പാലിയേക്കര സമാന്തര പാത നാട്ടുകാര്‍ തുറന്നു; നടപ്പിലായത് രണ്ടു വര്‍ഷം മുൻപുള്ള ഉത്തരവെന്ന് ജോയ് കൈതാരം

രണ്ടു ദിവസം മുമ്പ് പാത തുറന്നു കൊടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു

പാലിയേക്കര സമാന്തര പാത നാട്ടുകാര്‍ തുറന്നു; നടപ്പിലായത് രണ്ടു വര്‍ഷം മുൻപുള്ള ഉത്തരവെന്ന് ജോയ് കൈതാരം

തൃശൂര്‍: പാലിയേക്കര മണലിയില്‍ ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര പാത നാട്ടുകാര്‍ തുറന്നു. ശനിയാഴ്ച്ച പഴയ ദേശീയ പാതയിലെ തടസ്സങ്ങള്‍ നാട്ടുകാര്‍ പൊളിച്ചു മാറ്റിയത്. ദേശീയ പാതയില്‍ നിന്ന് സമാന്തര പാതയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഭാഗത്തെ മൂന്നു ഇരുമ്പു തൂണുകള്‍ പൂര്‍ണമായും അറുത്തുമാറ്റി. മറുവശത്തുണ്ടായിരുന്ന കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരുന്ന ഒരു റെയിലിന്റെ അടിഭാഗവും ഭാഗികമായി അറുത്തു മാറ്റിയിട്ടുണ്ട്. തടസം നീങ്ങിയതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ ഈ വഴി കടന്നു പോകാന്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, സുജിത്ത് ഇടശ്ശേരി എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ് പാത തുറന്നു കൊടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ശനിയാഴ്ച്ച സ്ഥലത്തെത്തിയിരുന്നു

ടോള്‍ പിരിവ് ആരംഭിച്ചതോടെ സമാന്തര പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് തടയാനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോള്‍ കമ്പനി സമാന്തര പാത അടച്ചത്. കോടതി വിധിയുടെ മറവിലായിരുന്നു ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നത്. സമാന്തരപാതയിലുള്ള കലുങ്കിൽ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും ടോള്‍ കമ്പനി കോടതിയെ ബോധിപ്പിച്ചിരുന്നു.

സമാന്തര പാത തുറക്കാൻ രണ്ടു വർഷം മുൻപു തന്നെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്ന് ജോയ് കൈതാരത്ത് നാരദ ന്യൂസിനോട് പറഞ്ഞു. ഈ ഉത്തരവ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫ് സർക്കാർ വന്ന ശേഷം സമാന്തര പാത തുറന്നു കിട്ടാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചപ്പോഴാണ് ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതെന്ന് ജോയ് കൈതാരത്ത് പറഞ്ഞു. തുറന്ന പാത അടച്ചു പൂട്ടാനുള്ള വഴിയുമായി കമ്പനി മുന്നോട്ടു പോകുമെന്നും കൈതാരത്ത് പറഞ്ഞു.

ടോള്‍ കമ്പനി ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് 2014ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരവധി സ്വകാര്യ വ്യക്തികളും സംഘടനകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കേസ് ഇതുവരെയും പരിഗണിച്ചിരുന്നില്ല. ഇതിനിടയിലാണ് കളക്ടറുടെ പൊളിച്ചു മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയത്. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് കൊടുത്ത ഹര്‍ജികള്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്.

പാത തുറന്നതോടെ തൃശൂര്‍ ഭാഗത്തെയ്ക്ക് പോകുന്ന വാഹനങ്ങള്‍ മണലി യു ടേണില്‍ നിന്ന് തിരിഞ്ഞ് ഇതുവഴി പാലിയേക്കര മേല്‍പ്പാലത്തിന് താഴെയെത്താം. ചാലക്കുടി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഇതേ വഴിയിലൂടെ തന്നെ ടോള്‍ നല്‍കാതെ മണലിയിലെത്താം.
മണലി ഭാഗത്ത് നിന്നും പുലക്കാട്ടുകരയിലേക്ക് പോകുന്ന വഴിയാണ് ടോള്‍ കമ്പനി വലിയ ഇരുമ്പ് റെയില്‍ പ്ലെയ്റ്റുകള്‍ ഉപയോഗിച്ച് കെട്ടിയാണ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നത്. ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന തരത്തിലാണ് റെയിലുകള്‍ സ്ഥാപിച്ചിരുന്നത്. വാഹനങ്ങള്‍ തിങ്ങി ഞെരുങ്ങി കടന്നു പോകുമ്പോള്‍ ഇവിടെ അപകടങ്ങളും പതിവായിരുന്നു