അപാരജ്ഞാനമുള്ള ഒരു വ്യക്തിയാണ് ജോര്‍ജ്ജേട്ടന്‍.
"എനിക്കൊരു സറ്റയര്‍ സിനിമയെടുക്കണം. ഒരു മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരിക്കണമത്,"

ഒരിക്കല്‍ കെ.ജി. ജോര്‍ജ്ജ് ബാലനോട് പറഞ്ഞു.

താന്‍ സീരിയസ് കഥകള്‍ മാത്രമേ എടുക്കു എന്ന ധാരണ മാറ്റിയെടുക്കാനായിരുന്നു ജോര്‍ജ്ജേട്ടന്റെ ശ്രമം. അതിനു നല്ല ഹ്യൂമര്‍ ഉള്ള സബ്ജക്റ്റ് തന്നെ വേണം എന്ന് കെ.ജി.ജോര്‍ജ്ജ് ആഗ്രഹിച്ചു. പിന്നെ ഇവര്‍ ചേര്‍ന്ന് ഒരു സബ്‌ജെക്റ്റ് കണ്ടെത്താനുള്ള ശ്രമമായി. ഈ അന്വേഷണം ചെന്നെത്തിയത് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'പാലം അപകടത്തില്‍' എന്ന നോവലിലായിരുന്നു. വേളൂരും അദ്ദേഹത്തിന്‍റെ കുടുംബവുമായും നേരത്തെ തന്നെ വളരെയടുത്തു പരിചയമുണ്ടായിരുന്ന ബാലന്‍ അദ്ദേഹവുമായി സംസാരിച്ചു ഒരു വിലയ്ക്ക് ഈ കഥയും വാങ്ങി. അങ്ങനെ പഞ്ചവടിപ്പാലത്തിന് അവര്‍ ആഗ്രഹിച്ചതുപോലെ ഒരു കഥയായി. പിന്നീട് ഈ കഥയ്ക്കു കെ.ജി ജോര്‍ജ്ജ് സ്‌ക്രിപ്റ്റ് എഴുതി.

സംഭാഷണം ആരെക്കൊണ്ടെഴുതിക്കും എന്നായി അടുത്ത ചിന്ത. കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്റെ പേര് നിര്‍ദ്ദേശിക്കുന്നതും ജോര്‍ജ്ജേട്ടന്‍ തന്നെയാണ്. 'കുഞ്ചുക്കുറുപ്പ്' എന്ന കഥാപാത്രത്തിന്റെ ഹ്യുമര്‍സെന്‍സ് തന്നെയാണ് ഇങ്ങനെയൊരു നിര്‍ദ്ദേശമുണ്ടാകാനുള്ള ഒരു കാരണം. കുഞ്ചുക്കുറുപ്പിന്റെ കടുത്ത ആരാധകനാണ് ബാലനും! യേശുദാസുമായി ബന്ധപ്പെട്ടു ബാലന്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും ഈ സിനിമയ്ക്കായി ഉറപ്പിച്ചു.

അങ്ങനെ 'പഞ്ചവടി പാലത്തിന്റെ' പണി ആരംഭിക്കുകയായി.

[caption id="attachment_51702" align="aligncenter" width="548"]Bharat-Gopy-and-Srividya-in-Panchavadippaalam-1984 പഞ്ചവടിപ്പാലത്തില്‍ ഗോപിയും ശ്രീവിദ്യയും[/caption]

കോട്ടയത്തെ കുമരകത്തായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മീനച്ചില്‍ ആറിന്റെ കുറുകെ ഒരു ലൊക്കേഷന്‍ കണ്ടെത്തി അവിടെ ഒരു പാലം പണിയുകയും ചെയ്തു. പിന്നീട് പൊളിക്കാന്‍ വേണ്ടിയുള്ളതായതിനാല്‍ തന്നെ അത്ര ഉറപ്പിച്ചായിരുന്നില്ല പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണം. ആറോ ഏഴോ വലിയ തെങ്ങുകള്‍ ആറ്റില്‍ കുത്തിനാട്ടിയിട്ട് അതിനു ചുറ്റും പൈപ്പ് അടിച്ചിറക്കിയാണ് പാലത്തിന് വേണ്ടിയുള്ള തൂണ്‍ പണിതത്. അതിനു മുകളില്‍ ബലവത്തായി ഒരു അപ്പര്‍ സ്ട്രക്ചറും പണിതു. ഉറപ്പില്ലാത്ത ഫൗണ്ടേഷന്‍ ആയതിനാല്‍ പാലം എളുപ്പത്തില്‍ തകര്‍ന്നു വീഴുമെല്ലോ, അതിനാല്‍ ചിത്രീകരണവും എളുപ്പത്തിലാകും എന്നായിരുന്നു കണക്കുകൂട്ടലുകള്‍.

എന്നാല്‍ കാലത്തിന്‍റെ നിര്‍ണ്ണയം മറ്റൊന്നായിരുന്നു. കാലാവസ്ഥയ്ക്ക് പെട്ടെന്ന് മാറ്റമുണ്ടായി. മഴ പെയ്ത് ആറ്റില്‍ വെള്ളം ഉയര്‍ന്നു, തെങ്ങുംകുറ്റികള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു ചെളിയില്‍ നന്നായി ഉറച്ചു, പാലത്തിന് നല്ല ബലമായി. അങ്ങനെ പൊളിക്കാന്‍ വേണ്ടിയുണ്ടാക്കിയ പാലം പൊളിയാത്ത അവസ്ഥയായി. ഈ പാലം പൊളിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി. ജീവിതത്തിലാദ്യമായി അവര്‍ക്ക് അക്കരെയിക്കരെ ഇറങ്ങാന്‍ ലഭിച്ച പാലമാണ്. അത് സര്‍ക്കാര്‍ പണിതുയര്‍ത്തിയ പാലമായിരുന്നു എന്നായിരുന്നു അവരുടെ ധാരണ. സമരങ്ങളായി, പ്രക്ഷോഭങ്ങളായി. ആരെന്തു പറഞ്ഞാലും അവര്‍ ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നില്ല.

ഒടുവില്‍ ഇപ്പോഴത്തെ ഏറ്റുമാനൂർ എംഎൽഎയും കോട്ടയത്തെ മുൻ എംപിയുമായ സുരേഷ്‌ കുറുപ്പ് ഇടപെട്ടിട്ടാണ് കാര്യങ്ങള്‍ ശാന്തമാക്കിയത്. അദ്ദേഹമന്ന് ഡിവൈഎഫ്‌ഐ നേതാവാണ്. ഇത് സിനിമയുടെ ഷൂട്ടിംഗിനായി ഉണ്ടാക്കിയ പാലമാണ് എന്ന് സുരേഷ് കുറുപ്പ് അവരെ പറഞ്ഞു മനസിലാക്കി. അങ്ങനെ ഷൂട്ടിംഗ് തുടരാം എന്നായി കാര്യങ്ങള്‍.

പക്ഷെ പാലം പൊളിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. അടി തട്ടിയാല്‍ മറിഞ്ഞു വീഴും എന്ന് കരുതി പണിത പാലം പ്രത്യേക ടെക്‌നോളജി ഉപയോഗിച്ചു താഴെ നിന്നും പകുതി അറുത്തുവച്ചും കപ്പിയും കയറുമിട്ട് വലിച്ചും താഴെ നിന്നും പൊട്ടിച്ചുമാണ് തകര്‍ക്കാന്‍ കഴിഞ്ഞത്. പാലം പണിയുന്നതിലും അധികം പ്രയാസകരമായിരുന്നു അത് തകര്‍ക്കുവാന്‍.

[caption id="attachment_51703" align="alignleft" width="241"]K.SureshKurup കെ. സുരേഷ് കുറുപ്പ്‌[/caption]

ഈ സാഹചര്യങ്ങള്‍, ഷൂട്ടിംഗ് നീണ്ടു പോകാനും കാരണമായി. പല ആര്‍ട്ടിസ്റ്റുകളും അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിച്ചു. സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രവുമായി ബന്ധപ്പെട്ടു നെടുമുടി വേണു അപ്പോള്‍ ഡേറ്റ് നല്‍കിയിട്ടുണ്ടായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ടു വിദേശത്തു പോകാനായി ആ ചിത്രത്തിന്റെ ക്രൂ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് നെടുമുടി വേണു എത്തിയിട്ടില്ല എന്ന കാര്യം സത്യന്‍ അന്തിക്കാട് മനസിലാക്കുന്നത്. അദ്ദേഹം നെടുമുടി വേണുവിനെ ഫോണില്‍ ബന്ധപ്പെട്ടു. പഞ്ചവടിപ്പാലത്തിന്റെ ഷൂട്ടിംഗ് കഴിയാതെ തനിക്ക് വരാന്‍ കഴിയില്ല എന്ന വേണുവിന്റെ മറുപടി സത്യന് അസ്വസ്ഥത ഉണ്ടാക്കിയതില്‍ തെറ്റ് പറയാന്‍ കഴിയില്ലല്ലോ. ആ പരിഭവം കുറെ വര്‍ഷങ്ങള്‍ നീണ്ടു; ഏകദേശം 13 വര്‍ഷത്തോളം അവര്‍ തമ്മില്‍ സിനിമകള്‍ ചെയ്തില്ല. മീനച്ചിലാറ്റില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന ആ വെള്ളമുണ്ടാക്കിയ പരിഭവം!

ആ പാലം പോലെ തന്നെയായി പഞ്ചവടിപ്പാലം സിനിമയുടെ ഭാവിയും. ഇന്നും രാഷ്ട്രീയ ആക്ഷേപഹാസ്യ ഗണത്തില്‍ 'പഞ്ചവടിപ്പാലം' മലയാളസിനിമാ പ്രേക്ഷകരുടെ ആസ്വാദനത്തില്‍ മായാതെ നില്‍ക്കുന്നു. ഐരാവതക്കുഴി പഞ്ചായത്തും ദുശാസ്സനക്കുറുപ്പും മണ്ഡോദരിയമ്മയും ശിഖണ്ഡിപ്പിള്ളയും പഞ്ചവടി റാഹേലും ഇസഹാക്ക് തരകനും യൂദാസ് കുഞ്ഞും അടക്കം കുറെ 'വിവരംകെട്ട' ജനപ്രതിനിധികളുമായി പഞ്ചവടിപ്പാലം ഇന്നും തകര്‍ന്നിട്ടില്ല എന്ന് കാലവും തെളിയിക്കുന്നു.

(തുടരും)

Read More >>